city-gold-ad-for-blogger

എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ പ്രത്യേക പരിരക്ഷ ഉറപ്പാക്കും: മുഖ്യമന്ത്രി

കാസര്‍കോട്: (www.kasargodvartha.com 04/11/2016) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍ സര്‍ക്കാരിന്റെ പ്രത്യേക പരിരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചു. പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ മഹാത്മാ മാതൃകാ ബഡ്‌സ് സ്‌കൂള്‍ കെട്ടിടോദ്ഘാടനവും മലയാള മനോരമയുടെ സ്‌നേഹക്കൂട് സമര്‍പ്പണവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാളെയുടെ പ്രതീക്ഷയായ കുരുന്നുകളിലാണ് എന്‍ഡോസള്‍ഫാന്‍ പരുക്കേല്പിച്ചത്. സര്‍ക്കാരിന്റെ സമാശ്വാസ പദ്ധതികള്‍ക്ക് 10 കോടി രൂപ ഇത്തവണത്തെ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ദുരിതമേഖലകളിലെ റവന്യൂ റിക്കവറിക്ക് ഒരു വര്‍ഷത്തേക്കുകൂടി മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍ന്നങ്ങോട്ട് വേണ്ടിവരുന്ന നടപടികളില്‍ യഥാസമയം തീരുമാനമെടുക്കുന്നതാണ്.

എന്‍മകജെ, പരപ്പ, പുല്ലൂര്‍ വില്ലേജുകളില്‍ 108 വീടുകള്‍ നിര്‍മ്മിക്കുന്നതിന് 15 ഏക്കര്‍ റവന്യൂ ഭൂമി സത്യസായി ട്രസ്റ്റിനു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ട്രസ്റ്റിന്റെ ആശ്വാസ നടപടികള്‍ വിപുലമാക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ സെല്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. അത് ഈ മാസം തന്നെ പൂര്‍ത്തിയാക്കുന്നതാണ്. നബാര്‍ഡിന്റെ ആര്‍.ഐ.സി.എഫ് പദ്ധതിയില്‍പ്പെടുത്തി സ്‌പെഷ്യല്‍  പാക്കേജ് ആയാണ് മാതൃകാ ബഡ്‌സ് സ്‌കൂള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഇതിന് കാസര്‍കോട് എം.പി യുടെ പ്രത്യേക ശ്രദ്ധയുണ്ടായി. കുഞ്ഞുങ്ങളുടെ സമഗ്ര വികസന പദ്ധതിയായ സ്‌നേഹക്കൂട്  മാതൃകാ  പരമായ സമര്‍പ്പണമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത് മറ്റുള്ളവര്‍ക്കും പിന്തുടരാവുന്ന മാതൃകയാണ്. ജീവികളും സസ്യജാലങ്ങളും ഒടുവില്‍ മനുഷ്യനും ഇരയായ വിഷമരുന്നിന്റെ ദുരന്തത്തിന് അതിജീവനം അനിവാര്യമാണ്. ഭിന്നശേഷിയുള്ള കുട്ടികളുടെ പഠനത്തിന് ഏകീകൃത സിലബസിന് സര്‍ക്കാര്‍ പദ്ധതിയൊരുക്കുന്നതാണ്.

ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ സര്‍ക്കാരിനുവേണ്ടി സ്‌നേഹക്കൂട് പ്രവര്‍ത്തന രേഖ ഏറ്റുവാങ്ങി. സ്‌നേഹക്കൂട് പദ്ധതി ആസൂത്രണം ചെയ്ത ഡോ.മുഹമ്മദ് ഷക്കീല്‍, ആര്‍ക്കിടെക്റ്റ് പത്മശ്രീ ശങ്കറിനുവേണ്ടി അജിത്, തദ്ദേശ സ്വയംഭരണ വിഭാഗം എക്‌സി. എഞ്ചിനിയര്‍ ഷംസുദ്ദീന്‍, അധ്യാപിക ദീപ പേരൂല്‍ എന്നിവര്‍ മന്ത്രിയില്‍ നിന്നും സ്‌നേഹമുദ്ര ഉപഹാരം ഏറ്റുവാങ്ങി. കുട്ടികള്‍ക്കും വൃദ്ധജനങ്ങള്‍ക്കും സര്‍ക്കാരിന്റെ ശ്രദ്ധയോടെയുള്ള പരിഗണന ഉറപ്പാക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. 6 കോടി രൂപ ബഡ്‌സ് സ്‌കൂളിനും വൃദ്ധക്ഷേമത്തിനുമായി ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ചടങ്ങില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മനോരമ മാനേജിംഗ് എഡിറ്റര്‍ ജേക്കബ്ബ് മാത്യു സമര്‍പ്പണ ഭാഷണം നടത്തി. എം.രാജഗോപാലന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ഗൗരി, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ സ്വാഗതവും പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ എസ് നായര്‍ നന്ദിയും പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ പ്രത്യേക പരിരക്ഷ ഉറപ്പാക്കും: മുഖ്യമന്ത്രി

Keywords:  Kasaragod, Kerala, Endosulfan, pullur-periya, Pinarayi-Vijayan, Pinarayi Vijayan on Endosulfan issues.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia