city-gold-ad-for-blogger

ഗള്‍ഫ് നാടുകളും കീഴടക്കിയ ഉദുമയിലെ സുബൈറിന്റെ അച്ചാറിന് ആവശ്യക്കാരേറെ

ഉദുമ: (www.kasargodvartha.com 21.04.2016) സമയം വൈകുന്നേരം അഞ്ച് മണി. ഉദുമ റെയില്‍വെ ലെവല്‍ ക്രോസ് നോക്കിയാല്‍ ഉന്തുവണ്ടിയുമായി സുബൈര്‍ ഭായ് വരുന്നത് കാണാം. അപ്പൊ തുടങ്ങും സുബൈറിന് തിരക്ക്. ആ തിരക്കൊന്ന് കഴിയണമെങ്കില്‍ സമയം രാത്രി എട്ടര കഴിയണം. വര്‍ഷങ്ങളായി ഉദുമയില്‍ കക്കിരിയും, കടലയും വിറ്റ് ജീവിക്കുകയാണ് നാലാംവാതുക്കലില്‍ താമസക്കാരനായ സുബൈര്‍. കക്കിരിയിലും, കടലയിലും അത്രവലിയ കാര്യമെന്തെന്നായിരിക്കും,. ഇവിടെ കക്കിരിക്കും, കടലയ്ക്കുമല്ല ഡിമാന്‍ഡ്, മറിച്ച് സുബൈര്‍ സ്വന്തമായി ഉണ്ടാക്കുന്ന അച്ചാറിനാണ്. പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര ടേസ്റ്റാണ് ഈ അച്ചാറിന്, ഇതു തന്നെയാണ് സുബൈറിന്റെ വിജയമന്ത്രവും.

വെറും അച്ചാറെന്ന് പറഞ്ഞാല്‍ മതിയാവില്ല, ഒരുഒന്നൊന്നര അച്ചാറെന്ന് പറയണം. അച്ചാര്‍ പൊടിയും, കൂടെ ഉപ്പും, മുളകും, കറുത്ത മുന്തിരിയും, ഈന്തപ്പഴവും, പിന്നെ സുബൈറിന്റെ കൈപുണ്യവും ചേര്‍ന്നാല്‍ നല്ല ടേസ്റ്റുള്ള അച്ചാര്‍ റെഡി. ആവശ്യത്തിന് എരിവും, പിന്നെ ഒരല്‍പം മധുരം, കൂട്ടിന് പുളി രസവും അതാണ് ഈ അച്ചാറിന്റെ പ്രത്യേകത.

കക്കിരിയും കടലയും മാത്രമല്ല ഈ വണ്ടിയിലുള്ളത്, പൈനാപ്പിള്‍, ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക...അങ്ങിനെ പോകുന്നു. ഉച്ചയ്ക്ക് മുതല്‍ സുബൈര്‍ തന്റെ കച്ചവടത്തിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങും. കക്കിരിയും, പൈനാപ്പിളും തൊലി ചെത്തി നല്ല ആകൃതിയില്‍ മുറിച്ചെടുക്കും. നെല്ലിക്കയും, മാങ്ങയും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഉപ്പിലിടും. കൃത്യം നാല് മണിക്ക് ഈ 'മാന്ത്രിക വണ്ടി' ഉദുമയിലേക്ക് തിരിക്കും. അവിടേക്ക് എത്തുംവരെ ഒരു മൊബൈല്‍കട (സഞ്ചരിക്കുന്ന കട)യെ പോലെ കച്ചവടം.

അഞ്ച് മണിയാവുമ്പോഴേക്കും ഉദുമ ടൗണിലെത്തും ഈ കക്കിരി വണ്ടി. പിന്നെ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലും കാണാത്തത്ര തിരക്ക്. എല്ലാ സഹായത്തിനും മക്കളുടെ കൂട്ടുണ്ട്. സുബൈറിന്റെ അച്ചാര്‍ രുചിയറിഞ്ഞ് ദൂരസ്ഥലങ്ങളില്‍ നിന്നും വരെ ഇവിടേക്ക് ആള്‍ക്കാര്‍ എത്തുന്നുണ്ട്. രുചിയറിഞ്ഞവര്‍ അത് പറഞ്ഞു, പറഞ്ഞു നാട് മുഴുവന്‍ പരത്തി. ആവശ്യമുള്ളവര്‍ക്ക് അച്ചാര്‍ കുപ്പി പാര്‍സലായും നല്‍കുന്നുണ്ട്. 200 രൂപയാണ് ഒരു കുപ്പി അച്ചാറിന്റെ വില. സുബൈറിന്റെ അച്ചാര്‍ കടല്‍ കടന്ന് ഇപ്പോള്‍ ഗള്‍ഫിലും എത്തിക്കഴിഞ്ഞു. നാട്ടില്‍ നിന്നും വരുന്നവരോട് പ്രത്യേകം പറഞ്ഞ് എത്തിക്കുന്ന പ്രവാസികളുമുണ്ട്.

ആള്‍ക്കാരെ കൂട്ടാന്‍ പ്രത്യേക തന്ത്രങ്ങളൊന്നും പയറ്റേണ്ടി വരുന്നില്ല, പകരം അവര്‍ ഇങ്ങോട്ട് തേടിവരും- സുബൈര്‍ പറയുന്നു. ഇനി അച്ചാറ് തിന്നാല്‍ വയറിന് മോശമാകുമോയെന്ന് ചോദിച്ചപ്പോള്‍ പുഞ്ചിരി കൊണ്ടൊരു മറുപടി, എന്നിട്ട് സുബൈര്‍ പറഞ്ഞു, ഞാനിവിടെ തന്നെയുണ്ടല്ലോ!.

നേരത്തെ സ്‌കൂള്‍ പരിസരങ്ങളിലും, ആളുകള്‍ കൂടുന്നിടങ്ങളിലും സുബൈര്‍ ചെരണ്ടി ഐസ് വിറ്റിരുന്നു. എന്നാല്‍ അത് വലിയ ലാഭകരമല്ലെന്ന് വന്നതോടെ കക്കിരിയും അച്ചാര്‍ വില്‍പനയുമായി റൂട്ട് മാറ്റുകയായിരുന്നു. ഉദുമ ടൗണില്‍ മാത്രമല്ല, ഉത്സവ പറമ്പുകളിലും, ഉറൂസ് നഗരിയിലും സുബൈര്‍ തന്റെ 'മാന്ത്രിക' വണ്ടിയുമായെത്തും.

ഗള്‍ഫ് നാടുകളും കീഴടക്കിയ ഉദുമയിലെ സുബൈറിന്റെ അച്ചാറിന് ആവശ്യക്കാരേറെ

ഗള്‍ഫ് നാടുകളും കീഴടക്കിയ ഉദുമയിലെ സുബൈറിന്റെ അച്ചാറിന് ആവശ്യക്കാരേറെ


ഗള്‍ഫ് നാടുകളും കീഴടക്കിയ ഉദുമയിലെ സുബൈറിന്റെ അച്ചാറിന് ആവശ്യക്കാരേറെ


Keywords : Udma, Article, Food, Health, Zubair, Cucumis, Trade, Natives, Gulf.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia