Road Damaged | പാലക്കുന്ന് പള്ളത്ത് സംസ്ഥാന പാതയുടെ മധ്യഭാഗം ഇടിഞ്ഞു താഴ്ന്നു; ദുരന്തം ഒഴിവായത് തലനാരിഴ വ്യത്യാസത്തിൽ
ഗതാഗത തടസം നീക്കുകയും ട്രാഫിക് സംവിധാനത്തിൽ മാറ്റം വരുത്തുകയും ചെയ്തു
പാലക്കുന്ന്: (KasaragodVartha) പള്ളത്ത് സംസ്ഥാന പാതയുടെ മധ്യഭാഗം ഇടിഞ്ഞു താഴ്ന്നു. വാഹനം കടന്നുപോകുന്നതിനിടയിലായിരുന്നു സംഭവം. തലനാരിഴ വ്യത്യാസത്തിലാണ് അപകടം ഒഴിവായത് . റോഡിന് കുറുകെയുള്ള കലുങ്കിന് മുകൾഭാഗത്താണ് റോഡ് താഴ്ന്നത്. നാട്ടുകാർ അപായ സൂചകങ്ങൾ സ്ഥാപിച്ചതിനാൽ വലിയ അപകടം ഒഴിവായി.
അപകടാവസ്ഥയെ തുടർന്ന് ഉദുമ ഗ്രാമപഞ്ചായത് പ്രസിഡന്റെ ഇടപെടലിലൂടെ പിഡബ്ല്യുഡി ഉദ്യോഗസ്ഥരും പ്രതിനിധികളും സംഭവസ്ഥലത്ത് എത്തി. ഗതാഗത തടസം നീക്കുകയും ട്രാഫിക് സംവിധാനത്തിൽ മാറ്റം വരുത്തുകയും ചെയ്തു. കാസർകോട് ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങളെ ദേശീയപാത വഴി തിരിച്ചു വിട്ടു. കണ്ണൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളെ ദേശീയപാത വഴി കാസർകോട്ടേക്കും പോകാനുള്ള സംവിധാനമൊരുക്കി.
പൊലീസ് ഉദ്യോഗസ്ഥരുടെ പെട്ടെന്നുള്ള ഇടപെടൽ വലിയൊരു ഗതാഗത കുരുക്ക് ഒഴിവാക്കാൻ സഹായകരമായി. തകർന്ന ഭാഗം ഉടൻ ശരിയാക്കുമെന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിട്ടുണ്ട്. എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.