Building Demolition | കാറഡുക്ക കർമംതൊടി കുടുംബാരോഗ്യ ഉപകേന്ദ്രത്തിന്റെ പഴയ കെട്ടിടം ഉടൻ പൊളിച്ചുമാറ്റും; അദാലത്തിൽ മന്ത്രിയുടെ നിർദേശം
● 'കരുതലും കൈത്താങ്ങും' കാസർകോട് താലൂക്ക് തലത്തിൽ നടന്ന അദാലത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.
● കൊട്ടംകുഴി സ്വദേശിയായ സുരേഷ് കുമാർ എന്ന വ്യക്തിയാണ് ഈ വിഷയത്തിൽ അദാലത്തിൽ പരാതി നൽകിയത്.
കാസർകോട്: (KasargodVartha) കാറഡുക്ക ഗ്രാമപഞ്ചായത്തിലെ കർമ്മംതൊടിയിൽ സ്ഥിതി ചെയ്യുന്ന പഴയ കുടുംബാരോഗ്യ ഉപകേന്ദ്ര കെട്ടിടം പൊളിച്ചുമാറ്റാൻ അദാലത്തിൽ ഉത്തരവായി. 'കരുതലും കൈത്താങ്ങും' കാസർകോട് താലൂക്ക് തലത്തിൽ നടന്ന അദാലത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയിട്ടും, ഏറെ നാളായി ഉപയോഗശൂന്യമായി കിടക്കുകയായിരുന്ന പഴയ കെട്ടിടം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരുന്നു. ഇത് പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
കൊട്ടംകുഴി സ്വദേശിയായ സുരേഷ് കുമാർ എന്ന വ്യക്തിയാണ് ഈ വിഷയത്തിൽ അദാലത്തിൽ പരാതി നൽകിയത്. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള പഴയ കെട്ടിടം എത്രയും പെട്ടെന്ന് പൊളിച്ചുമാറ്റണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. 2023-ൽ ഗ്രാമപഞ്ചായത്ത് ഈ വിഷയം ജില്ലാ മെഡിക്കൽ ഓഫീസറുടെ ശ്രദ്ധയിൽ പെടുത്തി കത്തെഴുതിയിരുന്നുവെങ്കിലും കാര്യമായ നടപടികൾ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിഷയം അദാലത്തിൽ എത്തുന്നത്.
അദാലത്തിൽ പരാതി പരിഗണിച്ച മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഉപയോഗശൂന്യവും ജീർണിച്ചതുമായ പഴയ കെട്ടിടം അടിയന്തരമായി പൊളിച്ചുമാറ്റാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ആരോഗ്യം) നിർദേശം നൽകി. സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയ കെട്ടിടം പൊളിച്ചുമാറ്റുന്നതോടെ പ്രദേശത്തെ സുരക്ഷ ഉറപ്പാക്കാനും പൊതുജനങ്ങളുടെ ആശങ്ക അകറ്റാനും സാധിക്കുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ.
#Kasargod, #Karmamthodi, #FamilyHealthCenter, #BuildingDemolition, #KeralaNews, #MinisterOrder