Court | എംഡിഎംഎ കേസിൽ ജാമ്യത്തിന് പ്ലകാർഡ് പിടിച്ച് നിൽക്കണമെന്ന വ്യവസ്ഥ: ഇളവ് തേടി പ്രതി നൽകിയ അപീലിൽ പൊലീസിനോട് വിശദീകരണം തേടി

● കോടതി അഞ്ചു ദിവസം പ്ലകാർഡുമായി കവലയിൽ നിൽക്കാൻ ഉത്തരവിട്ടിരുന്നു
● രാവിലെ ഒമ്പതു മുതൽ ഒരു മണി വരെ നിൽക്കണമെന്നായിരുന്നു വ്യവസ്ഥ
● ഇതിൽ ഇളവ് തേടിയാണ് കോടതിയെ സമീപിച്ചത്
കാസർകോട്: (KasargodVartha) എംഡിഎംഎ കേസിൽ അറസ്റ്റിലായി റിമാൻഡിലായിരുന്ന പ്രതി, ജാമ്യം ലഭിക്കുന്നതിന് കോടതി മുന്നോട്ടുവെച്ച വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് ജില്ലാ കോടതിയിൽ നൽകിയ അപീൽ ഹർജി പരിഗണിച്ച കാസർകോട് ജില്ലാ കോടതി ഹൊസ്ദുർഗ് പൊലീസിനോട് വിശദീകരണം തേടി. ബുധനാഴ്ച റിപോർട് നൽകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. പൊതുജനമധ്യത്തിൽ അഞ്ചു ദിവസം ലഹരിക്കെതിരെ പ്ലകാർഡുമായി നിൽക്കണമെന്ന ജാമ്യവ്യവസ്ഥ റദ്ദാക്കണമെന്നാണ് പ്രതിയുടെ ആവശ്യം.
ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ സഫ്‌വാൻ (29) ആണ് കോടതിയെ സമീപിച്ചത്. 2024 മെയ് 18ന് ഹൊസ്ദുർഗ് പൊലീസ് 3.06 ഗ്രാം എംഡിഎംഎയുമായി സഫ്‌വാനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് എട്ടു മാസത്തോളമായി കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്നു. പലപ്രാവശ്യം ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും കോടതി നിരസിച്ചിരുന്നു. കഴിഞ്ഞ ജനുവരി 16ന് ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് കോടതി ശ്രദ്ധേയമായ ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
'നിങ്ങൾ മദ്യവും ലഹരിയും വർജിക്കുക, ലഹരിവഴി നിങ്ങൾക്ക് നഷ്ടമാകുന്നത് നിങ്ങളെയും നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബത്തെയുമാണ്' എന്ന് എഴുതിയ പ്ലകാർഡ് പിടിച്ച് അഞ്ചു ദിവസം പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തണമെന്നായിരുന്നു കോടതി ഉത്തരവിട്ടത്. ഹൊസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ നിർദേശിക്കുന്ന സ്ഥലത്തുവേണം അഞ്ചു ദിവസവും നിൽക്കാനെന്നും കോടതി വ്യക്തമാക്കിയിരുന്നു.
എല്ലാ ദിവസവും രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നിൽക്കണമെന്നായിരുന്നു ഉപാധി. ആഴ്ചയിൽ ഒരു ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും കോടതി ആവശ്യപ്പെട്ടിരുന്നു. പ്രതി പ്ലകാർഡ് പിടിച്ചുനിൽക്കുന്ന വീഡിയോ ചിത്രീകരിച്ച് കോടതിക്ക് നൽകണമെന്ന് പൊലീസിന് നിർദേശം നൽകിയിരുന്നു.
ഈ ജാമ്യവ്യവസ്ഥ കടുത്ത നടപടിയാണെന്ന് കാസർകോട് ജില്ലയുടെ ചുമതല വഹിക്കുന്ന ഹൈകോടതി ജഡ്ജ് വാക്കാലെ ജില്ലാ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായാണ് അറിയാൻ കഴിയുന്നത്. ജഡ്ജിന്റെ നിർദേശപ്രകാരമാണ് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി പ്രതിക്ക് വേണ്ടി അഭിഭാഷകൻ അപീൽ നൽകിയിരിക്കുന്നത്. ജാമ്യവ്യവസ്ഥ പാലിക്കുന്നത് സംബന്ധിച്ച് റിപോർട് നൽകുന്ന കാര്യത്തിൽ കാത്തിരിക്കണമെന്ന് ജില്ലാ ജഡ്ജ് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെയാണ് പൊലീസിനോട് വിശദീകരണം തേടിയിരിക്കുന്നത്.
An accused in an MDMA case has appealed to the district court seeking relaxation in the bail condition imposed by the court, which mandated him to stand in public with a placard against drugs for five days.
#MDMA #Bail #Court #Kerala #Drugs #Kasargod