Hostel Rules | നഴ്സിങ് വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ച സംഭവം: ഡി വൈ എസ് പി ഓഫീസിൽ നടന്ന ചർച്ചയിൽ വിദ്യാർഥികൾ ഉന്നയിച്ച ആവശ്യങ്ങൾ പൂർണമായും അംഗീകരിച്ചു
● ഹോസ്റ്റലിൽ താമസിക്കുന്നവർക്കുള്ള ചില നിയന്ത്രണങ്ങൾ മാറ്റി
● ക്ലാസുകൾ ചൊവ്വാഴ്ച മുതൽ പതിവ് പോലെ
● വിദ്യാർഥികൾക്ക് വീട്ടിലേക്ക് പോകാനും അനുമതി
കാഞ്ഞങ്ങാട്: (KasargodVartha) മൻസൂർ ആശുപത്രിയിൽ നഴ്സിങ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ഡി വൈ എസ് പി ഓഫീസിൽ നടന്ന ചർച്ചയിൽ വിദ്യാർഥികൾ ഉന്നയിച്ച ആവശ്യങ്ങൾ പൂർണമായും അംഗീകരിച്ചു. വിദ്യാർഥികൾ ഹോസ്റ്റലിൽ തന്നെ താമസിക്കണമെന്ന നിബന്ധന ഒഴിവാക്കി.
വിദ്യാർഥികൾക്ക് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോയി വന്ന് പഠിക്കാൻ അനുമതി നൽകി. ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് പുറത്ത് പോകാൻ ആഴ്ചയിൽ രണ്ട് മണിക്കൂർ എന്നത് മൂന്ന് മണിക്കൂറായി ദീർഘിപ്പിച്ചു.
മൊബൈൽ ഫോൺ ഉപയോഗിക്കരുത് എന്ന നിബന്ധന ഒഴിവാക്കി ഒന്നിടവിട്ട ദിവസങ്ങളിൽ ഫോൺ ഉപയോഗിക്കാനും അനുവദിച്ചു. വിദ്യാർഥിനികളോട് സൗഹാർദപരമായി പെരുമാറാനും തീരുമാനിച്ചു.
കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്, ഇൻസ്പെക്ടർ പി അജിത് കുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച. നഴ്സിംഗ് വിദ്യാർഥിനികളുടെ ഏഴ് പ്രതിനിധികൾ, ആശുപത്രി മാനജ്മെൻ്റ് പ്രതിനിധികൾ, ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയുടെ അമ്മാവൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ക്ലാസുകൾ ചൊവ്വാഴ്ച മുതൽ പതിവ് പോലെ നടക്കും.
#StudentWelfare, #NursingStudent, #Kanhangad, #Protest, #SelfHarmAttempt, #EducationReform