Coastal Regulations | മഞ്ചേശ്വരം മണ്ഡലത്തിലെ കടലോര പഞ്ചായത്തുകൾക്ക് തീരദേശ നിയമത്തിൽ ഇളവില്ല; ദുരിതം

● മഞ്ചേശ്വരം, മംഗൽപാടി, കുമ്പള പഞ്ചായത്തുകളിലാണ് ആശങ്ക
● അധികൃതരുടെ അനാസ്ഥയാണെന്നും ആക്ഷേപം ഉയരുന്നു
● ഇളവ് ലഭിച്ചിരുന്നുവെങ്കിൽ നിർമാണ പ്രവർത്തനങ്ങൾക്ക് സഹായകരമാവുമായിരുന്നു
ഉപ്പള: (KasargodVartha) കാലവർഷത്തിൽ രൂക്ഷമായ കടലാക്രമണങ്ങൾ കൊണ്ട് ഏറെ ദുരിതം അനുഭവിച്ചുവരുന്ന മഞ്ചേശ്വരം മണ്ഡലത്തിലെ മൂന്ന് കടലോര പഞ്ചായത്തുകളിൽ തീരദേശ നിയമത്തിലെ ഇളവ് നേടിയെടുക്കാൻ കഴിയാത്തത് അധികൃതരുടെ അനാസ്ഥയാണെന്ന് ആക്ഷേപം ഉയരുന്നു.
തീരദേശ പരിപാലന നിയമത്തിൽ കേന്ദ്രം ഇളവുകൾ അനുവദിച്ചതിന്റെ ഭാഗമായി കേരളം തയ്യാറാക്കിയ കരടിൽ സംസ്ഥാനത്തെ 66 പഞ്ചായത്തുകൾക്ക് ഇളവ് ലഭിച്ചപ്പോൾ മഞ്ചേശ്വരം കടലോര മേഖലയിലെ പഞ്ചായത്തുകളായ മഞ്ചേശ്വരം, മംഗൽപാടി, കുമ്പള എന്നിവ തഴയപ്പെട്ടത് പരിശോധിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
മൊഗ്രാൽ പുത്തൂർ അടക്കമുള്ള പഞ്ചായത്തുകൾക്ക് ഇളവ് ലഭിച്ചപ്പോൾ തൊട്ടടുത്ത കുമ്പളയ്ക്ക് പോലും നിയമത്തിന്റെ ഇളവ് ലഭിച്ചില്ല. ഇത് തീരദേശ നിവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. സർക്കാർ ഈ വിഷയവുമായി ബന്ധപ്പെട്ട് കരട് തയ്യാറാക്കുമ്പോൾ ജനപ്രതിനിധികളും, പഞ്ചായത്ത് ഭരണസമിതികളും വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
വലിയ ജനസംഖ്യയുള്ളതും, കടലോരത്ത് താമസിക്കുന്നവരുമായ ജനവിഭാഗമുള്ള മേഖലയാണ് മഞ്ചേശ്വരം, മംഗൽപാടി, കുമ്പള തീരദേശ പഞ്ചായത്തുകൾ. നിയമത്തിന്റെ 3എ ഗണത്തിൽ പെടുത്തേണ്ട ഈ പഞ്ചായത്തുകളാണ് തീരദേശ നിയമ ഇളവിൽ താഴയപ്പെട്ടത്. ഇളവ് ലഭിച്ചിരുന്നുവെങ്കിൽ, ജലാശയത്തിൽനിന്ന് നിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ട 200 മീറ്റർ പരിധി അൻപതായി ചുരുങ്ങുമായിരുന്നു.
പൊതുജനങ്ങളിൽ നിന്ന് ഏറെ കാലം അഭിപ്രായങ്ങളും, പരാതികളും കേട്ടതിനുശേഷമാണ് കേന്ദ്രസർക്കാർ കരട് പ്രസിദ്ധീകരിച്ചത്. പിന്നീട് കരട് സംസ്ഥാന സർക്കാറിന് കൈമാറി ആക്ഷേപങ്ങളും പരാതികളും ഉണ്ടെങ്കിൽ അറിയിക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ കരട് അതേപടി അംഗീകരിക്കുകയായിരുന്നു. തീരദേശപരിപാലന നിയമത്തിൽ നിന്നുള്ള ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന മണ്ഡലത്തിലെ തീരദേശ ജനത ഇപ്പോൾ നിരാശയിലാണ്. കടലോരത്ത് ജനിച്ചുവളർന്ന സാധാരണക്കാരായ മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവർക്ക് വീട് വയ്ക്കുന്നതിനും മറ്റും നിലവിലെ നിയമം അനുവദിക്കുന്നില്ല.
ബന്ധപ്പെട്ടവർ ഇക്കാര്യം നേരത്തെ ശ്രദ്ധിച്ചിരുന്നുവെങ്കിൽ മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകൾക്ക് ഈ ഗതി വരില്ലായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ സങ്കടത്തോടെ പറയുന്നു. ഇനി ഈ വിഷയത്തിൽ എന്ത് ചെയ്യാനാവുമെന്നുള്ള ആശങ്കയും തീരദേശവാസികൾക്കുണ്ട്. ഈ ആശങ്കകൾ പരിഹരിക്കാനും, ഇളവുകൾ നേടിയെടുക്കാൻ എന്ത് ചെയ്യാനാകുമെന്ന ചർച്ചകൾ തീരദേശ മേഖലയിൽ ഗ്രാമസഭകളിലൂടെ ഗ്രാമപഞ്ചായത്തുകൾ നടത്തി വരുന്നുണ്ട്. ഇത് കടലോര നിവാസികൾക്ക് നേരിയ പ്രതീക്ഷയും നൽകുന്നുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Coastal panchayats in Manjeshwaram, such as Manjeshwaram, Mangalpady, and Kumbala, were denied relaxation in coastal regulations despite the government's provisions.
#CoastalRegulations #Manjeshwaram #Kumbala #KeralaNews #Panchayats #GovernmentPolicy