Conflict | മെഡികൽ ഓഫീസറും പഞ്ചായത് പ്രസിഡണ്ടും തമ്മിൽ പോര്; ആശുപത്രിയിലെ ഓഫീസ് മുറി താഴിട്ട് പൂട്ടി; ഒടുവിൽ പൊലീസിൻ്റെ മധ്യസ്ഥതയിൽ ഒത്തുതീർപ്പ്; പ്രതിഷേധവുമായി കെ ജി എം ഒ എ രംഗത്ത്
* ഡോക്ടർമാർക്കെതിരെയുള്ള അതിക്രമങ്ങളെ നോക്കി നിൽക്കില്ലെന്നും നീതിക്ക് വേണ്ടി ശക്തമായ സമരങ്ങളിലേക്ക് പോകാൻ നിർബന്ധിതമാകുമെന്നും കെ ജി എം ഒ എ
പാണത്തൂർ: (KasargodVartha) കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡികൽ ഓഫീസറുടെ ഓഫീസ് മുറി പനത്തടി പഞ്ചായത് പ്രസിഡന്റ് പ്രസന്ന പ്രസാദിന്റെ നേതൃത്വത്തിൽ താഴിട്ടുപൂട്ടി താക്കോലുമായി കടന്നുകളഞ്ഞതായി പരാതി. കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് നഴ്സിന്റെ തുടർ നിയമനവുമായി ബന്ധപ്പെട്ടതാണ് ആശുപത്രിയിൽ പ്രശ്നങ്ങൾ ഉടലെടുത്തത്. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് വകയിരുത്തിയ തുകയിൽ ചില ക്രമക്കേടുകൾ കണ്ടെത്തിയതിനെതുടർന്ന് മെഡികൽ ഓഫീസർ പാലിയേറ്റീവ് നഴ്സിനോട് വാക്കാൽ വിശദീകരണം ചോദിച്ചിരുന്നുവെന്നാണ് വിവരം.
ദിവസങ്ങൾക്കുള്ളിൽ നഴ്സ് മെഡികൽ ഓഫീസറുടെ പേര് എഴുതിവെച്ച് ജീവനൊടുക്കാൻ ശ്രമം നടത്തിയിരുന്നുവെന്നും പറയുന്നുണ്ട്. തുടർന്നു മൂന്നുമാസക്കാലമായി ഇവർ അവധിയിലായിരുന്നു. കഴിഞ്ഞദിവസം പാലിയേറ്റീവ് മോണിറ്ററിംഗ് കമിറ്റി ചേർന്ന് നഴ്സിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചിരുന്നു. തുടർന്ന് ബുധനാഴ്ച ജോലിയിൽ പ്രവേശിക്കാൻ എത്തിയപ്പോഴാണ് ഇവർക്കെതിരെ മറ്റൊരാൾ പരാതി നൽകിയത്. മുറിയുടെ താക്കോലുമായി പഞ്ചായത് പ്രസിഡന്റ് കടന്നുകളഞ്ഞതായി കാട്ടി മെഡിക്കൽ ഓഫീസർ പൊലീസിൽ പരാതി നൽകി.
ഇതിന്റെ പശ്ചാത്തലത്തിൽ പോലീസ് എത്തി പരിശോധന നടത്തി. ഭരണകക്ഷിയുടെ വനിതാ വിഭാഗം നേതാവ് കൂടിയായ പാലിയേറ്റീവ് നഴ്സിന് വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലയെന്ന് കാണിച്ച് ചാമുണ്ഡിക്കുന്ന് സ്വദേശി വി എസ് അനുരാജ് ഡോക്ടർക്ക് പരാതി നൽകിയിരുന്നു. വൈകുന്നേരം പ്രസിഡന്‍റിനെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി രാജപുരം ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ നഴ്സിനെ താത്കാലികമായി മാറ്റിനിർത്തുന്നതിന് തീരുമാനിച്ചു. തുടർന്ന് താക്കോൽ തിരിച്ചുനൽകി.
അതിനിടെ, പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പഞ്ചായത് പ്രസിഡൻറിൻ്റെ നേതൃത്വത്തിൽ മെഡികൽ ഓഫീസറെ ഭീഷണിപ്പെടുത്തുകയും ഔദ്യോഗിക ജോലി തടസ്സപ്പെടുത്തുകയും മുറി താഴിട്ടു പൂട്ടുകയും ചെയ്തുവെന്നാരോപിച്ച് പ്രതിഷേധവുമായി കെജിഎംഒഎ രംഗത്ത് വന്നു. ആരോഗ്യ കേന്ദ്രത്തിന് സംരക്ഷണം ഒരുക്കേണ്ട പഞ്ചായത് അധികൃതർ തന്നെ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് കുറ്റത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നുവെന്ന് പ്രസ്താവനയിൽ കെജിഎംഒഎ കുറ്റപ്പെടുത്തി.
'മെഡികലി ഫിറ്റല്ലെന്ന് തോന്നിയ ഒരാൾക്ക് ജോലി നൽകണമെന്നാവശ്യപ്പെട്ടാണ് പ്രസിഡണ്ട് മെഡികൽ ഓഫീസറെ സമ്മർദ്ദത്തിലാക്കിയത്. സ്വന്തം ആൾക്കാരെ തിരുകി കയറ്റുന്നതിന് ആശുപത്രികളെ ഉപയോഗിക്കുന്നത് തീർത്തും തെറ്റായ പ്രവണതയാണ്. ഇത്തരം ആവശ്യങ്ങൾ പറഞ്ഞ് ആശുപത്രികളിൽ വന്ന് അതിക്രമം കാണിക്കുന്നത് കൊൽക്കത്തയിൽ നടന്നതിൻ്റെ മറ്റൊരു രൂപമാണ്', ഡോക്ടർമാരുടെ സംഘടന കുറ്റപ്പെടുത്തി.
ഡോക്ടർമാർക്കെതിരെ ഇത്തരം അതിക്രമങ്ങളെ കെ ജി എം ഒ എ നോക്കി നിൽക്കില്ലെന്നും നീതിക്ക് വേണ്ടി ശക്തമായ സമരങ്ങളിലേക്ക് പോകാൻ തന്നെ സംഘടന നിർബന്ധിതമാകുമെന്നും, ഇത്തരം പ്രവണതകൾ തടയാൻ അധികൃതരുടെ ഭാഗത്ത് നിന്നും കർശനമായ നടപടികൾ ഉണ്ടാകണമെന്നും ഡോക്ടർമാർക്കെതിരെ ഇത്തരം ആക്രമങ്ങൾ തുടർന്നാൽ അത്തരം സ്ഥാപനങ്ങളിൽ ജോലി നിർത്തിവെക്കുമെന്നും കെജിഎംഒഎ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.
രോഗികൾക്ക് ചികിൽസ നിഷേധിക്കപ്പെടുന്ന ഇത്തരം സമരങ്ങളിലേക്ക് ഡോക്ടർമാരെ തള്ളിവിടരുതെന്നും കെ ജി എം ഒ എ ജില്ലാ പ്രസിഡൻ്റ് ഡോ. മനോജ് എ ടി, സെക്രടറി ഡോ. ഷിൻസി വി കെ എന്നിവർ പറഞ്ഞു.
#Kerala, #health, #politics, #protest, #corruption, #medical, #hospital, #panchayat