city-gold-ad-for-blogger

പരപ്പ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടം അപകടാവസ്ഥയില്‍

പരപ്പ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടം അപകടാവസ്ഥയില്‍
പരപ്പ: അറുപത് വര്‍ഷം പൂര്‍ത്തിയാക്കുന്ന പരപ്പ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പ്രധാന കെട്ടിടത്തിന്റെ അപകടാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സര്‍വ കക്ഷി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.
കോണ്‍ക്രീറ്റ് വിണ്ടുകീറി സീലിംഗ് അടര്‍ന്നുവീണ് മഴപെയ്താല്‍ ജലമൊഴിച്ചു വന്ന് കുളമാകുന്ന അവസ്ഥയിലായിരുന്ന ഇരുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ പത്ത് ക്ലാസ് റൂമുകള്‍ അപകട ഭീഷണി മുന്‍നിര്‍ത്തി കഴിഞ്ഞ ആഴ്ച വരാന്തകളിലേക്കും ഭക്ഷണ ശാലയിലേക്കുമായി മാറ്റിയിരുന്നു. കഴിഞ്ഞ ആഴ്ച സീലിംഗ് അടര്‍ന്നുവീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് അപകടം സംഭവിച്ചിരുന്നു. ഹൈസ്‌ക്കൂള്‍ വിഭാഗം, ഓഫീസ് മുറി, കംമ്പ്യൂട്ടര്‍ലാബ്, ലൈബ്രറി, സ്റ്റാഫ്‌റൂം എന്നിവ പ്രവര്‍ത്തിക്കുന്ന ഇരുനില കെട്ടിടം അപകടാവസ്ഥയിലായിട്ട് പത്ത് വര്‍ഷത്തോളമായി.

കഴിഞ്ഞ രണ്ട് വര്‍ഷമായി സുരക്ഷാ സര്‍ട്ടിഫിക്കറ്റില്ലാതെയാണ് ഇരുനില കെട്ടിടം പ്രവര്‍ത്തിക്കുന്നത്. ഇരുനില കെട്ടിടത്തിന്റെ അപകടാവസ്ഥ മുന്‍നിര്‍ത്തി ജലമൊഴിച്ച് വരുന്നത് തടയുന്നതിന് വേണ്ടി 2003ല്‍ പിടി എ കമ്മിറ്റി മുകള്‍ ഭാഗത്ത് ഷീറ്റുകള്‍ സ്ഥാപിച്ചിരുന്നു.
സ്‌കൂള്‍ മൈതാനത്ത് നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളുടെ ഫലമായി ആസ്ബസ്റ്റോസ് ഷീറ്റുകള്‍ പൊട്ടി നശിച്ചതാണ് അപകടാവസ്ഥ മൂര്‍ച്ചിക്കാന്‍ കാരണമായി തീര്‍ന്നത്. സ്‌കൂളിന്റെ പഴയ ഒരു ഓട് മേഞ്ഞ കെട്ടിടം പൊളിച്ച് നീക്കിയിട്ട് വര്‍ഷങ്ങളായെങ്കിലും പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികളൊന്നും തന്നെ ഉണ്ടായില്ല.

ഹയര്‍ സെക്കണ്ടറി ആരംഭിച്ച എല്ലാ സ്‌കൂളുകളിലും പുതിയ കെട്ടിടം നിര്‍മ്മിച്ചുവെങ്കിലും പരപ്പയില്‍ മാത്രമാണ് 1960-ല്‍ നിര്‍മ്മിച്ച ഓടിട്ട കെട്ടിടത്തില്‍ കംമ്പ്യൂട്ടര്‍ ലാബടക്കമുള്ള പ്ലസ്‌വണ്‍, പ്ലസ്ടു ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത്. പൊട്ടിപൊളിഞ്ഞ് ഓടുകള്‍ക്കിടയിലൂടെ മഴക്കാലത്ത് വന്‍ ജലപ്രവാഹവും വേനലില്‍ ചുട്ടുപൊള്ളുന്ന സൂര്യപ്രകാശവും കടന്നുവന്ന് പഠനം കീറാമുട്ടിയാക്കുകയാണ് പതിവ്. ചെറിയ മഴ പെയ്യുമ്പോള്‍ പോലും പുറത്തിറങ്ങി മാറി നില്‍ക്കേണ്ട അവസ്ഥയിലാണ് ക്ലാസ്‌റൂമുകള്‍ പ്രവര്‍ത്തിക്കുന്നത്.

അപകടാവസ്ഥയിലായ ഇരുനില കെട്ടിടത്തിന് പകരം ശാശ്വതമായി പുതിയ കെട്ടിടം നിര്‍മ്മിക്കുകയും വരാന്തകളിലും മറ്റുമായി പ്രവര്‍ത്തിക്കുന്ന ക്ലാസ് റൂമുകള്‍ താല്‍ക്കാലിക സംവിധാനത്തിലേക്ക് അടിയന്തിരമായി മാറ്റുന്നതിനുള്ള നപടികള്‍ സ്വീകരിക്കുന്നതിനുമായാണ് പരപ്പയിലെയും സമീപ പ്രദേശങ്ങളിലെയും സര്‍വ്വ കക്ഷി പ്രതിനിധികളെ ഉള്‍കൊള്ളിച്ച് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.

കമ്മിറ്റി രക്ഷാധികരികളായി പി കരുണാകരന്‍ എം പി, ഇ ചന്ദ്രശേഖരന്‍ എം എല്‍ എ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി ബാലകൃഷ്ണന്‍, സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എസ് കുര്യാക്കോസ്, സ്‌കൂളുകള്‍ ഉള്‍കൊള്ളുന്നയിടങ്ങളിലെ പഞ്ചായത്തംഗങ്ങള്‍ എന്നിവരെ തിരഞ്ഞെടുത്തു.
ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പഞ്ചായത്ത് പ്രസിഡണ്ട് കെ ലക്ഷ്മണന്‍ വൈസ് ചെയര്‍മാന്‍, എം വി പുരുഷോത്തമന്‍ ( പി ടി എ പ്രസിഡണ്ട്), കണ്‍വീനറായി പ്രിന്‍സിപ്പാള്‍ കെ ഡി മാത്യു, വൈസ് കണ്‍വീനറായി ഹെഡ്മാസ്റ്റര്‍ പി വി ബാലകൃഷ്ണന്‍ എന്നിവരെയും തിരഞ്ഞെടുത്തു.

ഞായറാഴ്ച രാവിലെ സ്‌കൂളില്‍ നടന്ന യോഗത്തില്‍ ജനപ്രതിനിധികളെ കൂടാതെ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും സംബന്ധിച്ചു. എം എല്‍ എ ഇ.ചന്ദ്രശേഖരന്‍ ഞായറാഴ്ച സ്‌കൂള്‍ സന്ദര്‍ശിച്ചിരുന്നു.

Keywords: GHSS Parappa, School building, Bad condition, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia