city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'മരവിപ്പിച്ച പണവും മരിച്ച മനുഷ്യനും'; നോട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് ശവപ്പെട്ടിയില്‍ കിടന്ന് അശോകന്‍ പെരിങ്ങാരയുടെ സമരം

ചെറുവത്തൂര്‍: (www.kasargodvartha.com 28.11.2016) നോട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഹര്‍ത്താലും യുഡിഎഫ് രാജ്ഭവന്‍ മാര്‍ച്ചും നടത്തുന്നതിനിടെ ചീമേനി പെരിങ്ങാര സ്വദേശി അശോകന്‍ പെരിങ്ങാര (43) നടത്തിയ ശവപ്പെട്ടിയില്‍ കിടന്നുള്ള സമരം ജനങ്ങള്‍ക്ക് വ്യത്യസ്തമായി. പത്ത് വര്‍ഷത്തോളമായി അധികാരി വര്‍ഗങ്ങളുടെ ജനദ്രോഹ നടപടികളിലും സാമൂഹ്യ വിഷയങ്ങളിലും ഇടപെട്ട് അശോകന്‍ നടത്തിവരുന്ന സമരം ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വ്യക്തമായ രാഷ്ട്രീയ ചായ്‌വൊന്നുമില്ലാത്ത അശോകന്‍ ഇടത് അനുഭാവിയാണ്.

ചീമേനി കാക്കടവില്‍ അശോകന്റെ കട എന്ന പേരില്‍ അശോകന്‍ പെരിങ്ങാര ചായക്കട നടത്തിവരുന്നുണ്ട്. ഈ ചായക്കടയില്‍ പ്രധാന വിഷയങ്ങളുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകളുടെ കട്ടിംഗുകള്‍ ചുവരുകളിലെല്ലാം ഒട്ടിച്ചുവെക്കാറുണ്ട്. മാധ്യങ്ങളും സമൂഹവും മറന്നുപോയാലും ഇത്തരം സംഭവങ്ങളുടെ പ്രാധാന്യം അവിടെയെത്തുന്ന ജനങ്ങള്‍ക്ക് ബോധ്യപ്പെടുമെന്ന് അശോകന്‍ പെരിങ്ങാര കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

നോട്ട് നിരോധിച്ചതിനെ താന്‍ അനുകൂലിക്കുന്നുണ്ടെങ്കിലും മുന്‍കരുതലില്ലാതെ ജനങ്ങളെ കഷ്ടപ്പെടുത്തിക്കൊണ്ട് നടപ്പാക്കിയ ഈ തീരുമാനത്തെയാണ് ശവപ്പെട്ടയില്‍ കിടന്നുകൊണ് താന്‍ എതിര്‍ക്കുന്നതെന്ന് അശോകന്‍ പറഞ്ഞു. വായിക്കരിയിടാനും കൊള്ളാത്ത കാശ് ഉറുമ്പിനെ പോലെ ചേര്‍ത്തുവെച്ചതെല്ലാം ഉറിപൊട്ടി താഴെ പോയതായി ശവപ്പെട്ടിയില്‍ അശോകന്‍ എഴുതിവെച്ചിരിക്കുന്നു. ഒരു നട്ടപ്പാതിരയ്ക്ക് തോന്നിയ നോട്ട് മരവിപ്പിക്കല്‍ പരിപാടിയില്‍ വെള്ളത്തിലായിപ്പോയ നിരാലംബരായ ഓരോ ഭാരതീയനും ഞാനീ സമരപരിപാടി സമര്‍പ്പിക്കുന്നതായി അശോകന്‍ പറഞ്ഞു.

നോട്ട് നിരോധനത്തെ തുടര്‍ന്ന് നിരവധിപേര്‍ ആത്മഹത്യ ചെയ്തതിന്റെയും സഹകരണ ബാങ്കുകളിലെ പ്രതിസന്ധിയെ കുറിച്ചും ജനങ്ങള്‍ പണത്തിന് വേണ്ടി നട്ടം തിരിയുന്നതിനെ കുറിച്ചുമുള്ള പത്രക്കട്ടിംഗുകളും ശവപ്പെട്ടിയില്‍ ഒട്ടിച്ചുവെച്ചിരിക്കുന്നു. വിലക്കയറ്റത്തിനെതിരെ കാക്കടവ് മുതല്‍ കാസര്‍കോട് വരെ കാല്‍നട യാത്ര നടത്തി ഒറ്റയാള്‍ സമരം നടത്തിയയാളാണ് അശോകന്‍. വിലക്കയറ്റത്തിനെതിരെ തെരുവോരങ്ങളില്‍ അടുപ്പുകൂട്ടി സമരം നടന്നപ്പോള്‍ തലയില്‍ അടുപ്പുകൂട്ടി അശോകന്‍ നടത്തിയ സമരം വ്യത്യസ്തമായിരുന്നു. റബ്ബറിന്റെ വിലയിടിവില്‍ പ്രതിഷേധിച്ച് കാലിക്കടവ് മുതല്‍ കാഞ്ഞങ്ങാട് വരെ പിറകോട്ട് നടന്നും അശോകന്‍ സമരം നടത്തിയിരുന്നു. പിലിക്കോട് പടുവളത്ത് നടന്ന ബീവറേജ് വിരുദ്ധ സമരത്തില്‍ ശയനപ്രദക്ഷിണം നടത്തിയും കടലാടിപ്പാറയില്‍ ഖനന വിരുദ്ധ സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് നടത്തിയ ചെണ്ട കൊട്ടി സമരവും എന്‍ഡോസള്‍ഫാന്‍ രോഗികളുടെ സമരത്തില്‍ അനുഭാവം പ്രകടിപ്പിച്ച് ചെറുവത്തൂര്‍ മുതല്‍ കാസര്‍കോട് വരെ നടത്തിയ സൈക്കിള്‍ സവാരിയും വ്യത്യസ്തമായ സമര പരിപാടികളായിരുന്നു.

ട്രാഫിക് ബോധവത്കരണവുമായി ബന്ധപ്പെട്ട് അശോകന്‍ നടത്തിവരുന്ന ഫോട്ടോ പ്രദര്‍ശനത്തിനും ആളുകള്‍ വലിയ പിന്തുണയാണ് നല്‍കുന്നത്. അശോകന്റെ കടയില്‍ മിതമായ നിരക്കിലാണ് ചായയും ലഘു ഭക്ഷണവും നല്‍കുന്നത്. ദിവസം 2,000 രൂപ വരെ കച്ചവടം ഉണ്ടായിരുന്ന തന്റെ കടയില്‍ നോട്ട് നിരോധനത്തിന് ശേഷം 1,000 രൂപയില്‍ താഴെ മാത്രമാണ് കച്ചവടം നടക്കുന്നതെന്നും കൂലിപ്പണിക്കാരും സാധാരണക്കാരും ജോലിയില്ലാതെ വലയുകയാണെന്നും അശോകന്‍ പറഞ്ഞു.

അശോകന്റെ കടയില്‍ വെച്ചിരിക്കുന്ന ഭണ്ഡാരപ്പെട്ടിയില്‍ അശോകനും ചായ കുടിക്കാനെത്തുന്നവരും നിക്ഷേപിച്ച തുകയില്‍ നിന്നും 14,000 രൂപ തലയില്‍ ട്യൂമര്‍ ബാധിച്ച അര്‍ഷാ ബാലന് ചികിത്സാസഹായം നല്‍കിയിരുന്നു. മറ്റു നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നുണ്ട്. വോളിബോളിന്റേയും തെരുവ് നാടകം ഉള്‍പ്പെടെയുള്ള നാടകങ്ങളുടെയും വലിയ ആരാധകനാണ് അശോകന്‍. അശോകന്റെ വേറിട്ട സമരങ്ങള്‍ക്ക് ഭാര്യ സ്മിതയുടെ എല്ലാ പിന്തുണയു ലഭിക്കുന്നു. നാല് വയസുകാരനായ അന്‍വീദ് മകനാണ്. തന്റെ ഇത്തരം സമരങ്ങള്‍ ഇനിയും തുടരുമെന്നും അശോകന്‍ പറഞ്ഞു. പുലര്‍ച്ചെ ആറ് മണിക്ക് ആരംഭിച്ച സമരം ഉച്ചയ്ക്ക് ഒരു മണിയോടെ നാരങ്ങ നീര് നല്‍കി അവസാനിപ്പിച്ചു.

'മരവിപ്പിച്ച പണവും മരിച്ച മനുഷ്യനും'; നോട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് ശവപ്പെട്ടിയില്‍ കിടന്ന് അശോകന്‍ പെരിങ്ങാരയുടെ സമരം


കൂടുതല്‍ ചിത്രങ്ങള്‍ക്ക്



Keywords:  kasaragod, Kerala, Protest, Cheruvathur, Kalikadav, Kanhangad, Fake Notes, cheemeni, Ashokan Peringara, Modi, BJP.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia