city-gold-ad-for-blogger

12 ജമാഅത്തുകള്‍ ചേര്‍ന്ന് ഖാസിയെ പ്രഖ്യാപിച്ചു; പള്ളിക്കര സംയുക്ത ജമാഅത്ത് പിളര്‍ന്നു

ബേക്കല്‍: (www.kasargodvartha.com 19.08.2014) പള്ളിക്കര സംയുക്ത ജമാഅത്തിലെ 21 മഹല്ല് ജമാഅത്തുകളില്‍ 12 മഹല്ല് ജമാഅത്തുകള്‍ ചേര്‍ന്ന് പൈവളിക അബ്ദുല്‍ഖാദര്‍ മുസ്ല്യാരെ സംയുക്ത ജമാഅത്ത് ഖാസിയായി പ്രഖ്യാപിച്ചതിനെതുടര്‍ന്ന് ഒമ്പത് മഹല്ല് ജമാഅത്തുകള്‍ സംയുക്ത ജമാഅത്തില്‍നിന്നും പുറത്തായി. ഇതോടെ വര്‍ഷങ്ങളായി പള്ളിക്കരയില്‍ നിലനിന്നിരുന്ന ജമാഅത്തുകളുടെ സംയുക്ത ബോഡി നെടുകേ പിളര്‍ന്നു. മൂന്ന് മാസത്തോളമായി നീണ്ടുനിന്ന തര്‍ക്കങ്ങള്‍ക്കൊടുവിലാണ് 12 ജമാഅത്തുകള്‍ചേര്‍ന്ന് ഖാസിയെ പ്രഖ്യാപിച്ചത്.

തിങ്കളാഴ്ച രാത്രി പള്ളിക്കര ഹസനിയ യതീംഖാനയില്‍ചേര്‍ന്ന മഹല്ല് ജമാഅത്തുകളുടെ യോഗത്തില്‍വെച്ചാണ് ഖാസിയുടെ പ്രഖ്യാപനം ഉണ്ടായത്. നേരത്തെ സംയുക്തജമാഅത്ത് ജനറല്‍ബോഡിയില്‍ പുതിയ ഖാസിയായി പൈവളിക അബ്ദുല്‍ഖാദര്‍ മുസ്ല്യാരുടെ പേര് ഒരു വിഭാഗം നിര്‍ദേശിച്ചതോടെ മറുവിഭാഗം ഇതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു.

പലതവണ യോഗങ്ങളും കൂടിയാലോചനകളും നടത്തിയെങ്കിലും പൊതുസമ്മതനായ ഒരാളെ ഖാസിയായി തീരുമാനിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് സംയുക്ത ജമാഅത്ത് ഭാരവാഹികള്‍ ഓരോ മഹല്ല് ജമാഅത്തുകളും അവരവരുടെ ജമാഅത്ത് ജനറല്‍ബോഡി ചേര്‍ന്ന് ഓഗസ്റ്റ് 15ന് മുമ്പ് ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. തിങ്കളാഴ്ച ചേര്‍ന്ന പള്ളിക്കര സംയുക്ത ജമാഅത്ത് ജനറല്‍ബോഡി യോഗത്തില്‍ 12 ജമാഅത്തുകള്‍ ഖാസിയെ അംഗീകരിക്കുന്നതായി അറിയിക്കുകയായിരുന്നു.

ഒമ്പത് ജമാഅത്തുകള്‍ മറുപടി നല്‍കിയില്ല. ഭൂരിപക്ഷ തീരുമാനമാണെന്ന് പറഞ്ഞാണ് ഖാസിയെ യോഗത്തില്‍വെച്ച് പ്രഖ്യാപിച്ചത്. ഇതോടെ ഒമ്പത് മഹല്ല് ജമാഅത്തുകളും ഫലത്തില്‍ ജമാഅത്തില്‍നിന്നും പുറത്താവുകയായിരുന്നു.

ചെരുമ്പ ജമാഅത്ത് ജനറല്‍ബോഡി യോഗംചേര്‍ന്ന് തീരുമാനം അറിയിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും വിവിധ കാരണങ്ങളാല്‍ യോഗംചേരാനായില്ല. അവരുടെ തീരുമാനം അറിയിക്കുന്നതിന് മുമ്പാണ് ഖാസിയുടെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ചെരുമ്പ ജമാഅത്തിന് ജനറല്‍ബോഡി ചേര്‍ന്ന് വിവരം അറിയിക്കാനുള്ള സാവകാശവും കിട്ടിയില്ല. ഇതോടെ ചെരുമ്പ ജമാഅത്തിന്റെ ജനറല്‍ബോഡി യോഗത്തിനും പ്രസക്തിയില്ലാതെയായി.

പള്ളിക്കര സംയുക്ത ജമാഅത്തിലെ പ്രബല മഹല്ല് ജമാഅത്തുകളായ ബേക്കല്‍ ഹൈദ്രോസ് ജമാഅത്ത്, ബേക്കല്‍ ഇല്ല്യാസ് ജമാഅത്ത്, ബേക്കല്‍ ഹദ്ദാദ് ജമാഅത്ത്, മവ്വല്‍ റഹ് മാനിയ ജമാഅത്ത്, മവ്വല്‍ രിഫാഇയ ജമാഅത്ത്, മീത്തല്‍മവ്വല്‍ ജമാഅത്ത്, ചെരുമ്പ ജമാഅത്ത്, പള്ളിപ്പുഴ ജമാഅത്ത്, ചേറ്റുകുണ്ട് കടപ്പുറം ജമാഅത്ത് തുടങ്ങിയ ജമാഅത്തുകളാണ് ഖാസിയുടെ നിയമനകാര്യത്തില്‍ കത്തുനല്‍കാതിരുന്നത്.

ഇപ്പോള്‍ പുറത്തായ ഒമ്പത് മഹല്ല് ജമാഅത്തുകളില്ലുള്ളവര്‍ സംയുക്തജമാഅത്തില്‍ ഭാരവാഹിസ്ഥാനം വഹിക്കുന്നുണ്ട്. ഇവരുടെ ഭാരവാഹിത്വവും ഖാസിയുടെ പ്രഖ്യാപനത്തോടെ ഇല്ലാതാകും. പുറത്തായ ജമാഅത്തുകള്‍ ബേക്കല്‍ മേഖല കേന്ദ്രീകരിച്ച് സംയുക്ത ജമാഅത്ത് പൂര്‍ത്തീകരിക്കാനുള്ള സാധ്യതയും ഉണ്ടായിട്ടുണ്ട്.


അതേസമയം പള്ളിക്കര സംയുക്തജമാഅത്തിനെ നിലനിര്‍ത്താനാവാത്തത് വലിയ വീഴ്ച്ചയായി വിശ്വാസികള്‍ ചൂണ്ടിക്കാട്ടുന്നു. ജമാഅത്തുകളുടെ ഐക്യത്തിനും കെട്ടുറപ്പിനും ഭംഗം വരുത്തുന്ന രീതിയില്‍ ഗ്രൂപിസം വളര്‍ത്തിയതും പൊതുസമ്മതനായ ഒരാളെ ഖാസിയാക്കാനുള്ള നീക്കങ്ങള്‍ക്ക് ചിലര്‍ പാരവെച്ചതും വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
12 ജമാഅത്തുകള്‍ ചേര്‍ന്ന് ഖാസിയെ പ്രഖ്യാപിച്ചു; പള്ളിക്കര സംയുക്ത ജമാഅത്ത് പിളര്‍ന്നു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia