Threat | പുലിപ്പേടിയിൽ വിറച്ച് കാസർകോട്ടെ പലപ്രദേശങ്ങളും; ജനവാസ മേഖലയിൽ പലയിടത്തും കണ്ടെന്ന് വെളിപ്പെടുത്തൽ; രാത്രിയാത്ര ഭീതിയിൽ
● വളർത്തുനായ്ക്കളെ ആക്രമിച്ചതായി പരാതി.
● വനം വകുപ്പ് അധികൃതർ പരിശോധന നടത്തുന്നു.
● പുലി ജനവാസ മേഖലയിൽ ഇറങ്ങുന്നുണ്ടെന്നുള്ള പരാതി ശക്തമാണ്.
കാസർകോട്: (KasargodVartha) പുലിപ്പേടിയിൽ വിറങ്ങലിച്ച് കാസർകോട്ടുകാർ. കഴിഞ്ഞ ദിവസങ്ങളിലായി പലയിടങ്ങളിൽ പുലിയെ കണ്ടെന്ന വിവരങ്ങൾ പുറത്തുവന്നതോടെ നാട്ടുകാർ ഭീതിയിലാണ്. മാവുങ്കാൽ, കല്യാൺ, വാഴക്കോട്, കാറഡുക്ക, പരപ്പ, മുളിയാർ തുടങ്ങിയ പ്രദേശങ്ങളിൽ പുലികളെ കണ്ടെന്നായിരുന്നു റിപോർടുകൾ. മാവുങ്കാൽ ആനന്ദാശ്രമം, കല്യാൺ, വാഴക്കോട് പ്രദേശങ്ങളിൽ പുലിയെ കണ്ടെന്ന വിവരത്തെ തുടർന്ന് വനംവകുപ്പ് പരിശോധന നടത്തിയിരുന്നു.
കാടകം കൊട്ടംകുഴിയിൽ വീട്ടുമുറ്റത്തെത്തിയ പുലി വളർത്തുനായയെ ആക്രമിച്ചതായും വെളിപ്പെടുത്തലുകളുണ്ടായി. മുളിയാർ വനമേഖലയിലെ കാനത്തൂർ, ഇരിയണ്ണി, പാണൂർ സ്ഥിരമായി പുലി ജനവാസ മേഖലയിൽ ഇറങ്ങുന്നുണ്ടെന്നുള്ള പരാതി ശക്തമാണ്. നാല് പുലികൾ കാറഡുക്ക, പരപ്പ, മുളിയാർ മേഖലയിലായി ഉണ്ടെന്ന സംശയിലത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ.
പുലിഭീതി നിലനിൽക്കുന്നത് കാരണം രാത്രിയാത്രയാണ് നാട്ടുകാരിൽ ആശങ്ക സൃഷ്ടിക്കുന്നത്. പുലിയെ കണ്ടതായി പറയുന്ന റോഡുകൾ ഒഴിവാക്കി മറ്റു വഴികളിലൂടെ പോയാലും അവിടെയും അപായം ഉണ്ടായേക്കാമെന്ന ആശങ്ക പലരും പങ്കുവെക്കുന്നു. എങ്ങനെ സുരക്ഷിതമായി വീട്ടിലെത്തുമെന്ന ആശങ്കയാണ് പ്രധാനമായും ഇരുചക്ര വാഹനയാത്രികരെയും ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കുന്നവരെയും അലട്ടുന്നത്.
നിലവിൽ പ്രദേശത്തെ വളർത്തുനായ്ക്കളെയാണ് പുലി ഇരയാക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. വെള്ളിയാഴ്ച രാത്രിയിലും കൊട്ടംകുഴിയിലെ ഒരു നായയെ പുലി പിടിച്ചതായി പറയുന്നു. മുള്ളേരിയ, പാണൂർ, കൊട്ടംകുഴി, കാനത്തൂർ, നെയ്യംകയം, കാടകം, പതിമൂന്നാം മൈൽ തുടങ്ങിയ സ്ഥലങ്ങളിലെ വീട്ടുകാർക്ക് കുട്ടികളെ പുറത്തിറക്കുന്നത് പോലും വലിയൊരു ആശങ്കയാണ്.
സന്ധ്യയായാൽ മുറ്റത്ത് പോലും കുട്ടികളെ ഇറക്കാൻ ഭയക്കുന്നതിനാൽ വീടുകൾ അടച്ചിടുകയാണ് പതിവ്. കുട്ടികളെ ഒറ്റയ്ക്ക് സ്‌കൂളിൽ അയക്കാൻ മടിക്കുന്നതിനാൽ രക്ഷിതാക്കൾ തന്നെ അവർക്കൊപ്പം സ്‌കൂളിലേക്കും തിരിച്ചും പോകുന്നു. നാട്ടിൽ പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും അതിനെ തിരിച്ച് കാട്ടിലേക്ക് തുരത്താനോ കൂടുവെച്ച് പിടികൂടാനോ സാധിക്കാതെ നട്ടംതിരിയുകയാണ്. എന്നാൽ പുലി ആക്രമിക്കുമോ എന്ന കാര്യത്തിൽ ആശങ്ക വേണ്ടെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്.
#Kasargod #leopard #wildlifeconservation #safetyfirst #Kerala