Fine | കടകളിൽ സൂക്ഷിക്കാതെ പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്കൂൾ റോഡിലേക്ക് വലിച്ചെറിഞ്ഞു; പിഴ ഈടാക്കി കുമ്പള ഗ്രാമപഞ്ചായത്; അടക്കേണ്ടത് 5000 രൂപ മുതൽ പതിനായിരം രൂപ വരെ
വലിച്ചെറിഞ്ഞ മാലിന്യത്തിൽ നിന്ന് കിട്ടിയ കവറുകളുടെയും, രേഖകളുടെയും അടിസ്ഥാനത്തിലാണ് കടകൾക്ക് പിഴ അടക്കാൻ നോടീസ് നൽകിയിട്ടുള്ളത്
കുമ്പള: (KasaragodVartha) ഹരിത കർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ, കടകളിൽ സൂക്ഷിച്ചുവെക്കാതെ കുമ്പള സ്കൂൾ റോഡിലേക്ക് വലിച്ചെറിയുന്ന കടയുടമകൾക്കെതിരെ കർശന നടപടിയുമായി കുമ്പള ഗ്രാമപഞ്ചായത് രംഗത്ത്. ഒരുമാസത്തിലേറെയായി ഇത്തരത്തിൽ പ്ലാസ്റ്റിക് മാലിന്യം റോഡിലേക്ക് വലിച്ചെറിയുകയാണ് പതിവ്. നിരവധി തവണ കടയുടമകൾക്ക് ഹരിത കർമസേന മുന്നറിയിപ്പ് നൽകിയിട്ടും കൂട്ടാക്കിയില്ലെന്നാണ് ആക്ഷേപം.
ഇതേത്തുടർന്നാണ് പഞ്ചായത് സെക്രടറിയുടെ നേതൃത്വത്തിൽ കർശന നടപടി സ്വീകരിച്ചത്. വലിച്ചെറിഞ്ഞ മാലിന്യത്തിൽ നിന്ന് കിട്ടിയ കവറുകളുടെയും, രേഖകളുടെയും അടിസ്ഥാനത്തിലാണ് സ്കൂൾ റോഡിന് സമീപത്തുള്ള പത്തോളം കടകൾക്ക് പിഴ അടക്കാൻ നോടീസ് നൽകിയിട്ടുള്ളത്. 5000 രൂപ മുതൽ പതിനായിരം രൂപ വരെയാണ് പിഴ തുക.
കഴിഞ്ഞ രണ്ടാഴ്ചയായി സ്കൂൾ റോഡിലെ പ്ലാസ്റ്റിക് മാലിന്യം ഹരിത കർമസേന നീക്കം ചെയ്തിരുന്നില്ല. മാലിന്യം രണ്ടാഴ്ചയിൽ ഒരിക്കലാണ് ഹരിത കർമസേന ശേഖരിക്കുന്നത്. കടകളിൽ ഭദ്രമായി സൂക്ഷിച്ചു വെച്ചിട്ടുള്ള മാലിന്യങ്ങളാണ് ശേഖരിക്കുന്നത്. എന്നാൽ ചില കട ഉടമകളും, ജോലിക്കാരും മാലിന്യം കടയിൽ സൂക്ഷിച്ചുവക്കാതെ റോഡിലേക്ക് വലിച്ചെറിയുന്നതാണ് നടപടിക്ക് കാരണമായത്. എന്നാൽ ഈ കടയുടമകളാകട്ടെ ഹരിത കർമസേനയ്ക്ക് പ്രതിമാസ യൂസർ ഫീസ് നൽകുന്നുമുണ്ട്.
ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി സ്ഥാപനങ്ങളിലും, അപാർട്മെന്റുകളിലും അശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിന് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിഴ ചുമത്തി വരുന്നതിനിടയിലാണ് പഞ്ചായതിന്റെ നടപടിയെന്നത് ശ്രദ്ധേയമാണ്. നാലുമാസം മുമ്പ് കുമ്പള ഗ്രാമപഞ്ചായതിന് തന്നെ പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി കൂട്ടിയിട്ടതിന് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പതിനായിരം രൂപ പിഴ ചുമത്തിയത് ചർച്ചയായിരുന്നു.