city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ നിരവധി; കാസര്‍കോട് ജില്ലയിലും കോതമംഗലം മോഡല്‍ ദുരന്തത്തിന് സാധ്യത

കാസര്‍കോട്: (www.kasargodvartha.com 28/06/2015) ഏതു നിമിഷവും കടപുഴകി വീഴാവുന്ന സ്ഥിതിയിലുള്ള വന്‍ മരങ്ങള്‍ കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പാതയോരങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ദേശീയ-സംസ്ഥാന പാതയോരങ്ങളിലും മറ്റു പ്രധാന റോഡുകള്‍ക്കരികിലും കാലപ്പഴക്കമുള്ളതും അല്ലാത്തതുമായ നിരവധി മരങ്ങളാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്.

അതിശക്തമായ കാറ്റില്‍ റോഡരികിലെ പല മരങ്ങളും ഇതിനകം കടപുഴകി വീണിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ 12 ഓളം മരങ്ങളാണ് ഇത്തരത്തില്‍ നിലംപതിച്ചത്. ചെര്‍ക്കള, ബേവിഞ്ച, ബോവിക്കാനം, ബദിയഡുക്ക ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരങ്ങള്‍ കാറ്റില്‍ കടപുഴകി വീണത്.

ഭാഗ്യം കൊണ്ടുമാത്രമാണ് വാഹനയാത്രക്കാരും കാല്‍നടയാത്രക്കാരും അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഈ മരങ്ങളെല്ലാം വാഹനങ്ങള്‍ക്ക് മുകളില്‍ വീണിരുന്നുവെങ്കില്‍ കോതമംഗലത്ത്് സംഭവിച്ചതിനേക്കാള്‍ വലിയ ദുരന്തം തന്നെ കാസര്‍കോട് ജില്ലയില്‍ സംഭവിക്കുമായിരുന്നു. കോതമംഗലത്ത് സ്‌കൂള്‍ വാഹനത്തിലേക്ക് മരം വീണ് അഞ്ചു കുട്ടികള്‍ മരണപ്പെട്ട സംഭവം കേരളത്തെ മൊത്തത്തില്‍ നടുക്കിയിരിക്കുകയാണ്. സംസ്ഥാന വ്യാപകമായി റോഡരികിലുള്ള അപകട ഭീഷണി ഉയര്‍ത്തുന്ന മുഴുവന്‍ മരങ്ങളും വെട്ടിമാറ്റാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ കാസര്‍കോട്ട് ഇതിനു വേണ്ട നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല.

ബദിയഡുക്ക മുതല്‍ നെക്രാജെ വരെ റോഡിന് ഇരുവശത്തും ഇടതൂര്‍ന്ന് കിടക്കുന്ന മരങ്ങളില്‍ പലതും ഏതു സമയത്തും ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണുള്ളത്. എല്ലാ ദിവസവും ഈ മരങ്ങളില്‍ ഒന്നെങ്കിലും കടപുഴകി റോഡില്‍ വീഴുകയും ഇതു മൂലം ഗതാഗത തടസം ഉണ്ടാവുകയും ചെയ്യുന്നതായി നാട്ടുകാര്‍ പറയുന്നു. കാസര്‍കോട്-കാഞ്ഞങ്ങാട് ദേശീയ പാതയ്ക്കരികിലും സംസ്ഥാന പാതയ്ക്ക് ഇരുവശങ്ങളിലും അപകട ഭീതി സൃഷ്ടിക്കുന്ന മരങ്ങളുണ്ട്. വേരുകള്‍ ദ്രവിച്ച് എപ്പോള്‍ വേണമെങ്കിലും കടപുഴകി വീഴാവുന്ന മരങ്ങള്‍ മുറിച്ചുനീക്കാന്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും നടപടിയൊന്നും ഉണ്ടാകുന്നില്ല. ഇനിയും അനാസ്ഥ തുടര്‍ന്നാല്‍ ജില്ല വന്‍ ദുരന്തത്തിന് തന്നെ സാക്ഷ്യം വഹിക്കേണ്ടിവരും.
അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ നിരവധി; കാസര്‍കോട് ജില്ലയിലും കോതമംഗലം മോഡല്‍ ദുരന്തത്തിന് സാധ്യത
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia