ജില്ലയില്‍ ഓണവിപണി കയ്യടക്കി മറുനാടന്‍ പൂക്കള്‍; തദ്ദേശസ്ഥാപനങ്ങളുടെ നിയന്ത്രണങ്ങള്‍ പൂക്കച്ചവടക്കാര്‍ക്ക് തിരിച്ചടിയാകുന്നു
Sep 12, 2016, 14:13 IST
കാസര്‍കോട്; (www.kasargodvartha.com 12/09/2016) കാസര്‍കോട് ജില്ലയിലെ പൂവിപണി കയ്യടക്കി മറുനാടന്‍ പൂക്കള്‍. കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും മറ്റ് പ്രധാനനഗരങ്ങളിലും പൂക്കച്ചവടം തകൃതിയാണെങ്കിലും തദ്ദേശസ്ഥാപനങ്ങള്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ പൂക്കച്ചവടക്കാര്‍ക്ക് തിരിച്ചടിയാവുകയാണ്. മുന്‍കാലങ്ങളില്‍ ജില്ലയില്‍ ഓണംവിഷു ആഘോഷക്കാലത്ത് കര്‍ണ്ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ളവരാണ് പൂവില്‍പ്പനയില്‍ സജീവമായിരുന്നതെങ്കില്‍ ഇക്കുറി അസാം, ബംഗാള്‍,ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പൂക്കച്ചവടക്കാരാണ് ഏറെയും. കര്‍ണ്ണാടകയിലെ ഷിമോഗ, ഹാസന്‍, ഉഡുപ്പി , മംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ള പൂക്കളും വിപണിയിലുണ്ട്. നാട്ടില്‍ നിന്നുള്ള പൂക്കളും വില്‍പ്പനക്കുണ്ട്.
കാഞ്ഞങ്ങാട് നഗരത്തിലെ പൂക്കച്ചവടക്കാര്‍ക്ക് നഗരസഭ ഏര്‍പ്പെടുത്തിയിരിക്കുന്നത് കടുത്ത നിയന്ത്രണങ്ങളാണ്.ഇത് പൂവില്‍പ്പനയെ പ്രതികൂലമായി ബാധിക്കുന്നു.സ്ത്രീകളും കുട്ടികളുമക്കമുള്ള അമ്പതോളം അന്യസംസ്ഥാനക്കാരാണ് കാഞ്ഞങ്ങാട്ട് പൂവില്‍പ്പനയിലേര്‍പ്പെട്ടിരിക്കുന്നത്. ഇവരില്‍ നിന്നും ലൈസന്‍സ് നിരക്ക്, തിരിച്ചറിയല്‍ കാര്‍ഡ്, അപേക്ഷാഫീസ് എന്നീ ഇനങ്ങളിലായി നഗരസഭാ ഉദ്യോഗസ്ഥര്‍ 500 രൂപ മുതല്‍ ആയിരം രൂപ വരെ വാങ്ങിയെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്.കാഞ്ഞങ്ങാട്ടെ ഒരു ലോഡ്ജില്‍ ചെറിയ മുറികളിലായാണ് പൂക്കച്ചവടക്കാരുടെ താമസം.
പൂക്കച്ചവടക്കാരില്‍ നിന്നും ഫീസുകള്‍ ഈടാക്കിയതോടെ പല പൂക്കള്‍ക്കും വില കൂട്ടേണ്ടിവന്നിരിക്കുകയാണ്. ഒരു മുളത്തിന് 20 രൂപ നിരക്കില്‍ വില്‍പ്പന നടത്തിയിരുന്ന പൂവുകള്‍ക്ക് 30 രൂപ വരെ വില കയറിയിരിക്കുകയാണ്.ഓണത്തിന്റെയും ബലിപെരുന്നാളിന്റെയും ഭാഗമായുള്ള തിരക്കുകള്‍ നിയന്ത്രിക്കുന്നതിനുവേണ്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെങ്കിലും പൂവില്‍പ്പനയെയാണ് നിയന്ത്രണം ഏറ്റവും പ്രതികൂലമായി ബാധിച്ചത്. നഗരസഭയുടെ പേരില്‍ ചില ഉദ്യോഗസ്ഥര്‍ വഴിയോരക്കച്ചവടക്കാരില്‍ നിന്നും പൂവില്‍പ്പനക്കാരില്‍ നിന്നും അനധികൃത പണപ്പിരിവ് നടത്തുകയാണെന്ന ആക്ഷേപവും ശക്തമാണ്.. നഗരത്തില്‍ സ്ഥിരമായി കച്ചവടം നടത്തുന്ന വ്യാപാരികളില്‍ നിന്നും ഒരു വര്‍ഷത്തേക്ക് 500ല്‍ താഴെ ഫീസ് വാങ്ങുമ്പോഴാണ് മൂന്നുദിവസത്തേക്ക് മാത്രം കച്ചവടം നടത്തുന്നവരോട് 500 മുതല്‍ 1000 വരെ ഫീസ് വാങ്ങുന്നത്.
Keywords: Onam-celebration, kasaragod, District, Sale, Municipality, kasaragod, Kerala