Wildlife | പെരിയയിൽ നാട്ടുകാർ കണ്ടത് പുലിയെ തന്നെയാണെന്ന് ആർആർടി സംഘം സ്ഥിരീകരിച്ചു; പട്ടിയെ കടിച്ച് കൊന്ന സ്ഥലത്ത് 2 ദിവസം എത്തി; കാമറ സ്ഥാപിച്ചു

● ആർആർടി സംഘം സ്ഥലത്ത് പരിശോധന നടത്തി
● പുലി വളർത്തു മൃഗങ്ങളെയും ആക്രമിച്ചു
● ജനങ്ങൾ ഭീതിയിൽ
പെരിയ: (KasargodVartha) പുല്ലൂര്‍-പെരിയ ആയമ്പാറയില്‍ പ്രദേശവാസികൾ കണ്ടത് പുലിയെ തന്നെയാണെന്ന് സ്ഥലത്തെത്തിയ റാപിഡ് റെസ്പോൺസ് ടീം (ആര്‍ ആര്‍ ടി) നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ ആയമ്പാറയിലെ അബ്രഹാമിൻ്റെ വീട്ടിലെ പട്ടിയെയാണ് പുലി കടിച്ചു കൊന്നത്. വിവരം അറിഞ്ഞ് സുഹൃത്തായ സജി വാതപ്പള്ളിയും അയൽവാസികളായ മഹേഷ്, നിശാന്ത് എന്നിവരും കാറിൽ സ്ഥലത്ത് എത്തുമ്പോഴാണ് മുന്നിൽ പുലിയെ കണ്ടത്.
അവിടെ നിന്നും പുലി രക്ഷപ്പെട്ട് പോവുകയായിരുന്നു. വലിയ പുലിയെ നേരിൽ കണ്ട് ഭയന്നെന്ന് സജി പ്രതികരിച്ചു. വെള്ളിയാഴ്ച പുലി വീണ്ടും ഇതേസ്ഥലത്ത് വന്ന്, കടിച്ചുകൊന്ന പട്ടിയുടെ തല ഒഴികെയുള്ള ബാക്കി ഭാഗം ഭക്ഷിച്ചതായും കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ആയമ്പാറയ്ക്ക് സമീപത്ത് തൊട്ടോട്ട്, മാരാങ്കാവ് എന്നിവിടങ്ങളിലും പുലിയെ കണ്ടെതായി നാട്ടുകാർ പറയുന്നു. ഇതേസ്ഥലത്തെ ബിന്ദു എന്ന വീട്ടമ്മയുടെ വളര്‍ത്തു പട്ടിയെ കടിച്ചുകൊന്നതായും പറയുന്നുണ്ട്.
നാട്ടുകാർ എംപിയെ വിവരം അറിയിച്ചതിനെ തുടർന്ന് എംപി വനം വകുപ്പ് അധികൃതരെ ബന്ധപ്പെട്ട് വിവരങ്ങൾ ധരിപ്പിച്ചതോടെയാണ് ആര്‍ ആര്‍ ടി സംഘം ശനിയാഴ്ച ഉച്ചയോടെ ആയമ്പാറയില്‍ എത്തിയത്. പുലിയുടെ കാൽപാടുകൾ കണ്ടതിന്റെ അടിസ്ഥാനത്തിൽ പള്ളത്തിന് സമീപം കാമറകൾ സ്ഥാപിച്ചതായി വന വകുപ്പ് അധികൃതർ അറിയിച്ചു. കാമറയിൽ പുലി തെളിഞ്ഞാൽ പിടികൂടാൻ കൂടുകൾ സ്ഥാപിക്കും.
കുറ്റിക്കാടുകൾ നിറഞ്ഞ ചെങ്കൽ പണകളിലും മറ്റും വനം വകുപ്പ് ഉദ്യോഗസ്ഥരും ആര്‍ ആര്‍ ടി സംഘവും പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. പള്ളത്തിൽ വെള്ളം കുടിക്കാൻ വീണ്ടും പുലിയെത്താനുള്ള സാധ്യത കണക്കിലെടുത്താണ് കാമറ സ്ഥാപിച്ചിരിക്കുന്നത്. പുലിയുടെ സാന്നിധ്യം വ്യക്തമായതോടെ ജനങ്ങൾ ഭീതിയിലാണ്. എസ് എഫ് ഒ ജയന്റെ നേതൃത്വത്തിലുള്ള ആര്‍ ആര്‍ ടി സംഘമാണ് സ്ഥലത്തെത്തിയത്.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
A leopard was confirmed in Periya after locals found a dead dog. The Rapid Response Team set up cameras to track the animal.
#PeriyaLeopard #KasargodNews #Wildlife #RapidResponseTeam #LeopardSighting #ForestDepartment