Accident | സ്‌കൂൾ ബസ് ഇടിച്ച് ബൈകിൻ്റെ പിൻസീറ്റ് യാത്രക്കാരൻ മരിച്ചു; ഓടിച്ചിരുന്നയാൾക്ക് ഗുരുതരം
കാഞ്ഞങ്ങാട്: (KasargodVartha) സ്‌കൂൾ ബസ് ഇടിച്ച് ബൈകിൻ്റെ പിൻസീറ്റ് യാത്രക്കാരൻ മരിച്ചു. രാവണേശ്വരം കൂട്ടക്കനിയിലെ ചന്ദ്രൻ (60) ആണ് മരിച്ചത്. ബൈക് ഓടിച്ചിരുന്ന രാവണേശ്വരത്തെ മുരളിക്ക് ഗുരുതരമായി പരുക്കേറ്റു. തിങ്കളാഴ്ച രാവിലെ കൊളവയലിൽ ആണ് അപകടം സംഭവിച്ചത്.
അജാനൂർ ക്രസന്റ് സ്കൂൾ ബസുമായാണ് കൂട്ടിയിടിച്ചത്. ബസ് ബൈകിൽ ഇടിച്ചപ്പോൾ രണ്ടുപേരും തെറിച്ച് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചന്ദ്രൻ്റെ ജീവൻ രക്ഷിക്കാനായില്ല
ഒരാഴ്ച മുമ്പ് ദമ്പതികൾ സ്‌കൂടറിൽ ആശുപത്രിയിലേക്ക് പോകുമ്പോൾ അതിഞ്ഞാലിൽ വെച്ച് പിറകിൽ നിന്നും വന്ന സ്‌കൂൾ ബസ് ഇടിച്ച് അപകടം സംഭവിച്ചിരുന്നു. കൂട്ടക്കനിയിലെ തന്നെ അംഗൻവാടി അധ്യാപിക മരിക്കുകയും ഭർത്താവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു അപകടം കൂടി ഇപ്പോൾ നടന്നിരിക്കുന്നത്.