Event | ഉത്തര മലബാർ ജലോത്സവം കേരളപ്പിറവി ദിനത്തിൽ കോട്ടപ്പുറത്ത് വെച്ച്; സംഘാടക സമിതി രൂപീകരിച്ചു
● കോട്ടപ്പുറം അച്ചാംതുരുത്തി പാലത്തിന് സമീപമായിരിക്കും ജലോത്സവം.
● സംഘാടകസമിതി രൂപീകരണയോഗം അച്ചാംതുരുത്തി പാലത്തിന് സമീപം നടന്നു.
കാസർകോട്: (KasargodVartha) കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് കാസർകോട് ജില്ലയിലെ തേജസ്വിനി പുഴയിൽ മഹാത്മാഗാന്ധി ട്രോഫിക്ക് വേണ്ടിയുള്ള ഉത്തര മലബാർ ജലോത്സവം നടക്കും. കോട്ടപ്പുറം അച്ചാംതുരുത്തി പാലത്തിന് സമീപമായിരിക്കും ജലോത്സവം.
കാസർകോട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, നീലേശ്വരം നഗരസഭ, ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ ജലോത്സവം സംഘടിപ്പിക്കുന്നത്. ചരിത്രപ്രാധാന്യമുള്ള തേജസ്വിനി പുഴയിൽ നടക്കുന്ന ഈ ഉത്സവം ജില്ലയുടെ സാംസ്കാരിക പൈതൃകത്തെ പ്രതിനിധീകരിക്കുന്നതാണ്. ഉത്തര മലബാർ ജലോത്സവത്തിൻ്റെ വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരണയോഗം അച്ചാംതുരുത്തി പാലത്തിന് സമീപം നടന്നു. എം രാജഗോപാലൻ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു.
നീലേശ്വരം നഗരസഭാ ചെയർപേഴ്സൻ ടി വി ശാന്ത അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് സബ് കളക്ടർ പ്രതീക് ജെയിൻ ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിവി രാഘവൻ, നീലേശ്വരം നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ അരിഞ്ചിറ എന്നിവർ സംസാരിച്ചു. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രടറി ലിജോ ജോസഫ് പാനൽ അവതരിപ്പിച്ചു. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി പ്രമീള സ്വാഗതവും ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീജിത്ത് നന്ദിയും പറഞ്ഞു. എം രാജഗോപാലൻ എംഎൽഎ ചെയർമാനായും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രടറി ലിജോ ജോസഫ് സെക്രട്ടറിയുമായുള്ള സംഘാടക സമിതിക്കാണ് രൂപം നൽകിയത്. യോഗത്തിൽ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ ബോട്ട് ക്ലബ്ബ് ഭാരവാഹികൾ എന്നിവരും പങ്കെടുത്തു.
#KeralaPiravi #NorthMalabarWaterFestival #Kasargod #boatrace #KeralaTourism #India