Criticism | പി വി അൻവറിന്റെ കാസർകോട് സന്ദർശനത്തിൽ ഒരു സിപിഎം പ്രവർത്തകനും പങ്കെടുത്തില്ലെന്ന് പാർടി വിലയിരുത്തൽ; 'മന്തി' പരാമർശത്തിനെതിരെ ഡിവൈഎഫ്ഐ; എംഎൽഎ മാപ്പ് പറയണമെന്ന് ബിജെപിയും
● 'സ്വീകരണത്തിൽ പങ്കെടുത്തവരെല്ലാം ലീഗിനോട് അമർഷമുള്ളവർ'.
● ഡിവൈഎഫ്ഐയും ബിജെപിയും അൻവറിന്റെ പ്രസ്താവനകൾക്കെതിരെ രംഗത്ത്.
● അൻവർ കാസർകോട് ജില്ലയെ അപമാനിച്ചുവെന്നാരോപണം.
കാസർകോട്: (KasargodVartha) സിപിഎമ്മിനോട് അകന്ന് പുറത്തുപോയി സർകാരിനെയും പാർടിയെയും പ്രതിക്കൂട്ടിൽ നിർത്തിയ നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ കാസർകോട് സന്ദർശനം തികഞ്ഞ പരാജയമാണെന്ന് പാർടി നേതൃത്വം വിലയിരുത്തായി സൂചന. ഒരു പാർടി പ്രവർത്തകനും അൻവറിന്റെ റെയിൽവേ സ്റ്റേഷനിലെ സ്വീകരണത്തിലോ കാസർകോട് ഗസ്റ്റ് ഹൗസിലെ കൂടിയാലോചന യോഗത്തിനോ എത്തിയിട്ടില്ലെന്നാണ് സിപിഎം വിലയിരുത്തുന്നത്.
അൻവറിന്റെ പരിപാടിക്ക് വന്നവരിൽ ഭൂരിഭാഗവും മുസ്ലിം ലീഗിനോട് അമർഷവും വിരോധവും ഉള്ളവരാണെന്നും പാർടി നേതാക്കൾ വ്യക്തമാക്കുന്നു. പിവി അൻവറിന്റെ സാമൂഹ്യ സംഘടനയായ ഡിഎംകെയുടെ കാസർകോട്ടെ വാട്സ്ആപ് ഗ്രൂപിൽ 150 ലേറെ പേരാണ് അംഗങ്ങളായിട്ടുള്ളത്. ഇതിൽ പാർടിയുമായി ബന്ധമുള്ള ആരുമില്ലെന്നാണ് നേതൃത്വം ആശ്വാസം കൊള്ളുന്നത്
പിവി അൻവറിന് കാസർകോട്ട് സ്വാധീനം ഉണ്ടാക്കാൻ കഴിയുന്ന രീതിയിലുള്ള ഒരു ചലനവും സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് നിരീക്ഷിച്ച സിപിഎം, ഓടോറിക്ഷ കസ്റ്റഡിയിലെടുത്തിൽ മനം നൊന്ത് മരിച്ച അബ്ദുൽ സത്താറിന്റെ കുടുംബത്തെ പിവി അൻവർ സന്ദർശിക്കുമെന്നും ആശ്വാസ ധനം നൽകുമെന്നും പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഎം നേതാക്കൾ ഓടോറിക്ഷ ഡ്രൈവറുടെ മംഗ്ളൂറിലെ വീട്ടിലെത്തിയതും കുടുംബത്തെ ആശ്വസിപ്പിക്കാൻ കഴിഞ്ഞതും ചടുലമായ നീക്കമായി കാണുന്നു.
അൻവറിനെ കാണാനെത്തിയവരിൽ കുറച്ച് മുസ്ലിം ലീഗ് അനുഭാവികൾ ഉണ്ടെന്നും ബാക്കി എല്ലാവരും ലീഗിനെ തുറന്ന് എതിർക്കുന്നവരാണെന്നും സിപിഎം നേതാക്കൾ പറയുന്നുണ്ട്. അൻവറിന്റെ സന്ദർശനം ലീഗും ഉറ്റുനോക്കിയിരുന്നു. ലീഗിന്റെ പ്രധാന നേതാക്കൾ ആരെങ്കിലും അൻവറിനെ പിന്തുണച്ച് പോകുമോയെന്ന് ചർച്ചയായിരുന്നു. എന്നാൽ അതൊന്നും സംഭവിച്ചിട്ടില്ലെന്നത് ലീഗ് നേതൃത്വത്തെയും ആശ്വാസം കൊള്ളിച്ചു.
മാപ്പ് പറയണമെന്ന് ആവശ്യം
അതിനിടെ കാസർകോട് ജില്ലക്കാർ പ്രതികരണ ശേഷി ഇല്ലാത്തവരാണെന്നും മന്തി തിന്നാൻ മാത്രമേ നേരമുള്ളൂവെന്നും പത്രം വായിക്കാറില്ലെന്നുമുള്ള പരാമർശം പരമാവധി മുതലെടുക്കാനും കാസർകോട് ജില്ലയോടുള്ള അൻവറിന്റെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യാനും സിപിഎമ്മും ബിജെപിയും രംഗത്തുവന്നിട്ടുണ്ട്. ഡിവൈഎഫ്ഐ ജില്ലാ നേതൃത്വമാണ് അൻവറിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ ആദ്യം രംഗത്തുവന്നത്.
കാസർകോട് ജില്ലക്കാരെ അപമാനിച്ച പി വി അന്‍വര്‍ മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രടറിയേറ്റ് ആവശ്യപ്പെട്ടു. ജമാഅതെ ഇസ്ലാമിയുടെ പ്രചാരകനായി മാറിയ അന്‍വറിന് സമനില നഷ്ടമായിരിക്കുകയാണ്. ജില്ലയില്‍ വലിയ പിന്തുണ പ്രതീക്ഷിച്ചെത്തി ആളില്ലാതെ അപഹാസ്യനായതോടെയാണ് ജില്ലയെ അടച്ചാക്ഷേപിച്ചു കൊണ്ട് പ്രതികരണം നടത്തിയത്. സപ്തഭാഷാ സംഗമ ഭൂമിയായ കാസർകോടിൻറെ രാഷ്ട്രീയ - സാംസ്കാരിക വൈവിധ്യങ്ങളെ അപഹസിച്ച അന്‍വര്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്ന് ഡിവൈഎഫ്ഐ കൂട്ടിച്ചേർത്തു.
കാസർകോട് ജില്ലയെ അപമാനിച്ച പി വി അൻവർ പ്രസ്താവന പിൻവലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്തും ആവശ്യപ്പെട്ടു. ജില്ലയിലെ ജനങ്ങൾ പൊതുവേ നിഷ്കളങ്കരും കുറച്ചു കൂടുതൽ ക്ഷമാ ശീലമുള്ളവരുമാണ്. പക്ഷെ അത് അൻവർ ആരോപിക്കുന്നതു പോലെ കാസർകോടുക്കാർക്ക് പ്രതികരണ ശേഷി ഇല്ലാത്തതുകൊണ്ടല്ലെന്ന് അദ്ദേഹം വ്യക്തമാക്കി..
ജില്ലയുടെ പ്രതികരണ ശേഷിയെ കുറിച്ചുള്ള അജ്ഞത കൊണ്ടാണ് അൻവർ ഇവിടെ വന്ന് കാസർകോട്ടുകാരെ മൊത്തത്തിൽ അവഹേളിച്ചതെന്ന് ബിജെപി ആരോപിച്ചു. ഈ ജില്ല നേടിയതു തന്നെ ഇവിടെത്തെ ജനങ്ങളുടെ പോരാട്ടം കൊണ്ടാണ്. എൻഡോസൾഫാൻ നിരോധനം, ഫസ്ന വധക്കേസ്, കന്നഡ ഭാഷാ നൂനപക്ഷ അവകാശത്തിനു വേണ്ടിയുള്ള പ്രക്ഷോഭത്തെ തുടർന്ന് പി.എസ് സി പരീക്ഷ റദ്ദാക്കിയത് തുടങ്ങിയ നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ ജില്ലയാണിത്.
ഇവിടെത്തെ ജനങ്ങളുടെ സമരം കൊണ്ടാണ് എൻഡോസൾഫാൻ നിരോധിച്ചത് തന്നെ. അല്ലാതെ അൻവറിനെ പോലെ മാധ്യമങ്ങളിൽ മാത്രം വീമ്പ് പറഞ്ഞത് നടക്കുന്നത് പോലെയല്ലെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി . ഈ കാര്യത്തിൽ ജില്ലയിലെ രാഷ്ട്രീയ പാർടികളും ജനപ്രതിനിധികളും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
#PVAnvar #Kasaragod #KeralaPolitics #CPM #MuslimLeague #DYFI #BJP #KeralaNews