പ്രതിഷേധ ജനസമുദ്രം ഉച്ചതിരിഞ്ഞ്; സമരപ്പന്തലിലേക്ക് ആളുകളുടെ ഒഴുക്ക്
Mar 25, 2013, 13:03 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ തിരുവനന്തപുരത്ത് തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിക്ക് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗം നിര്‍ണായകമായിരിക്കെ കാസര്‍കോട്ട് ഉച്ചതിരിഞ്ഞ് നടക്കുന്ന പ്രതിഷേധ ജനസമുദ്രത്തിലേക്ക് ആളുകളുടെ ഒഴുക്ക് തുടങ്ങി.
ഇതിനു പുറമെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഉച്ചയ്ക്ക് 2.30 മണിക്ക് ഡി.വൈ.എഫ്.ഐ നടത്തുന്ന റോഡ് തടയലും കൂടിയാവുമ്പോള്‍ സമരത്തിന് പുതിയ രൂപവും ഭാവവും കൈവരുമെന്നാണ് വിലയിരുത്തുന്നത്. ജനസമുദ്രം പരിപാടി സമയത്ത് നഗരത്തിലെ കടകള്‍ അടച്ചിട്ടും വാഹനങ്ങള്‍ ഓട്ടം നിര്‍ത്തിയും സഹകരിക്കണമെന്ന് സമരസമിതി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ യോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ഉന്നയിച്ച ആവശ്യങ്ങളില്‍ നടപടിയുണ്ടായില്ലെങ്കില്‍ സമരത്തിന്റെ രൂപം മാറ്റാനും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് എന്‍ഡോസള്‍ഫാന്‍ ഇരകളെ പങ്കെടുപ്പിച്ച് മാര്‍ച് നടത്താനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ സരപ്പന്തലില്‍ തിങ്കളാഴ്ച രാവിലെ വിവിധ പരിപാടികള്‍ നടന്നുവരികയാണ്.
മാധ്യമങ്ങളുടെ സജീവ ശ്രദ്ധയും ഇവിടേക്ക് പതിഞ്ഞിരിക്കുകയാണ്. വെള്ളൂരിലെ കലാകാരന്മാര്‍ നാടകവും ചെറുവത്തൂരിലെ കലാകാരന്മാര്‍ ശില്‍പവും നിര്‍മിക്കുകയാണ്. അന്വേഷി പ്രസിഡന്റ് കെ. അജിത രാവിലെ സമരപന്തലിലെത്തി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇരകളുടെ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചു നടത്തുന്ന സമരത്തെ അവഗണിക്കാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന് അവര്‍ പറഞ്ഞു.
സമരസമിതിയുടെ നിരാഹാര സമരം തിങ്കളാഴ്ച 36-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. എ. മോഹന്‍ കുമാര്‍ ജനറല്‍ ആശുപത്രിയില്‍ അദ്ദേഹത്തിന്റെ നിരാഹാര സമരം തുടരുന്നു. മോഹന്‍ കുമാറിന്റെ സമരം 22ാം ദിവസമാണ്. മോയിന്‍ ബാപ്പുവും ഗ്രോ വാസുവും സമരപ്പന്തലില്‍ ആറാം ദിവസവും നിരാഹാരമനുഷ്ഠിക്കുന്നു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തു വന്നിട്ടുണ്ട്.
ഉച്ചയോടെ നഗരം കൈയ്യടക്കുന്ന ആളുകളെ നിയന്ത്രിക്കാന്‍ വന്‍ പോലീസ് സംവിധാനവും കാസര്‍കോട്ടൊരുക്കിയിട്ടുണ്ട്. കരിങ്കൊടി കെട്ടിയും കറുത്ത ബാഡ്ജ് അണിഞ്ഞും ആണ് ആളുകള്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുക.
തിരുവനന്തപുരത്ത് നടക്കുന്ന ചര്‍ചയില്‍ ഇരകളുടെ പ്രതിനിധികളായി സര്‍ക്കാര്‍ ക്ഷണിച്ചത് മന്ത്രി കെ.പി മോഹനന്‍ ചെയര്‍മാനായ എന്‍ഡോസള്‍ഫാന്‍ പനരധിവാസ സെല്ലിനെ മാത്രമാണ്. ഈ സെല്ലാണെങ്കില്‍ രൂപീകരണത്തിന് ശേഷം ഇതുവരെ യോഗം ചേരുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ല.
2011 ഒക്‌ടോബര്‍ 15 ന് രൂപീകരിച്ച സെല്ലില്‍ ദുരിതബാധിത പഞ്ചായത്തുകളിലെ ജനപ്രതിനിധികളെ ഉള്‍പെടുത്തിയിട്ടില്ല. രാഷ്ട്രീയക്കാരുടെ കൂടാരമായി മാറിയ സെല്ലില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സംഘടനകളുടെ നേതാക്കളോ പ്രവര്‍ത്തകരോ ഇല്ല. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായ സെല്ലിനെയും ചര്‍ചയ്ക്ക് ക്ഷണിച്ചിട്ടില്ല. അതേസമയം ജില്ലയിലെ എം.പി, എം.എല്‍.എമാര്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Chief Minister, Programme,Kasaragod, Endosulfan, Oommen Chandy, Panchayath, Strike, Busstand, Vehicle, Road, Leader, District, President, Kerala.