city-gold-ad-for-blogger

എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പാലിയേറ്റിവ് കെയര്‍ കെട്ടിടം കോളജിന് കൈമാറാന്‍ നീക്കം നടക്കുന്നതായി പരാതി, അറിയില്ലെന്ന് മന്ത്രി

കാസര്‍കോട്:(www.kasargodvartha.com 04/05/2018) എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പാലിയേറ്റിവ് കെയര്‍ കെട്ടിടം കോളജിന് കൈമാറാന്‍ നീക്കം നടക്കുന്നതായി പരാതി. എന്നാല്‍ ഇത്തരമൊരു തീരുമാനം അറിയില്ലെന്ന് മണ്ഡലത്തിലെ എം എല്‍ എ കൂടിയായ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. നാട്ടുകാര്‍ ദാനമായി നല്‍കിയ ഭൂമിയിലാണ് പാവപ്പെട്ട കിടപ്പുരോഗികള്‍ക്കായി ആശുപത്രി കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഈ ആശുപത്രി കെട്ടിടമാണ് സി.പി.എം. ഭരിക്കുന്ന ഗ്രാമപഞ്ചായത്ത് സര്‍ക്കാര്‍ പുതുതായി തുടങ്ങുന്ന കോളജിന് വിട്ടുനല്‍കുന്നത്. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് ഭരണസമിതിയാണ് ഇത്തരമൊരു വിവാദ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മെമ്പര്‍മാരുള്ള കരിന്തളം പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയുടേതാണ് ആശുപത്രി കെട്ടിടം.

പാവപ്പെട്ട കിടപ്പ് രോഗികളെയും അത്യാസന്ന നിലയിലായ ക്യാന്‍സര്‍ രോഗികളടക്കമുള്ളവരെയും കിടത്തി ചികില്‍സിക്കാനാണ് സംസ്ഥാനത്ത് തന്നെ ആദ്യമായി കരിന്തളത്ത് ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി കെട്ടിടം നിര്‍മ്മിച്ചത്. ആദ്യം നാട്ടുകാര്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തനം തുടങ്ങിയ പാലിയേറ്റിവ് കെയറിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ ആളുകള്‍ സൗജന്യമായാണ് സ്ഥലം വിട്ടു നല്‍കിയത്.

എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പാലിയേറ്റിവ് കെയര്‍ കെട്ടിടം കോളജിന് കൈമാറാന്‍ നീക്കം നടക്കുന്നതായി പരാതി, അറിയില്ലെന്ന് മന്ത്രി

തോളേനിമുത്തപ്പന്‍ ക്ഷേത്രത്തിനടുത്ത് 90 സെന്റ് സ്ഥലമാണ് പാലിയേറ്റിവിനുള്ളത്. സ്ഥലം ലഭിച്ചതോടെ കെട്ടിടം പണിയാന്‍ കമ്മറ്റി ഭാരവാഹികള്‍ നബാര്‍ഡിന്റെ സാമ്പത്തിക സഹായം തേടിയിരുന്നു. എന്നാല്‍ ഗവണ്‍മെന്റ് സ്ഥാപനമോ പഞ്ചായത്തിന്റെയോ സ്ഥാപനങ്ങള്‍ക്ക് മാത്രമേ നബാര്‍ഡ് സാമ്പത്തിക വായ്പ്പ ലഭിക്കുകയുള്ളു എന്നതിനാല്‍ പാലിയേറ്റിവ് കെയറിന് വേണ്ടി വാങ്ങിയ സ്ഥലം നാട്ടുകാര്‍ പഞ്ചായത്തിന് കൈമാറുകയായിരുന്നു.

പ്രസതുത സ്ഥലം പഞ്ചായത്തിന് കൈമാറിയതോടെ നബാര്‍ഡ് ആശുപത്രി കെട്ടിടം നിര്‍മ്മിക്കാന്‍ വായ്പ അനുവദിച്ചു. 1.65 കോടി രൂപയാണ് കെട്ടിടം നിര്‍മിക്കുന്നതിനായി നബാര്‍ഡ് അനുവദിച്ചത്. പതിനാറ് മുറികളുള്ള ഇരുനില കെട്ടിടമാണ് പാലിയേറ്റിവ് ആശുപത്രിക്കായി പണിതിരിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞ കെട്ടിടത്തില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്ന് പഞ്ചായത്ത് അറിയിക്കുകയും ചെയ്തിരുന്നു.

കരിന്തളം പഞ്ചായത്ത് ഭരണസമിതി യോഗങ്ങളിലും ബജറ്റിലും വികസന രേഖയിലും കരിന്തളം പാലിയേറ്റിവ് കെയര്‍ ആശുപത്രി പ്രധാന വികസന പദ്ധതിയായി ഭരണസമിതി ഉയര്‍ത്തിക്കാട്ടിയിരുന്നു. കാസര്‍കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് പാലിയേറ്റിവ് കെയര്‍ സെന്ററുകള്‍ക്ക് പ്രചോദനമാകുന്ന പ്രവര്‍ത്തനമായിരുന്നു കരിന്തളം പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയുടേത്.

കേന്ദ്ര സര്‍വ്വകലാശാലയും ബേക്കല്‍ വിനോദ സഞ്ചാരത്തിന്റെ ഭാഗമായി മിനി വിമാനത്താവളവും സ്വപ്നം കണ്ട കരിന്തളത്ത് ഇപ്പോള്‍ അനുവദിച്ച സയന്‍സ് കോളജാണ് രോഗികളുടെ ആതുരാലയത്തിന് തടസ്സമായി തീര്‍ന്നിരിക്കുന്നതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. പി.കരുണാകരന്‍ എം.പി. മുന്‍കൈ എടുത്താണ് കരിന്തളത്ത് കോളജ് അനുവദിച്ചത്. കോളജിന് സ്വന്തമായി കെട്ടിടം ഒരുങ്ങും വരെ എം.പി.പഞ്ചായത്തിനോട് കോളജിന് താല്‍ക്കാലിക സംവിധാനത്തിനായി സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പഞ്ചായത്ത് കെട്ടിടം വിട്ടു നല്‍കാന്‍ തീരിമാനിച്ചിരിക്കുന്നത്. കോളജിന് പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിന് പകരം പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സക്ക് ഉതകുന്ന ആശുപത്രി കെട്ടിടം വിട്ടു നല്‍കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് നാട്ടുക്കാര്‍ ആരോപിക്കുന്നു.

പാര്‍ട്ടി ഗ്രാമമായ കരിന്തളത്ത് ആശുപത്രി കെട്ടിടം കോളജിന് മാറ്റിനല്‍കിയാല്‍ പ്രതിഷേധം ഉണ്ടാകാനിടയില്ല എന്നതിനാലാണ് പാര്‍ട്ടി ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി ആശുപത്രി കെട്ടിടം കോളജാക്കുന്നതെന്നും ആരോപണമുണ്ട്. ജില്ലയിലെ ആദ്യത്തെ പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയാണ് കരിന്തളത്തേത്.

പാലിയേറ്റീവ് കെയറിന് വേണ്ടി നിര്‍മ്മിച്ച കെട്ടിടം അവര്‍ക്ക് പരിപാലിക്കാന്‍ കഴിയില്ലെന്നും അത് പ്രവര്‍ത്തന ക്ഷമമാക്കാന്‍ ആവശ്യമായ ഭൗതിക സാഹചര്യം പാലിയേറ്റീവ് കെയറിന് ഉണ്ടാകുമ്പോള്‍ കെട്ടിടം വിട്ടുനല്‍കാന്‍ തയ്യാറാണെന്നും കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് വിധുബാലയുടെ വിശദീകരണം. വലിയ കെട്ടിടം പാലീയേറ്റീവ് കെയറിനെ സംമ്പന്ധിച്ച് അധിക ചെലവുണ്ടാക്കും. കൊല്ലംപാറയില്‍ കോളജിനായി സ്ഥലം കണ്ടുവെച്ചിട്ടുണ്ട്. ഒന്നര വര്‍ഷത്തിനുള്ളില്‍ അവിടെ കോളജ് കെട്ടിടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കോളജിന്റെ കെട്ടിടം പൂര്‍ത്തിയാകുന്ന മുറയ്ക്ക് പാലീയേറ്റീവ് കെയറിന് തന്നെ തിരിച്ചു കൊടുക്കുമെന്നും വുധുബാല വ്യക്തമാക്കി.

ഒരേസമയം 20 കിടപ്പുരോഗികള്‍ക്ക് ചികിത്സ സാധ്യമാകുന്ന വിധത്തിലാണ് കെട്ടിടം പൂര്‍ത്തിയാക്കിയത്. ഇവര്‍ക്കായി പ്രത്യേകം മുറികളും സജ്ജീകരിച്ചിട്ടുണ്ട്. ഒപ്പം വിശാലമായ ഒ.പി., രോഗികളുടെ പുനരധിവാസ പരിശീലനം, സാന്ത്വനചികിത്സാ പരിശീലനം തുടങ്ങിയവയ്ക്കും കെട്ടിടത്തില്‍ സൗകര്യമെരുക്കിയിട്ടുണ്ട്. കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ 150-ഓളം കിടപ്പുരോഗികളുണ്ട്. നിരവധി പട്ടികവര്‍ഗക്കാരും ഇതിന്റെ ഗുണഭോക്താക്കളായിട്ടുണ്ട്. മാത്രമല്ല, ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ക്കും ആശ്രയമാകേണ്ടുന്ന സ്ഥാപനമാണിതെന്ന് നാട്ടുക്കാര്‍ പറയുന്നു. കളക്ട്രേറ്റില്‍ ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ ഈ വിഷയം കെ ബി മുഹമ്മദ് കുഞ്ഞി ഉന്നയിച്ചപ്പോഴാണ് മന്ത്രി ഇതേ കുറിച്ച് അറിയില്ലെന്ന് പ്രതികരിച്ചത്.പിന്നീട് മാധ്യമ പ്രവര്‍ത്തകരോടും മന്ത്രി ഇക്കാര്യം വ്യക്തമാക്കി. ഇതേ കുറിച്ച് അന്വേഷിച്ച് പ്രതികരിക്കാമെന്ന് മന്ത്രി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Minister, Endosulfan, E.Chandrashekharan, Complaint, College, P.Karunakaran-MP, Treatment,Panchayath plan to hand over Palliative care building for college

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia