'ക്യാപ്‌റ്റൻ' മൊഗ്രാലിൽ, അതിരില്ലാത്ത ആവേശം; പൗരത്വത്തിന്റെ പേര് പറഞ്ഞാണ് നിർമിക്കുന്നതെങ്കിലും ഗവണ്മെന്റിനെതിരെ ആരൊക്കെയുണ്ടോ അവരൊക്കെ ഡിറ്റക്ഷൻ കേന്ദ്രത്തിൽ എത്താമെന്ന് പിണറായി വിജയൻ
കുമ്പള: (www.kasargodvartha.com 30.03.2021) തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി മൊഗ്രാലിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് പ്രവർത്തകരുടെ ഉജ്വല സ്വീകരണം. മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ ആവേശപൂർവമാണ് മുഖ്യമന്ത്രിയെ വരവേറ്റത്. കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ എൽഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിനാണ് മുഖ്യമന്ത്രി എത്തിയത്. മുഖ്യമന്ത്രി വേദിയിലെത്തും മുമ്പേ പ്രവർത്തകരെ കൊണ്ട് സ്‌കൂൾ മൈതാനം നിറഞ്ഞിരുന്നു.
അഞ്ച് വർഷത്തെ ഭരണത്തിൽ സംതൃപ്തരായ ജനങ്ങളെയാണ് കാണാൻ കഴിയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കാലത്തും വർഗീയതയോട് സമരസപ്പെട്ട് കിടന്ന ചരിത്രമാണ് കോൺഗ്രസിന്റേത്. കോവിഡ് വാക്സിനേഷൻ കഴിഞ്ഞാൽ പൗരത്വ ഭേദഗതി ബിൽ നടപ്പിലാക്കുമെന്നാണ് കേന്ദ്ര സർകാർ പറയുന്നത്. എന്നാൽ പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്ന് ഇടത് സർകാർ ആവർത്തിച്ചു പറയുന്നു. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ഡിറ്റക്ഷൻ സെന്ററുകൾ തുറന്നിട്ടുണ്ട്. ഡിറ്റക്ഷൻ കേന്ദ്രങ്ങൾ ചിലരെ പൂട്ടാനാണ് എന്നാണ് പറയുന്നതെങ്കിലും ഗവണ്മെന്റിനെതിരെ ആരൊക്കെയുണ്ടോ അവരെയൊക്കെ ഡിറ്റക്ഷൻ കേന്ദ്രത്തിൽ എത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപിയുടെ ശക്തി കൊണ്ടല്ല നേമത്ത് അവർ വിജയിച്ചത്. കോൺഗ്രസിന്റെ സഹായം കൊണ്ടാണ്. ബിജെപി തുറന്ന അകൗണ്ട് എൽഡിഎഫ് ക്ലോസ് ചെയ്യും. പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുമ്പോൾ ആവശ്യമായ ഫോമുകൾ പൂരിപ്പിക്കാൻ ലീഗും ലീഗ് പ്രവർത്തകരും സഹായിക്കുമെന്ന് ഗുരുവായൂർ സ്ഥാനാർഥി പറഞ്ഞു. ഇത് ബിജെപി വോട് നേടാനാണ്. ഗുരുവായൂരിൽ ബിജെപി വോട് യുഡിഎഫ് നേടുമ്പോൾ വേറൊരിടത്ത് യുഡിഎഫിന്റെ സഹായം ബിജെപിക്ക് ലഭിക്കുമെന്നാണ് മനസിലാകുന്നത്. തെരെഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളിൽ കള്ളക്കഥകളുമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നതായി സൂചനകൾ ലഭിച്ചിട്ടുണ്ട്. അവയെല്ലാം കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എൽഡിഎഫ് സ്ഥാനാർഥികളായ വിവി രമേശൻ, എം എ ലത്വീഫ് എന്നിവർക്ക് വോട് ചോദിച്ചാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.
രാജൻ അധ്യക്ഷത വഹിച്ചു. ഐഎൻഎൽ ദേശീയ പ്രസിഡണ്ട് പ്രൊഫ. മുഹമ്മദ് സുലൈമാൻ, പി കരുണാകരൻ, കെ പി സതീഷ് ചന്ദ്രൻ, സലീം മടവൂര്‍, ഗോവിന്ദൻ പള്ളിക്കാപ്പിൽ, സിദ്ദിഖ് അലി മൊഗ്രാൽ, ടിവി ബാലകൃഷ്ണൻ, വിവി കൃഷ്ണൻ, കുര്യാക്കോസ്, ഡോ. ഖാദർ, ജയാനന്ദ തുടങ്ങിയവർ സംമ്പന്ധിച്ചു. ഡോ. വിപിപി മുസ്ത്വഫ സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Kumbala, News, Pinarayi-Vijayan, Mogral, Election, Campaign, Government, Pinarayi Vijayan in Mogral for election campaign; He says those who are against the central government can go to the detection center even though it is being made in the name of citizenship.