Breastfeed| അമ്മയുടെ മൃതദേഹത്തിനരികെ വിശന്നുവലഞ്ഞ് 37 ദിവസം പ്രായമുള്ള കുഞ്ഞ്; മുലപ്പാൽ നൽകി നഴ്സിംഗ് ഓഫീസർ; കാസർകോട്ട് നിന്നൊരു അനുകമ്പയുടെ മാതൃക
വിശപ്പു മാറിയ കുഞ്ഞിനെ ഉറക്കി, വസ്ത്രങ്ങൾ മാറ്റി ആശുപത്രി അധികൃതർ ബന്ധുക്കൾക്ക് കൈമാറി
കാസർകോട്: (KasaragodVartha) അമ്മ മരണപ്പെട്ട വിശന്നു വലഞ്ഞ കുഞ്ഞിന് കാസർകോട് ജനറൽ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ മെറിൻ ബെന്നി മുലപ്പാൽ നൽകി അനുകമ്പയുടെ പര്യായമായി മാറി.
കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുവന്ന അസം സ്വദേശിനിയായ യുവതിയുടെ മൃതദേഹത്തിനരികെ, 37 ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ വിശപ്പടക്കാൻ കഴിയാതെ ബന്ധുക്കൾ വലയുകയായിരുന്നു.
ഇതറിഞ്ഞ ആശുപത്രി അധികൃതരുടെ ഇടപെടലിനെ തുടർന്ന് അന്നേ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സിംഗ് ഓഫീസർ മെറിൻ മുലപ്പാൽ കൊടുക്കാൻ സന്നദ്ധയായി മുന്നോട്ട് വരുകയായിരുന്നു. വിശപ്പു മാറിയ കുഞ്ഞിനെ ഉറക്കി, വസ്ത്രങ്ങൾ മാറ്റി ആശുപത്രി അധികൃതർ ബന്ധുക്കൾക്ക് കൈമാറി.
ആതുര സേവനത്തിന്റെയും മനുഷ്യത്വത്തിന്റെയും ഉദാത്ത മാതൃകയാവുകയാണ് ഒരു വയസ് പ്രായമായ കുഞ്ഞിന്റെ അമ്മ കൂടിയായ മെറിൻ. മെറിൻ ബെന്നിയെ ജനറൽ ആശുപത്രി ഡെപ്യൂട്ടി സുപ്രണ്ട് ഡോ. ജമാൽ അഹ്മദ് നേരിട്ട് കണ്ട് അഭിനന്ദങ്ങൾ അറിയിച്ചു.