സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രീയം; പള്ളിക്കരയിൽ കുട-ബാഗ് വിതരണം വാക്കേറ്റത്തിൽ കലാശിച്ചു
● പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ ഉദ്ഘാടനം നിർവഹിച്ചു.
● പ്രസിഡന്റിന്റേത് രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള നടപടിയെന്ന് ആരോപണം.
● യു.ഡി.എഫ്. പ്രവർത്തകർ പ്രതിഷേധ യോഗം ചേർന്നു.
● ബോർഡ് യോഗത്തിലെ ധാരണ ലംഘിക്കപ്പെട്ടതായി യു.ഡി.എഫ്.
ബേക്കൽ: (KasargodVartha) മൗവ്വൽ രിഫാഹിയ ലോവർ പ്രൈമറി സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷ വേദിയിൽ പഞ്ചായത്ത് വാർഡ് തല കുട, സ്കൂൾ ബാഗ് വിതരണ ഉദ്ഘാടനത്തെച്ചൊല്ലി പ്രതിഷേധവും വാക്കുതർക്കവും. സ്കൂൾ സ്ഥിതി ചെയ്യുന്ന നാലാം വാർഡ് അംഗമായ കോൺഗ്രസ് നേതാവ് ജയശ്രീ മാധവൻ ഉദ്ഘാടനം ചെയ്യേണ്ട പരിപാടിയായിരുന്നു ഇത്.
പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് ക്ഷണിക്കാതെ പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ, ഐ.എൻ.എല്ലിന്റെ മൂന്നാം വാർഡ് മെമ്പറോടൊപ്പം എത്തി ഉദ്ഘാടനം നിർവഹിച്ചത് വാർഡ് മെമ്പർ ഉൾപ്പെടെയുള്ള നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് കാരണമായി.
കഴിഞ്ഞ ദിവസം തച്ചങ്ങാട് ഗവ. ഹൈസ്കൂളിൽ വെച്ച് പഞ്ചായത്ത് തല കുട-ബാഗ് വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രസിഡന്റ് നിർവഹിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൗവ്വലിലെ പരിപാടിയിൽ വാർഡ് മെമ്പറെ ഒഴിവാക്കി പ്രസിഡന്റ് ഉദ്ഘാടകനായത്.

പ്രസംഗത്തിനിടെ ജയശ്രീ മാധവൻ തന്റെ പ്രതിഷേധം രേഖപ്പെടുത്തി. ഉദ്ഘാടനം പൂർത്തിയാക്കി പ്രസിഡന്റ് സ്ഥലം വിട്ടതിന് പിന്നാലെ ലീഗ്-കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധ യോഗം നടത്തി.
പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റും വാർഡ് തല ഉദ്ഘാടനം വാർഡ് മെമ്പറും നടത്താനായിരുന്നു ബോർഡ് യോഗത്തിലെ ധാരണ. എന്നാൽ, ഇത് തെറ്റിച്ചാണ് പഞ്ചായത്ത് പ്രസിഡന്റ് കോൺഗ്രസ് വാർഡ് മെമ്പറെ തഴഞ്ഞ് ഉദ്ഘാടനം ഏറ്റെടുത്തതെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. സ്കൂൾ അധികൃതർ വാർഡ് മെമ്പറുടെ ചിത്രം സഹിതമുള്ള പോസ്റ്റർ അടിച്ച് പ്രചാരണം നടത്തിയിരുന്നു.
രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തന്റെ വാർഡിലെ സ്കൂളിന്റെ ക്ഷണം പോലുമില്ലാതെ പ്രസിഡന്റ് വന്നതെന്ന് മെമ്പർ ജയശ്രീ മാധവൻ കാസർകോട് വാർത്തയോട് പറഞ്ഞു. എല്ലാ വാർഡുകളിലും എത്താൻ കഴിയാത്തതുകൊണ്ട് സൗകര്യപ്രദമായ മൗവ്വൽ വാർഡിലേക്ക് എത്തുകയായിരുന്നുവെന്നും ഇതിനെ വിവാദമാക്കുന്നത് സങ്കുചിതമായ കാഴ്ചപ്പാടോടെയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ പ്രതികരിച്ചു.
ക്ഷണിക്കാതെ പ്രസിഡന്റ് ഉദ്ഘാടകനായത് ഒട്ടും ശരിയല്ലെന്ന് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് മുഹമ്മദ് കുഞ്ഞിയും അഭിപ്രായപ്പെട്ടു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ.
Article Summary: A political dispute arises during an Independence Day event in Pallikkara Panchayat.
#Pallikkara, #KasaragodNews, #IndependenceDay, #PoliticalDispute, #KeralaPolitics, #LocalNews






