വഖഫ് രജിസ്‌ട്രേഷനിൽ കേന്ദ്രം ലക്ഷ്യം വെക്കുന്നത് ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കാൻ: പി.കെ കുഞ്ഞാലിക്കുട്ടി
● ബി.ജെ.പി സർക്കാർ കൊണ്ടുവരുന്ന നിയമങ്ങൾ ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കുന്നു.
● മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് സച്ചാർ കമ്മീഷനിലൂടെ ന്യൂനപക്ഷങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിച്ചു.
● എസ്.ഐ.ആർ പോലുള്ള കാര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കുന്നത് വോട്ടുകൾ തള്ളാൻ വേണ്ടിയാണ്.
● വിഷയത്തിൽ മുസ്‌ലിം ലീഗ് ജാഗ്രതയോടെ ഇടപെട്ടിട്ടുണ്ട്.
കാസർകോട്: (KasargodVartha) കേന്ദ്ര സർക്കാറിൻ്റെ പുതിയ വഖഫ് നിയമത്തിൻ്റെ ഭാഗമായി രാജ്യത്തെ വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥ പാലിച്ച കർണാടക സർക്കാരിനെ അഭിനന്ദിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കർണാടകയിലെ മുഴുവൻ വഖഫ് സ്വത്തുക്കളും പോർട്ടലിൽ അപ്‌ലോഡ് ചെയ്ത നടപടി 'അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണെ'ന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന സമയം നോക്കി എസ്.ഐ.ആർ അഥവാ, താമസക്കാരുടെ തന്ത്രപരമായ തിരിച്ചറിയൽ, വഖഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷൻ കൊണ്ടുവന്നത് ദുരുദ്ദേശപരമാണെന്ന് കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൻ്റെ കാണാപ്പുറങ്ങളെക്കുറിച്ചും കേന്ദ്ര വഖഫ് നിയമപ്രകാരം വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനെക്കുറിച്ചും വിശദീകരിക്കുന്നതിനും സംശയ നിവാരണത്തിനുമായി മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പ്രത്യേക കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് രാജ്യവും വിവിധ സംസ്ഥാനങ്ങളും ഭരിച്ചപ്പോൾ എല്ലാവർക്കും തുല്യ നീതി ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ കൊണ്ടുവരുന്ന ഓരോ നിയമവും ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഭരണത്തിലിരുന്നപ്പോൾ സച്ചാർ കമ്മീഷനിലൂടെ ന്യൂനപക്ഷങ്ങൾക്ക് നിരവധി വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നു.
എന്നാൽ മോദി സർക്കാർ എസ്.ഐ.ആർ, വഖഫ് രജിസ്‌ട്രേഷൻ തുടങ്ങിയവ കൊണ്ടുവന്ന് ന്യൂനപക്ഷങ്ങളെ പുറത്തു നിർത്താനുള്ള തന്ത്രമാണ് പ്രയോഗിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എസ്.ഐ.ആർ പോലുള്ള വിഷയങ്ങൾ സമയം നൽകി സാവകാശം ചെയ്യേണ്ട കാര്യമാണ്. 'വേഗം വേഗം' എന്ന് പറഞ്ഞ് യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കാൻ പറയുന്നത് ബീഹാറിൽ ഉണ്ടായതുപോലെ പലരുടെയും വോട്ടുകൾ തള്ളാൻ വേണ്ടിയാണ്. ഈ രണ്ട് കാര്യങ്ങളിലും മുസ്‌ലിം ലീഗ് ജാഗ്രതയോടെ ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടക വഖഫ്, ന്യൂനപക്ഷ, ഹൗസിംഗ് വകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാൻ സ്വാഗതം പറഞ്ഞു. സയ്യിദ് ഹാദി തങ്ങൾ പ്രാർത്ഥന നടത്തി. പ്രമുഖ നിയമ വിദഗ്ധനും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. മുഹമ്മദ് ഷാ വിഷയാവതരണം നടത്തി.

മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, എ.കെ.എം അഷ്റഫ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി നൗഷാദ് അലി, കർണ്ണാടക പി.സി.സി വൈസ് പ്രസിഡൻ്റ് ഇനായത്ത് അലി, മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ പി.എം മുനീർ ഹാജി, സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ വാർക്കിംഗ് സെക്രട്ടറി ചെങ്കള അബ്ദുല്ല ഫൈസി, സെക്രട്ടറി സിദ്ദീഖ് നദ്‌വി ചേരൂർ, മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് അബ്ദുൽ മജീദ് ബാഖവി, മുഹിമ്മാത്ത് ജനറൽ സെക്രട്ടറി ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കെ.എൻ.എം ജില്ലാ സെക്രട്ടറി എ.പി സൈനുദ്ധീൻ, കെ.എൻ.എം മാർക്കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി അബ്ദുൽ റൗഫ് മദനി, ജമാഅത്തെ ഇസ്‌ലാമി ജില്ലാ സെക്രട്ടറി ഷഫീഖ് നസ്റുള്ള, എസ്.എം.എഫ് ജില്ലാ ജനറൽ സെക്രട്ടറി എ.പി.പി കുഞ്ഞഹമ്മദ് ചന്തേര, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ കൺവീനർ ഇംതിയാസ്, എം.ഇ.എസ് ജില്ലാ സെക്രട്ടറി ആരിഫ് കാപ്പിൽ, എം.എസ്.എസ് ജില്ലാ പ്രസിഡൻ്റ് വി.കെ.പി ഇസ്‌മായിൽ ഹാജി, ഇമേജ് കാസർകോട് സെക്രട്ടറി അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, കെ.ഇ.എ ബക്കർ, എ.എം കടവത്ത്, ടി.എ മൂസ, അബ്ദുൽ റഹ്‌മാൻ വൺ ഫോർ, എം. അബ്ബാസ്, എ.ബി ശാഫി, ടി.സി.എ റഹ്‌മാൻ, അബ്ദുല്ല കുഞ്ഞി ചെർക്കള, ബഷീർ വെള്ളിക്കോത്ത് എന്നിവർ കൺവെൻഷനിൽ പങ്കെടുത്തു.
ഈ വിഷയത്തെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്? കമൻ്റ് ചെയ്യുക. വാർത്ത സുഹൃത്തുക്കളുമായി പങ്കുവെക്കൂ.
Article Summary: PK Kunhalikutty criticizes BJP's Waqf and SIR move during Kerala local polls, calling it malicious and praising Karnataka.
#PKKunhalikutty #WaqfAct #SIR #KeralaPolitics #MuslimLeague #BJP






