കാസര്‍കോട് കലക്ടറേറ്റില്‍ പഞ്ചിംഗ് സംവിധാനം അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം
Jun 17, 2014, 18:30 IST
കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്
കാസര്‍കോട്: (www.kasargodvartha.com 17.06.2014) കാസര്‍കോട് കലക്ടറേറ്റില്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്ന പഞ്ചിംഗ് സംവിധാനം അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം. കലക്ടറേറ്റിലെ മൂന്ന് ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന 55 ഓളം ഓഫീസുകളിലാണ് പഞ്ചിംഗ് നടപ്പിലാക്കുന്നത്. പ്രഭാകരന്‍ കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് കലക്ടറേറ്റില്‍ പഞ്ചിംഗ് നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. 10 ലക്ഷം രൂപയാണ് ഇതിനുള്ള ചിലവ്.
സിവില്‍ സ്‌റ്റേഷനിലെ രണ്ടായിരത്തോളം ജീവനക്കാര്‍ക്കാണ് ജൂലൈ ഒന്ന് മുതല്‍ പഞ്ചിംഗ് സംവിധാനം നടപ്പിലാക്കുന്നതെന്ന് ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കേരള ഇലക്ട്രോണിക് ഡെവലപ്‌മെന്റ് കോര്‍പറേഷനാ (കെല്‍ട്രോണ്‍) ണ് പഞ്ചിംഗ് സംവിധാനം ഒരുക്കുന്നത്.
സിവില്‍ സ്‌റ്റേഷനിലെ മുഴുവന്‍ ജീവനക്കാരുടെയും ഫോട്ടോയും വിരലടയാളങ്ങളും മറ്റ് വിവരങ്ങളും മാസങ്ങള്‍ക്ക് മുമ്പ് തന്നെ കെല്‍ട്രോണ്‍ ഉദ്യോഗസ്ഥര്‍ എടുത്തിരുന്നു. ഇവരുടെയെല്ലാം പഞ്ചിംഗ് കാര്‍ഡുകള്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. 90 ശതമാനം ജീവനക്കാരുടെയും കാര്‍ഡുകള്‍ തയ്യാറായിട്ടുണ്ട്. ബാക്കിയുള്ളവരുടെ കാര്‍ഡുകള്‍ ഉടന്‍ തയ്യാറാക്കി ജൂലൈ ഒന്ന് മുതല്‍ തന്നെ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.
അതിനിടെ പഞ്ചിംഗ് സംവിധാനം അട്ടിമറിക്കാനുള്ള ഗൂഢ നീക്കം ഉദ്യോഗസ്ഥ തലത്തില്‍ തന്നെ ഇതിനകം ആരംഭിച്ചിട്ടുണ്ട്. മൂന്ന് ഓഫീസുകളെ പഞ്ചിംഗ് സംവിധാനത്തില്‍ നിന്നും ഒഴിവാക്കാണ് തീരുമാനം എന്നാണ് അറിയുന്നത്. ജില്ലാ ആസൂത്രണ വിഭാഗം, ടൗണ്‍ പ്ലാനിംഗ്, ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്‌മെന്റുകളെ പഞ്ചിംഗിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കാനാണ് തീരുമാനമെന്നാണ് സൂചന.
കലക്ടറേറ്റ് കോംപൗണ്ടില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ജില്ലാ പഞ്ചായത്ത് ഓഫീസിനെയും പഞ്ചിംഗിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ നിരവധി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശുചിത്വം, ദാരിദ്ര നിര്‍മാര്‍ജനം, യുവജന ക്ഷേമം, സാക്ഷരത, എഞ്ചിനീയറിംഗ് വിഭാഗം, ജലനിധി തുടങ്ങിയ ഓഫീസുകളാണ് ജില്ലാ പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഈ വിഭാഗത്തിനൊന്നും തന്നെ പഞ്ചിംഗ് നടപ്പാക്കുന്നില്ല. കുറച്ചുപേരെ മാത്രം പഞ്ചിംഗിന്റെ പരിധിയില്‍ വരുത്തുകയും കുറച്ചുപേരെ ഒഴിവാക്കുകയും ചെയ്യുന്നത് ഇപ്പോള്‍ തന്നെ ജീവനക്കാരില്‍ മുറുമുറുപ്പിന് കാരണമായിട്ടുണ്ട്.
55 ഓളം പഞ്ചിംഗ് മെഷീനുകള്‍ ഇതിനകം കലക്ടറേറ്റില്‍ ഒരുക്കിക്കഴിഞ്ഞു. കാര്‍ഡ് എത്തുന്നതോടെ ഇവയുടെ പ്രവര്‍ത്തനം ആരംഭിക്കും. ജോലിക്ക് വരുന്നവരുടെയും, പോകുന്നവരുടെയും കൃത്യമായ വിവരങ്ങള്‍ കലക്ടറുടെ ഓഫീസില്‍ ലഭിക്കും. ആര്‍ക്കും ജോലിക്കിടയില്‍ മുങ്ങാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകും. ഇത് മുന്നില്‍ കണ്ടാണ് പദ്ധതി അട്ടിമറിക്കാനുള്ള ഗൂഢ നീക്കം ആരംഭിച്ചിട്ടുള്ളത്. തിരുവനന്തപുരം സെക്രട്ടേറിയറ്റില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പഞ്ചിംഗ് നടപ്പിലാക്കി പരാജയപ്പെട്ടതാണെന്ന് ചില ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. മൊത്തം ജീവനക്കാരില്‍ പത്തോ, പതിനഞ്ചോ ശതമാനം ജീവനക്കാര്‍ മാത്രമാണ് ജോലിക്കിടെ മുങ്ങുകയും, കൃത്യമായി ജോലിക്ക് ഹാജരാകാതിരിക്കുകയും ചെയ്യുന്നതെന്ന് ജീവനക്കാര്‍ക്കിടയിലുള്ളവര്‍ തന്നെ പറയുന്നു.
മുങ്ങുന്നവരില്‍ കൂടുതലും അന്യജില്ലക്കാര്‍
മറ്റ് ജില്ലക്കാരായ ഉദ്യോഗസ്ഥരാണ് ഇത്തരത്തില്‍ കൃത്യമായി ഓഫീസില്‍ വരാതെ മുങ്ങുന്നത്. പ്രമോഷന്‍ ലഭിച്ചും നടപടി നേരിട്ടും എത്തുന്ന മറ്റ് ജില്ലക്കാരായ ഉദ്യോഗസ്ഥരാണ് മുങ്ങുന്നവരില്‍ കൂടുതല്‍. ശമ്പളം വാങ്ങാന്‍ മാത്രം ഓഫീസില്‍ വരുന്ന ഉദ്യോഗസ്ഥര്‍ പോലും ഇക്കൂട്ടത്തില്‍ ഉണ്ടെന്നും ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
പഞ്ചിംഗ് അട്ടിമറിക്കുന്നതിന് തിരുവനന്തപുരത്തും, മറ്റ് അനുബന്ധ ഓഫീസുകളിലും യോഗത്തില്‍ സംബന്ധിക്കുന്നതിനും, രേഖകള്‍ ഹാജരാക്കുന്നതിനും പോകുന്നുവെന്ന് പറഞ്ഞ് വ്യാജ രേഖകള്‍ ഉണ്ടാക്കുമെന്നും ഇതുവഴി സര്‍ക്കാരിന് അധിക ചിലവ് വരാനാണ് സാധ്യതയെന്നും ജീവനക്കാരില്‍ ചിലര്‍ പറയുന്നു. അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിരുവനന്തപുരത്തെ ഓഫീസുകളില്‍ ശക്തമായ സ്വാധീനം ഉണ്ടെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു.
യോഗത്തിലും, മറ്റും പോകുന്നതിന് ടി.എ. എഴുതിയെടുക്കാനും അവസരം ലഭിക്കും. വ്യാജ രേഖയുണ്ടാക്കി ലീവെടുത്ത് വീട്ടിലേക്ക് പോകുന്നവര്‍ക്ക് അവധിയും ഒപ്പം ടി.എയും ശമ്പളവും ലഭിക്കുമെന്നതാണ് ഉണ്ടാകാന്‍ പോകുന്നതെന്നും ജീവനക്കാര്‍ക്കിടയിലുള്ളവര്‍ തന്നെ പറയുന്നു.
കെ.എസ്.ആര്‍.ടി.സി വേണ്ട, സര്‍ക്കാര്‍ വണ്ടി വേണം
വകുപ്പ് തലവന്‍മാര്‍ തന്നെ ഓഫീസില്‍ കൃത്യമായി വരാതെ മുങ്ങുന്നതാണ് മറ്റ് ജീവനക്കാര്‍ക്ക് കൂടി മുങ്ങാന്‍ പ്രചോദനമാകുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. രാവിലെയും, വൈകിട്ടും പ്രധാന ഉദ്യോഗസ്ഥരെല്ലാം സര്‍ക്കാരിന്റെ വാഹനം ദുരുപയോഗം ചെയ്താണ് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഓഫീസിലെത്തുന്നതും തിരിച്ചു പോകുന്നതും.
രാവിലെ റെയില്‍വേ സ്‌റ്റേഷനില്‍ എത്തുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ കെ.എസ്.ആര്‍.ടി.സി രണ്ടും, മൂന്നും ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ ഇതിലൊന്നും കയറാതെ സ്വന്തം ഡിപ്പാര്‍ട്‌മെന്റിന്റെ കാറിലും മറ്റ് വാഹനങ്ങളിലും മാത്രമേ പോകൂ എന്ന നിര്‍ബന്ധമാണ് ചില വകുപ്പ് മേധാവികള്‍ക്ക് ഉള്ളത്. സര്‍ക്കാറിന് കനത്ത നഷ്ടമാണ് ഇവര്‍ വരുത്തിവെക്കുന്നത്.
വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനുള്ള നടപടിയും പഞ്ചിംഗിനോടൊപ്പം ഏര്‍പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Keywords : Kasaragod, Collectorate, District Collector, Employees, KSRTC-bus, Punching System, Civil Station.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067