city-gold-ad-for-blogger

Controversy | പള്ളിക്കര പഞ്ചായത് ഭരണസമിതിക്ക് തിരിച്ചടി; 94 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞതിന്റെ പേരില്‍ അയോഗ്യനാക്കാന്‍ നിര്‍ദേശിക്കപ്പെട്ട മുസ്ലിം ലീഗ് അംഗത്തിന് ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാം

Panchayat's Decision Overturned: Disqualified Member Reinstated
Photo Credit: Website/ LSG Kerala

● 3 പഞ്ചായത് ഭരണസമിതി യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നാല്‍ അംഗത്വം നഷ്ടപ്പെടും. 
● കാറഡുക്ക സൊസൈറ്റി തട്ടിപ്പ് കേസില്‍ 94 ദിവസം ജയിലിലായിരുന്നു.
● മൂന്നാമത്തെ യോഗം ഔപചാരികമല്ലായിരുന്നുവെന്ന് വിശദീകരണം.

പള്ളിക്കര: (KasargodVartha) പള്ളിക്കര പഞ്ചായത് ഭരണസമിതിക്ക് തിരിച്ചടി. 94 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞതിന്റെ പേരില്‍ മൂന്ന് ഭരണസമിതി യോഗത്തില്‍ അയോഗ്യനാക്കാന്‍ നിര്‍ദേശിക്കപ്പെട്ട മുസ്ലിം ലീഗ് അംഗത്തിന് ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാന്‍ തിരഞ്ഞെടുപ്പ് കമീഷന്റെ അനുമതി. രണ്ടാം വാര്‍ഡായ ഹദ്ദാദ് നഗര്‍ അംഗം അഹ്‌മദ് ബശീറിനാണ് (Ahmad Basheer) കമീഷന്റെ അനുമതി ലഭിച്ചിരിക്കുന്നത്. 

ആഗസ്ത് 24 ന് ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ പഞ്ചായത് സെക്രടറി, അഹ്‌മദ് ബശീറിനെ അയോഗ്യനാക്കാന്‍ തിരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. ജനപ്രാതിനിധ്യ നിയമപ്രകാരം തുടര്‍ച്ചയായി മൂന്ന് പഞ്ചായത് ഭരണസമിതി യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നാല്‍ അംഗത്വം നഷ്ടപ്പെടുമെന്നാണ് വ്യവസ്ഥ. 

കാറഡുക്ക കോ-ഓപറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് അഞ്ച് കോടിയോളം രൂപയുടെ സ്വര്‍ണവും പണവും അപഹരിച്ചെന്ന കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് അഹ്‌മദ് ബശീര്‍ 94 ദിവസം ജയിലിലായിരുന്നു. ഈ റിമാന്‍ഡ് കാലയളവില്‍ നടന്ന മൂന്ന് ഭരണസമിതി യോഗങ്ങളില്‍ ബശീറിന് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് പറഞ്ഞാണ് അഹ്‌മദ് ബശീറിനെ അയോഗ്യനാക്കാന്‍ തിരഞ്ഞെടുപ്പ് കമീഷനോട് ശിപാര്‍ശ ചെയ്തത്.

Panchayat's Decision Overturned: Disqualified Member Reinstated

 

ബശീര്‍ അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് ഈ വാര്‍ഡിന്റെ അധിക ചുമതല തൊട്ടടുത്ത മൂന്നാം വാര്‍ഡിലെ ഐഎന്‍എല്‍ അംഗമായ കുഞ്ഞബ്ദുല്ലയ്ക്ക് കൈമാറാന്‍ ഭരണസമിതി യോഗം തീരുമാനിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. 22 അംഗഭരണ സിമിതിയില്‍ എല്‍ഡിഎഫിന് 14 ഉം യുഡിഎഫിന് എട്ടും അംഗങ്ങളാണ് ഉണ്ടായിരുന്നത്. 

പഞ്ചായത് ഭരണസമിതിയുടെ തീരുമാനത്തിനെതിരെ അഹ്‌മദ് ബശീര്‍ തിരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുകയായിരുന്നു. റിമാന്‍ഡിലായിരുന്ന കാലയളവിലെ രണ്ട് യോഗത്തില്‍ മാത്രമേ പങ്കെടുക്കാതിരുന്നിട്ടുള്ളൂവെന്നും മൂന്നാമത്തെ യോഗം ഔപചാരികമല്ലായിരുന്നുവെന്നും തനിക്ക് ഈ യോഗത്തിന്റെ അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നും തിരഞ്ഞെടുപ്പ് കമീഷന് നല്‍കിയ വിശദീകരണത്തില്‍ അഹ്‌മദ് ബശീര്‍ വാദിച്ചു. ഇത് ശരിവെച്ചുകൊണ്ടാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്‍ പഞ്ചായത് ഭരണസമിതി യോഗത്തില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കിയത്.

#KeralaPolitics #LocalElections #Disqualification #Reinstatement

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia