Conflict | സമാന്തര സർവീസുകളും കള്ള ടാക്സികളും; ബസ് ജീവനക്കാരും ഓട്ടോറിക്ഷകളും തമ്മിലുള്ള തർക്കം കയ്യാങ്കളിയിലേക്ക്
● ഓട്ടോറിക്ഷകൾ റോഡുകളിൽ ബസ് കാത്തുനിൽക്കുന്ന യാത്രക്കാരെ കയറ്റി കൊണ്ടുപോകുന്നുവെന്ന പരാതിയാണ് ബസ് ജീവനക്കാർക്കുള്ളത്.
● സ്റ്റാൻഡിൽ കുത്തിയിരുന്നാൽ തങ്ങൾ പട്ടിണിയിലാകുമെന്ന് ഡ്രൈവർമാർ പറയുന്നുമുണ്ട്.
കാസർകോട്: (KasargodVartha) ഓട്ടോറിക്ഷകളുടെ സമാന്തര സർവീസുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ബസ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി രംഗത്ത് വന്നതിന് പിന്നാലെ ബസ് ജീവനക്കാരും, ഓട്ടോറിക്ഷ ഡ്രൈവർമാരും തമ്മിലുള്ള തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങുന്നു.
ഓട്ടോറിക്ഷകൾ റോഡുകളിൽ ബസ് കാത്തുനിൽക്കുന്ന യാത്രക്കാരെ കയറ്റി കൊണ്ടുപോകുന്നുവെന്ന പരാതിയാണ് ബസ് ജീവനക്കാർക്കുള്ളത്. ഓട്ടോറിക്ഷകൾക്ക് ഓട്ടോ സ്റ്റാന്റുകളിൽ നിന്ന് യാത്രക്കാരെ കയറ്റി കൊണ്ടുപോകാനാണ് അനുമതിയുള്ളത്. എന്നാൽ സ്റ്റാൻഡിൽ യാത്രക്കാർ കുറവായതിനാൽ ഓട്ടോറിക്ഷകൾ സമാന്തര സർവീസ് നടത്തുന്നുണ്ട്. സ്റ്റാൻഡിൽ കുത്തിയിരുന്നാൽ തങ്ങൾ പട്ടിണിയിലാകുമെന്ന് ഡ്രൈവർമാർ പറയുന്നുമുണ്ട്.
സ്വകാര്യ ബസ് ജീവനക്കാരും ഇതുതന്നെയാണ് പറയുന്നത്. ബസുകളിൽ യാത്രക്കാർ പൊതുവെ കുറവായതിനാൽ ബസ് സർവീസ് വലിയ പ്രതിസന്ധി നേരിടുകയാണെന്ന് ബസ് ഉടമകളും, ജീവനക്കാരും പറയുന്നു. ഇതാണ് ഓട്ടോറിക്ഷകളുടെ സമാന്തര സർവീസിനെ ബസ് ജീവനക്കാർ ചോദ്യം ചെയ്യുന്നത്. ഇത് വാക്കേറ്റത്തിനും, കയ്യാങ്കളിക്കും കാരണമാകുന്നു. ഒപ്പം യാത്രക്കാർക്ക് സമയ നഷ്ടവും ഉണ്ടാവുന്നു.
ഞായറാഴ്ച വൈകുന്നേരം തളങ്കരയിലേക്ക് സർവീസ് നടത്തുന്ന ബസ് ജീവനക്കാർ യാത്രക്കാരെ ഓട്ടോറിക്ഷയിൽ കയറ്റുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ബസ് ഓട്ടോറിക്ഷയ്ക്ക് കുറുകെയിട്ട് വാക്കേറ്റമുണ്ടായി. ബസ് കണ്ടക്ടറും, ഓട്ടോറിക്ഷ ഡ്രൈവറും കയ്യാങ്കളിയിലേക്ക് നീങ്ങിയപ്പോൾ ഓട്ടോറിക്ഷയിലെ യാത്രക്കാർ ഇടപ്പെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.
എന്നാൽ പിന്നീട് ഓട്ടോറിക്ഷ ബസിന് പിറകെ വന്ന് തളങ്കര കടവത്ത് എത്തിയപ്പോൾ ഓട്ടോറിക്ഷ ഡ്രൈവറും, ഉടമയും വീണ്ടും ബസ് ജീവനക്കാരുമായി കൊമ്പ് കോർത്തു. നാട്ടുകാർ ഇടപെട്ടാണ് പിന്നീട് ഇരുവരെയും പിന്തിരിപ്പിച്ചത്. ഇത് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിത്യസംഭവമാണെന്ന് യാത്രക്കാർ പറയുന്നു. അതിനിടെ ഓട്ടോറിക്ഷകളുടെ സമാന്തര സർവീസുകൾക്കെതിരെ ആർടിഒയെ സമീപിക്കാനൊരുങ്ങുകയാണ് ബസ് ഓണേഴ്സ് അസോസിയേഷൻ.
അതേസമയം കള്ള ടാക്സികൾക്കെതിരെ കർശന നടപടിയെടുക്കാനൊരുങ്ങി ഗതാഗത വകുപ്പും രംഗത്തിറങ്ങി. ഇതുമായി ബന്ധപ്പെട്ട പരാതികളിൽ ശക്തമായ നടപടിയെടുക്കാനാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശം.
#TransportationConflict #AutoRickshaw #BusDispute #KasaragodNews #IllegalTaxis #KeralaNews #KasargodVartha