Bridge | ദേശീയപാത വികസനം: മൊഗ്രാലിലെ പഴയ പാലം പൊളിക്കുന്നില്ല; രണ്ടു വരിപ്പാതയിൽ 'മുഖംമിനുക്കൽ' തുടങ്ങി

● മൂന്ന് വരിപ്പാതയാക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം.
● അപകട സാധ്യത വർധിക്കുമെന്ന് മുന്നറിയിപ്പ്.
● സർവീസ് റോഡ് ഇല്ലാത്തത് കൂടുതൽ അപകടങ്ങൾക്ക് കാരണമാകും.
● അധികൃതരുടെ അവഗണനക്കെതിരെ പരാതികൾ.
മൊഗ്രാൽ: (KasargodVartha) ദേശീയപാതയിൽ ചെങ്കള- തലപ്പാടി റീച്ചിലെ മൊഗ്രാലിലെ പഴയ പാലം പുനർനിർമ്മിക്കാതെ തന്നെ രണ്ടുവരിപാതയിൽ നിലനിർത്തി മിനുക്ക് പണികൾ ആരംഭിച്ചു. ഈ റീച്ചിൽ കാസർകോട് നിന്ന് തലപ്പാടി ഭാഗത്തേക്ക് സ്ലിപ്പ് റോഡ് കഴിഞ്ഞാൽ അവിടെനിന്ന് മൊഗ്രാൽ പാലം വഴി പോകാൻ സർവീസ് റോഡോ, നടപ്പാതയോ ഇല്ലാത്തത് ജനങ്ങൾ ഭീതിയോടെയാണ് നോക്കിക്കാണുന്നത്. പാലം മൂന്നുവരിപ്പാതയാക്കി പുനർനിർമിക്കണമെന്ന ആവശ്യം അധികൃതർ അവഗണിക്കുകയും ചെയ്തു.
മൊഗ്രാൽ പാലം പുനർനിർമിക്കാതെ നിലവിലുള്ള പഴയ പാലം നിലനിർത്തി കൊണ്ടുള്ള പ്രവൃത്തികൾ ആരംഭിച്ചിരിക്കെ മൂന്നു വരി ഹൈവേ എന്നത് ഇവിടെയെത്തുമ്പോൾ രണ്ടുവരിയായി ചുരുങ്ങുന്നു. ഇത് ഈ റൂട്ടിലോടുന്ന വലിയ ചരക്ക് വണ്ടികൾക്കും മറ്റും ദുരിതമാവും. പാലത്തിലെത്തുമ്പോൾ പൊടുന്നനെ പാത രണ്ടായി ചുരുങ്ങുന്നത് വേഗതയിൽ വരുന്ന വാഹനങ്ങൾ വൻ അപകടങ്ങളിൽ ചെന്ന് ചാടാനുള്ള സാധ്യത ഏറെയാണെന്ന് നാട്ടുകാർ നേരത്തെ തന്നെ അധികൃതരെ രേഖാമൂലം അറിയിച്ചതുമാണ്.
വിദ്യാഭ്യാസ- കച്ചവട- ആശുപത്രി ആവശ്യങ്ങൾക്കായി അനവധി വാഹനങ്ങൾ ദിനംപ്രതി മംഗ്ളൂറിലേക്ക് ചീറിപ്പായുന്ന പാതയായതിനാൽ ഈ അശാസ്ത്രീയമായ നിർമ്മാണത്തെ ഭയാശങ്കയോടെയാണ് ജനങ്ങൾ നോക്കിക്കാണുന്നത്. പഴയ മൊഗ്രാൽ പാലം പൊളിച്ച് മൂന്നു വരിയാക്കി പുനർ നിർമ്മിക്കുകയും സർവീസ് റോഡ് സ്ഥാപിക്കുകയും ചെയ്താൽ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂവെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ ഇത് ചെവി കൊള്ളാതെയാണ് അധികൃതർ ഇപ്പോൾ പഴയ പാലം രണ്ടുവരിപാതയിൽ നിലനിർത്തി മുഖം മിനുക്കാൻ ഒരുങ്ങുന്നത്.
ഈ വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ മൊഗ്രാൽ ദേശീയവേദി കേന്ദ്രമന്ത്രി നിഥിൻ ഗഡ്ഗരി, മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ, സംസ്ഥാന പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്, ജില്ലാ കലക്ടർ, എൻഎച്ച് കണ്ണൂർ പ്രൊജക്റ്റ് ഡയറക്ടർ, തലപ്പാടി- ചെങ്കള റീച്ച് യുഎൽസിസി ഓഫീസർ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, എൻഎ നെല്ലിക്കുന്ന് എംഎൽഎ, എകെഎം അഷ്റഫ് എംഎൽഎ, കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, യുഎൽസിസി കുമ്പള ഓഫീസർ തുടങ്ങിയവർക്ക് നിവേദനം നൽകിയിരുന്നതാണ്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ എന്താണ്?
The old Mogral bridge on the national highway is being renovated instead of being demolished and rebuilt as a three-lane road. Locals are protesting this decision, citing increased danger and the lack of a service road. They have submitted petitions to various authorities, but their concerns have been ignored.
#MogralBridge #NationalHighway #RoadSafety #Protest #KeralaNews #AccidentProne