Concern | മയിലുകൾ നാട്ടിൻപുറങ്ങളിലേക്ക്; അപകടങ്ങളിൽ ചത്തൊടുങ്ങുന്നത് നോവാവുന്നു
● മൊഗ്രാൽ, കുമ്പള പ്രദേശങ്ങളിൽ മയിൽ കൂട്ടങ്ങൾ സാധാരണമായി.
● മയിലുകൾ കുറ്റിക്കാടുകൾ തേടി നാട്ടിൻപുറങ്ങളിലേക്ക് വരുന്നു.
● ട്രെയിനുകളും വാഹനങ്ങളും ഇടിച്ച് പലപ്പോഴും ചത്തൊടുങ്ങുന്നു.
കുമ്പള: (KasargodVartha) വശ്യ മനോഹാരിതയും, പീലി വിടർത്തിയുള്ള ആട്ടവുമായി മയിലുകൾ കൂട്ടത്തോടെ നാട്ടിൻ പുറങ്ങളിലെത്തുന്നത് കൗതുകമാവുന്നു. ഒരുകാലത്ത് മിക്ക നാട്ടിൻപുറങ്ങളിലും അപൂർവ പക്ഷിയായിരുന്ന മയിൽ ഇന്ന് കാടിറങ്ങി നാട്ടിൻപുറങ്ങളിലേക്കെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.
ദേശീയ പക്ഷിയാണെങ്കിലും മയിലുകളുടെ എണ്ണം ജില്ലയിൽ പെരുകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം പട്ടികയിൽപ്പെടുത്തി സംരക്ഷിക്കേണ്ട മയിലുകളാണ് നാട്ടിൻപുറങ്ങളിൽ ഇപ്പോൾ കൂട്ടമായി എത്തുന്നത്. എന്നാൽ ഇവ ട്രെയിനുകളും, മറ്റ് വാഹനങ്ങളും ഇടിച്ചു ചത്തു പോകുന്നത് പ്രദേശവാസികൾക്ക് നോവാവുന്നു.
മൊഗ്രാൽപുത്തൂർ, മൊഗ്രാൽ, കുമ്പള ഭാഗങ്ങളിൽ കഴിഞ്ഞ കുറെ മാസങ്ങളായി മയിൽക്കൂട്ടങ്ങളെ കണ്ടുവരുന്നുണ്ട്. കൂടുതലും ഇവ റെയിൽ പാളങ്ങളിലൂടെയാണ് സഞ്ചാരം. നാട്ടിൻപുറങ്ങളിൽ രൂപപ്പെട്ട കുറ്റിക്കാടുകൾ തേടിയാണ് മയിലുകളുടെ വരവെങ്കിലും അപകടങ്ങളിൽപ്പെട്ട് ചത്തു പോകുന്നതാണ് സങ്കടമാവുന്നത്.
മയിലുകളുടെ വശ്യ മനോഹാരിത ഏവരെയും ആകർഷിക്കുന്ന ഘടകമായതുകൊണ്ടുതന്നെ നാട്ടിൻപുറങ്ങളിലെത്തിയാൽ ഇത് കാണാൻ കുട്ടികൾ അടക്കമുള്ളവർ തടിച്ചുകൂടും. പീലി വിടർത്തിയുള്ള ആട്ടം മൊബൈൽ ഫോണുകളിൽ പകർത്തും. നേരത്തെ മയിലുകൾ പാലക്കാട്, തൃശൂർ ജില്ലകളിലായിരുന്നു കൂടുതലായി കണ്ടുവന്നിരുന്നത്. ഇപ്പോൾ കാസർകോട് ജില്ലയും മയിലുകളുടെ നാടായി മാറിക്കഴിഞ്ഞു.
കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഫലമായി ചൂട് കൂടുന്നതിന്റെ ഫലമായിട്ടാണ് ഇത്തരത്തിൽ മയിലുകൾ നാട്ടിൻപുറങ്ങളിൽ കൂട്ടമായി എത്തുന്നതെന്നാണ് പരിസ്ഥിതി, പക്ഷി നിരീക്ഷകരുടെ വിലയിരുത്തൽ. എന്നാൽ മഴക്കാലത്ത് പോലും മയിലുകൾ കൂട്ടമായി വീട്ടുപടിക്കൽ എത്തുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.
#peacock #kerala #wildlife #conservation #climatechange #animals #nature #savewildlife