Punishment | പെരിയ ഇരട്ടക്കൊല: 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം; മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍ ഉള്‍പെടെ 4 പ്രതികള്‍ക്ക് 5 വര്‍ഷം വീതം തടവും പിഴയും
● കൊച്ചി സിബിഐ കോടതിയില്‍ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ
● 4 പ്രതികള്‍ക്ക് 5 വര്‍ഷം തടവും പിഴയും ശിക്ഷ
● 2019-ലെ പെരിയ ഇരട്ട കൊലപാതക കേസ് സമാപ്തിയായി
കൊച്ചി: (KasargodVartha) രാഷ്ട്രീയ കേരളം ഏറെ ഉറ്റുനോക്കിയ പെരിയ ഇരട്ടക്കൊലക്കേസില്‍ കൊച്ചി സിബിഐ കോടതി 10 പേരെ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകത്തില്‍ ഒന്നാം പ്രതി പീതാംബരനടക്കം 10 പേരെയാണ് ഇരട്ട ജീവപര്യന്തം തടവിനും രണ്ട് ലക്ഷം രൂപ പിഴയീടാക്കാനും ശിക്ഷിച്ചത്. പ്രതികള്‍ പരമാവധി ശിക്ഷായിളവ് വേണമെന്ന് കോടതിയോട് അപേക്ഷിച്ചിരുന്നു. വധശിക്ഷ നല്‍കാത്തതിനാല്‍ വിധിയില്‍ പൂര്‍ണ തൃപ്തരല്ലെന്ന് ശരത് ലാലിന്‍റെ സഹോദരിയും കൃപേഷിന്‍റെ പിതാവും കോടതിക്ക് പുറത്തുവെച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനും, കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത് പ്രസിഡന്റ് കെ മണികണ്ഠനും അടക്കം നാല് പ്രതികള്‍ക്കും അഞ്ച് വര്‍ഷം ശിക്ഷ വിധിച്ചിട്ടുണ്ട്. ഒന്ന് മുതല്‍ എട്ട് വരെ പ്രതികളായ കല്യോട്ടെ മുന്‍ ലോകല്‍ കമിറ്റി അംഗം എ പീതാംബരന്‍, സജി എന്ന സജി സി ജോര്‍ജ്, കെ എം സുരേഷ്, അബു എന്ന കെ അനില്‍ കുമാര്‍, ജിജിന്‍, കുട്ടു എന്ന ആര്‍ ശ്രീരാഗ്, അപ്പു എന്ന എ അശ്വിന്‍, മണി എന്ന സുബീഷ് എന്നിവരെയും 10-ാം പ്രതി അപ്പു എന്ന ടി രഞ്ജിത്ത്, 15-ാം പ്രതി വിഷ്ണു സുര എന്ന എ സുരേന്ദ്രന്‍ എന്നിവരെയുമാണ് ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
14-ാം പ്രതി കെ മണികണ്ഠന്‍, 20-ാം പ്രതി മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, 21-ാം പ്രതി മുന്‍ പാക്കം ലോകല്‍ സെക്രടറി രാഘവന്‍ നായര്‍ എന്ന രാഘവന്‍ വെളുത്തോളി, 22-ാം പ്രതി കെ വി ഭാസ്‌കരന്‍ എന്നിവരെയാണ് അഞ്ച് വര്‍ഷം വീതം തടവിനും 10000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴ തുക ശരത് ലാലിന്റെയും കൃപേഷിന്റെയും വീട്ടുകാര്‍ക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു.
കേസിലെ പ്രതികളായ 10 പേരെ നേരത്തെ വെറുതെവിട്ടിരുന്നു. 9,11,12,13,16,18,17,19, 23, 24 എന്നീ പ്രതികളായിരുന്ന പ്രദീപ് കുട്ടന്‍, ബി മണികണ്ഠന്‍, എന്‍ ബാലകൃഷ്ണന്‍, എ മധു എന്ന ശാസ്ത മധു, റെജി വര്‍ഗീസ്, എ. ഹരിപ്രസാദ്, പി രാജേഷ്, വി ഗോപകുമാര്‍, പി വി സന്ദീപ് എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്.
2019 ഫെബ്രുവരി 17-ന് രാത്രി ഏഴരയോടെയാണ് കേരളത്തെ നടുക്കിയ രാഷ്ട്രീയ കൊലപാതകം അരങ്ങേറിയത്. പെരിയ കല്യോട്ട് കൂരാങ്കര റോഡില്‍ വെച്ച് ബൈകില്‍ സഞ്ചരിക്കുകയായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് തുടക്കം മുതലേ ആരോപണമുയര്‍ന്നിരുന്നു. സംഭവത്തെ തുടര്‍ന്ന് ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും ശരിയായ അന്വേഷണം നടക്കുന്നില്ലെന്ന് ആരോപിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ ഹൈകോടതിയെ സമീപിച്ചു.
ഹൈകോടതി സിംഗിള്‍ ബെഞ്ച് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കുകയും സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഈ ഉത്തരവിനെതിരെ സംസ്ഥാന സര്‍കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ചും പിന്നീട് സുപ്രീം കോടതിയും തള്ളിയതോടെ കേസിന്റെ അന്വേഷണ ചുമതല സിബിഐക്ക് ലഭിച്ചു. സിബിഐ ഡിവൈഎസ്പി ടി പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
2021 ഡിസംബര്‍ മൂന്നിന് സിബിഐ എറണാകുളം സിജെഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2023 ഫെബ്രുവരി രണ്ടിന് കൊച്ചി സിബിഐ കോടതിയില്‍ വിചാരണ ആരംഭിച്ചു. 292 സാക്ഷികളുള്ള കേസില്‍ 154 പേരെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 20 മാസത്തോളം നീണ്ട വിചാരണ നടപടികള്‍ക്കു ശേഷമാണു കേസില്‍ ശിക്ഷ വിധിച്ചത്. ജഡ്ജ് കെ കുമനീസ് സ്ഥലം മാറിപ്പോയതിനെ തുടര്‍ന്ന് പുതുതായി എത്തിയ ജഡ്ജ് ശേഷാദ്രിനാഥാണ് വിധി പ്രസ്താവിച്ചത്.
സിബിഐ പ്രോസിക്യൂടര്‍ ബോബി ജോസഫ്, കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകനായ കെ പത്മനാഭന്‍ എന്നിവര്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. കെപിസിസി മുന്‍ വൈസ് പ്രസിഡന്റും ഇപ്പോള്‍ സിപിഎം സഹയാത്രികനുമായ സി കെ ശ്രീധരന്‍, നിക്കോളാസ് ജോസഫ്, സോജന്‍ മൈക്കിള്‍, അഭിഷേക് എന്നിവരാണ് പ്രതിഭാഗത്തിന് വേണ്ടി കോടതിയില്‍ ഹാജരായത്.
#PeriyaMurderCase, #KeralaCourtVerdict, #LifeSentence, #PoliticalMurder, #KeralaCrime, #CourtVerdict