പ്രകൃതിവിഭവ സംരക്ഷണത്തിന് മുൻഗണന; പള്ളിപ്പാടം നീർത്തട വികസന പദ്ധതിക്ക് തുടക്കമായി, ഒന്നാംഘട്ടത്തിൽ 20 ലക്ഷത്തിൻ്റെ പ്രവർത്തനങ്ങൾ
● കയ്യൂർ-ചീമേനി, പിലിക്കോട് പഞ്ചായത്തുകളുടെ അതിർത്തിയോട് ചേർന്നാണ് പദ്ധതി.
● ഒന്നാംഘട്ടത്തിൽ 60 ഹെക്ടർ പ്രദേശത്ത് 20 ലക്ഷം രൂപയുടെ പ്രവൃത്തികൾ നടപ്പിലാക്കും.
● നീരുറവ സംരക്ഷണം, തടയണകൾ, മഴവെള്ള സംഭരണം എന്നിവ പ്രവൃത്തികളിൽ ഉൾപ്പെടുന്നു.
● ചടങ്ങിന്റെ ഭാഗമായി കർഷകർക്കായി മണ്ണ് പരിശോധനാ ക്യാമ്പും പരിശീലനവും സംഘടിപ്പിച്ചു.
കാസർകോട്: (KasargodVartha) മണ്ണ്, ജലം, ജൈവസമ്പത്ത് എന്നീ പ്രകൃതിവിഭവങ്ങളുടെ സമഗ്ര സംരക്ഷണം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ധനസഹായത്തോടെ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന സൂക്ഷ്മ നീർത്തട വികസന പദ്ധതിക്ക് പള്ളിപ്പാടത്ത് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം സന്ദീപ് ജി. വാര്യർ എം.എൽ.എ. നിർവഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.എം. മീനാകുമാരി അധ്യക്ഷത വഹിച്ചു.
2026-27 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ ആദ്യമായി പദ്ധതിക്കായി തിരഞ്ഞെടുത്തത് കയ്യൂർ-ചീമേനി, പിലിക്കോട് പഞ്ചായത്തുകളുടെ അതിർത്തിയോട് ചേർന്നുള്ള പള്ളിപ്പാടം-1 നീർത്തടമാണ്. തോടുകളും പുഴകളും നീർച്ചാലുകളും നിലനിൽക്കുന്നതിനായി അവയുടെ നീർത്തടങ്ങളിലെ മണ്ണ്, ജലം, ജൈവസമ്പത്ത് എന്നിവ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഒന്നാംഘട്ട പ്രവർത്തനങ്ങൾ
ശൂലാപ്പ് കാവിൽനിന്ന് ഉറവയെടുത്ത് പള്ളിപ്പാടം തോട്ടിലേക്ക് നീർവാർച്ചയുള്ള ആകെ 440 ഹെക്ടർ ഭൂപ്രദേശമാണ് പള്ളിപ്പാടം-1 നീർത്തടം. കയ്യൂർ-ചീമേനി പഞ്ചായത്തിലെ 13-ാം വാർഡും പിലിക്കോട് പഞ്ചായത്തിലെ ആറ്, ഏഴ്, എട്ട് വാർഡുകളുടെ ഭാഗങ്ങളും ഈ നീർത്തട പരിധിയിൽ ഉൾപ്പെടുന്നു. ഇതിൽ ശൂലാപ്പ് കാവിനോട് ചേർന്നുള്ള മുകൾഭാഗത്തെ 60 ഹെക്ടർ പ്രദേശത്താണ് ഒന്നാംഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി 20 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്.
ശൂലാപ്പ് കാവിൽനിന്നുള്ള നീരുറവയുടെ സംരക്ഷണം, അനുബന്ധ ചെറുതടയണകളുടെ നിർമാണം, ഭൂജല പരിപോഷണ കുഴികൾ, മേൽക്കൂര മഴവെള്ള സംഭരണവും ഭൂജല പരിപോഷണവും, കല്ലുകയ്യാല നിർമാണം, തട്ടുതിരിക്കൽ, ഫലവൃക്ഷത്തൈ വിതരണം, കർഷക പരിശീലനം തുടങ്ങിയവയാണ് ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രവൃത്തികൾ. പദ്ധതി പ്രവർത്തനങ്ങൾ പൂർണമായും സർക്കാർ ചെലവിലാണ് നിർവഹിക്കുന്നത്.
മണ്ണ് പരിശോധനാ ക്യാമ്പും പരിശീലനവും
ഉദ്ഘാടന ചടങ്ങിൻ്റെ ഭാഗമായി കർഷകരുടെ കൃഷിയിടങ്ങളിലെ മണ്ണ് ശാസ്ത്രീയമായി പരിശോധിച്ച് സോയിൽ ഹെൽത്ത് കാർഡ് നൽകുന്നതിനുള്ള പ്രത്യേക മണ്ണ് പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. കർഷകർക്കായി വിവിധ വിഷയങ്ങളിൽ പരിശീലന ക്ലാസുകളും നൽകി.
ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ വി.വി. പ്രകാശൻ ‘മാറുന്ന കാലാവസ്ഥ; മാറണം നമ്മൾ’ എന്ന വിഷയത്തിലും, കൃഷിവകുപ്പ് റിട്ട. അഡീഷണൽ ഡയറക്ടർ ആർ. വീണാറാണി ‘മണ്ണിനെയറിഞ്ഞ് കൃഷി’ എന്ന വിഷയത്തിലും, മണ്ണ് പര്യവേക്ഷണ ഓഫീസർ സി.കെ. ശ്രീഷ്മ ‘മണ്ണിനെ അറിയാം മൊബൈലിലൂടെ’ എന്ന വിഷയത്തിലും ക്ലാസുകൾ നയിച്ചു. ചടങ്ങിൽ കർഷകർക്ക് ഡോളമൈറ്റും പച്ചക്കറി വിത്ത് പാക്കറ്റുകളും വിതരണം ചെയ്തു.
പങ്കെടുത്തവർ
ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പദ്ധതിയുടെ രൂപരേഖ വിശദീകരിച്ചു. പരിപാടിയിൽ പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇ. കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒക്ലാവ് കൃഷ്‌ണൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. മനു, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.ടി. ശ്രീലത, പിലിക്കോട് ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർമാരായ സി. സന്ധ്യ, കെ. ശ്രീയേഷ്, കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ കെ.ടി. ലത, ബി.എം.സി. കൺവീനർ കെ. ചന്ദ്രൻ മാസ്റ്റർ, പിലിക്കോട് കൃഷി ഓഫീസർ ഇ.എൻ. ശിൽപ്പ, കയ്യൂർ-ചീമേനി കൃഷി ഓഫീസർ കെ. നാണുക്കുട്ടൻ, ശൂലാപ്പ് കാവ് സംരക്ഷണ സമിതി സെക്രട്ടറി എ.എം. ബാലകൃഷ്ണൻ, പാടിക്കീൽ ഗവ. യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ കെ. സുഗതൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കാഞ്ഞങ്ങാട് മണ്ണ് സംരക്ഷണ ഓഫീസർ രാജിത് ആർ. ചന്ദ്രൻ നന്ദി രേഖപ്പെടുത്തി.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: The first phase of the Pallippadam-1 micro-watershed development project, funded by the State Government, was inaugurated by Sandeep G. Varier MLA with an allocation of Rs 20 lakh.
#KasargodVartha #KasaragodNews #AgricultureKerala #WatershedProject #Pallippadam #WaterConservation #MalayalamNews #KeralaFarming #SoilHealth #AparnaNews






