പൊതുസ്ഥലത്ത് ബോര്‍ഡുകളും കൊടിതോരണങ്ങളും ഉയര്‍ത്തിയാല്‍ ഇനി കുടുങ്ങും
May 7, 2012, 17:07 IST
കാസര്‍കോട്: പൊതുസ്ഥലങ്ങളില്‍ ബോര്‍ഡുകളും കൊടിതോരണങ്ങളും ഉയര്‍ത്തിയാല്‍ ഇനി കുടുങ്ങും. കെ. എസ്.ഇ.ബി യുടെ ഇലക്ട്രിക്ക് പോസ്റ്റുകളിലും മറ്റും സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകളടക്കമുള്ളവ നീക്കാന്‍ മന്ത്രി കെ. പി മോഹനന്റെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ ചേര്‍ന്ന ജില്ലാ സമാധാന കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.
ഏതെങ്കിലും പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെങ്കില്‍ പോലീസ് അനുമതിയോടെ മാത്രമേ നഗരപ്രദേശങ്ങളിലും മറ്റും ബോര്‍ഡുകളും തോരണങ്ങളും സ്ഥാപിക്കാന്‍ അനുവാദമുള്ളൂ. പരിപാടിക്ക് മൂന്നു ദിവസം മുമ്പ് മാത്രമേ കൊടികളും തോരണങ്ങളും കെട്ടാന്‍ അനുവാദമുള്ളൂ.പരിപാടി കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ സംഘാടകര്‍ തന്നെ ഇവ നീക്കം ചെയ്യണം. അല്ലാത്തപക്ഷം പോലീസ് ഇവ നീക്കും. ഇതിന്റെ ചിലവ് മുഴുവന്‍ സംഘാടകരില്‍ നിന്നും ഈടാക്കും.
കാസര്‍കോട് ജില്ലയില്‍ അടിക്കടിയുണ്ടാകുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ തടയുന്നതിനായി പ്രത്യേക സേനയെ നിയമിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി കെ. പി മോഹനന്‍ അറിയിച്ചു. പഞ്ചായത്ത് തലത്തിലും ജില്ലാ തലത്തിലും ഓരോ മാസവും കൃത്യമായി സമാധാന കമ്മിറ്റി യോഗം ചേരും. നാട്ടിലുണ്ടാകുന്ന അക്രമസംഭവങ്ങളെ കുറിച്ച് വില്ലേജ് അധികൃതര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി സമാധാന കമ്മിറ്റി യോഗത്തില്‍ അവതരിപ്പിക്കും. ഡിവൈഡര്‍ അടക്കമുള്ള പൊതുസ്ഥലത്ത് ചായങ്ങള്‍ പൂശുന്നത് ഒരുതരത്തിലും അനുവദിക്കില്ല. ബൈക്ക് റൈസ് അടക്കമുള്ളവ പോലീസ് തടയും. കാസര്‍കോട്ട് അക്രമങ്ങള്‍ അഴിച്ചുവിടുന്നത് 15 വയസിനും 17 വയസിനുമിടയിലുള്ള കുട്ടികളാണെന്ന് എസ്.പി എസ് സുരേന്ദ്രന്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ ഗൗരവപൂര്‍വ്വം കാണണം. മാഫിയ ബന്ധമമുള്ള പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്ന് യോഗത്തില്‍ പങ്കെടുത്ത കക്ഷി നേതാക്കള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു.
യോഗത്തില്‍ എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി. ബി അബ്ദുല്‍ റസാഖ്, കെ. കുഞ്ഞിരാമന്‍, ഇ. ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി ശ്യാമളാദേവി, ജില്ലാ കലക്ടര്‍ വി. എം ജിതേന്ദ്രന്‍, സബ് കലക്ടര്‍ ബാലകിരണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Minister K.P.Mohanan, Peace meeting, Kasaragod Collectorate