Cultivation | അബ്ദുൽ ഖാദറിന്റെ നെൽപ്പാടം, ബളാൽ പഞ്ചായത്തിന്റെയും; ഞാറ് നടാൻ ഭരണസമിതി ഒന്നടങ്കം വയലിൽ ഇറങ്ങി
പാരമ്പര്യ കൃഷി രീതികൾ പിന്തുടർന്നു വന്നിരുന്ന ഇദ്ദേഹം അടുത്ത കാലത്താണ് യന്ത്രം ഉപയോഗിച്ച് നിലം ഉഴുത് മറിച്ചു നെൽകൃഷി നടത്തുന്ന രീതിയിലേക്ക് തിരിഞ്ഞത്
സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (KasargodVartha) പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്റെ ഒരേക്കർ നെൽപാടത്ത് (Paddy field) ഞാറ് നടാൻ പ്രസിഡണ്ട് ഉൾപ്പെടെയുള്ള പഞ്ചായത്തിലെ മുഴുവൻ മെമ്പർമാരും (Ward Members) വയലിൽ ഇറങ്ങി. ബളാൽ പഞ്ചായത്ത് (Balal Grama Panchayat) ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ (Standing Committee Chairman) ടി അബ്ദുൽ ഖാദറിന്റെ നെൽപ്പാടത്താണ് നാട്ടിപ്പാട്ടിന്റെ ഈണത്തിൽ ഞാറ് നാടൻ പ്രസിഡന്റ് അടക്കം 16 അംഗങ്ങളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ഇറങ്ങിയത്.
നെൽകൃഷി (Paddy cultivation) അന്യം നിന്നുപോകുന്ന മലയോരത്ത് കുടുംബപരമായുള്ള നെൽവയലിൽ വർഷങ്ങളായി അബ്‌ദുൽ ഖാദർ നെൽകൃഷി നടത്തി വരുന്നുണ്ടെങ്കിലും ജനപ്രധിനിധിയായി ഇരിക്കുമ്പോൾ അതിന് ഒരു പഞ്ചായത്തിന്റെ മൊത്തം ജനപ്രതിനിധികളുടെയും പിന്തുണയും കിട്ടി. പാരമ്പര്യ കൃഷി രീതികൾ പിന്തുടർന്നു വന്നിരുന്ന അബ്‌ദുൽ ഖാദർ അടുത്ത കാലത്താണ് യന്ത്രം ഉപയോഗിച്ച് നിലം ഉഴുത് മറിച്ചു നെൽകൃഷി നടത്തുന്ന രീതിയിലേക്ക് തിരിഞ്ഞത്. എന്നാലും ഞാറ് നടുന്നതും വിള കൊയ്യുന്നതും പഴയ രീതിയിൽ തന്നെയാണ്.
ഉമ, ശ്രേയസ്, രക്ത ശാലി നെൽവിത്തുക്കൾ ഉപയോഗിച്ചാണ് ഇക്കുറി അബ്ദുൽ ഖാദർ കൃഷി ഇറക്കിയിരിക്കുന്നത്. ഞാറ്റടി തയ്യാറാക്കി നടുന്നതാണ് രീതി. ഒരു കാലത്ത് ഹെക്ടർ കണക്കിന് നെൽവയൽ ഉണ്ടായിരുന്ന ബളാൽ പഞ്ചായത്തിൽ വർഷങ്ങളായി സ്ഥിരം നെൽ കൃഷി ചെയ്യുന്ന ഏക കർഷകൻ കൂടിയാണ് ഇദ്ദേഹം. സഹായത്തിനു മകൻ ഹൈദരും കൂടെയുണ്ട്.
വയലിൽ ഇറങ്ങി ഞാറ് നട്ടുകൊണ്ട് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം രാധാമണി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അലക്സ് നെടിയകാലയിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ പി പത്മാവതി, സന്ധ്യ ശിവൻ, എം അജിത, ജെസ്സി ചാക്കോ, ശ്രീജ രാമചന്ദ്രൻ, ജോസഫ് വർക്കി, ബിൻസി ജെയിൻ, ബളാൽ കൃഷി ഓഫീസർ നിഖിൽ നാരായണൻ, ശ്രീഹരി വി, കുടുംബശ്രീ ചെയർപേഴ്‌സൺ മേരി ബാബു എന്നിവരും പങ്കാളികളായി.