Recognition | എ പ്ലസ് വിജയികൾക്കൊപ്പം രക്ഷിതാക്കൾക്കും സമ്മാനം; പിന്നെ മോട്ടിവേഷൻ ക്ലാസ്സും
തൃക്കരിപ്പൂർ: (KasargodVartha) ഉന്നത വിജയങ്ങൾ നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിൽ മാത്രം ഒതുങ്ങാതെ, അവരുടെ വിജയത്തിന് പിന്നിലെ പ്രധാന കരുത്തായ രക്ഷിതാക്കളെ ആദരിച്ചുകൊണ്ട് മാതൃകയായി തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത്. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് പഞ്ചായത്ത് നൽകിയ അനുമോദന ചടങ്ങിലായിരുന്നു ഈ നൂതന നീക്കം.
വിദ്യാർത്ഥികളുടെ വിജയത്തിൽ രക്ഷിതാക്കളുടെ പങ്ക് നിർണായകമാണെന്ന തിരിച്ചറിവാണ് പഞ്ചായത്തിന് ഇത്തരമൊരു തീരുമാനമെടുക്കാൻ പ്രചോദനമായത്. കുട്ടികളെ ഉന്നത വിജയത്തിലേക്ക് നയിക്കുന്നതിൽ രക്ഷിതാക്കളുടെ പിന്തുണ അനിവാര്യമാണെന്നും പഞ്ചായത്ത് അധികൃതർ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ പ്രശസ്ത മോട്ടിവേഷൻ ട്രെയ്നർ ഷാഫി പാപ്പിനിശേരിയുടെ പ്രചോദനാത്മക സെഷനും ഉണ്ടായി. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രചോദനം പകരുന്നതായിരുന്നു ഈ സെഷൻ. സി എച്ച് ടൗൺ ഹാളിൽ നടന്ന അനുമോദന ചടങ്ങ് രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ അധ്യക്ഷത വഹിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി.എച്ച്.അബ്ദുൽ റഹീം രക്ഷിതാക്കൾക്കുള്ള സമ്മാനങ്ങൾ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.എം.ആനന്ദവല്ലി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.മനു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ശംസുദ്ദീൻ ആയിറ്റി, എം.സൗദ, എ.കെ.ഹാഷിം, പഞ്ചായത്ത് മുൻ പ്രസിഡന്റ് സത്താർ വടക്കുമ്പാട്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.ചന്ദ്രമതി, ടി.എസ്.നജീബ്, വി.പി.പി.ഷുഹൈബ്, പഞ്ചായത്ത് അംഗങ്ങളായ കെ.വി.കാർത്യായണി, ഇ.ശശിധരൻ, പഞ്ചായത്ത് സെക്രട്ടറി പി.അരവിന്ദൻ, കെ.പി.ശ്രീജ, എൻ.സുകുമാരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഇത് തൃക്കരിപ്പൂർ പഞ്ചായത്തിന് വലിയ പ്രശംസ നേടിക്കൊടുത്തിരിക്കുകയാണ്. വിദ്യാഭ്യാസ മേഖലയിൽ പുതിയ മാതൃകയായി ഈ പദ്ധതി മാറുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് അധികൃതർ.