city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലാ ആശുപത്രിയില്‍ മൂന്നുവര്‍ഷമായി മനോരോഗവിദഗ്ദ്ധനില്ല; പകരം സൈക്യാട്രി വിദ്യാര്‍ത്ഥികള്‍ മാത്രം

കാഞ്ഞങ്ങാട്: (www.kasargodvartha.com 21/10/2016) ജില്ലാ ആശുപത്രിയില്‍ മനോരോഗവിദഗ്ധന്റെ തസ്തിക മൂന്നുവര്‍ഷത്തോളമായി ഒഴിഞ്ഞുകിടക്കുന്നു. പകരം ആശുപത്രിയിലുള്ളത് സൈക്യാട്രി വിദ്യാര്‍ത്ഥികള്‍ മാത്രം.  കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകളില്‍ മാനസികവെല്ലുവിളികള്‍ നേരിടുന്നവര്‍ നിരവധിയുണ്ടെന്നിരിക്കെ ജില്ലാആശുപത്രിയില്‍ നാളിതുവരെയായിട്ടും മനോരോഗവിദഗ്ധന്റെ സേവനം ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്താത്തത് ജില്ലയോടുള്ള കടുത്ത അവഗണനയുടെ ഭാഗമാണെന്നാണ് വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.

ഡോക്ടര്‍ ടി കെ എസ് കൃഷ്ണനാണ് ഏറ്റവുമൊടുവില്‍ ജില്ലാആശുപത്രിയില്‍ മനോരോഗചികില്‍സ നടത്തിയിരുന്നത്. അദ്ദേഹം സ്ഥലം മാറിപ്പോയ ശേഷം ഇവിടെ ആരെയും നിയമിച്ചിട്ടില്ല. പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം ജില്ലാ ആശുപത്രിയില്‍ പുതിയ മനോരോഗവിദഗ്ധനെ നിയമിക്കാന്‍ തീരുമാനിച്ചെങ്കിലും ചുമതലയേല്‍ക്കാന്‍ ഡോക്ടര്‍ വിസമ്മതിക്കുകയാണ്. ഈ ഡോക്ടര്‍ കൊട്ടാരക്കര താലൂക്കാശുപത്രിയിലാണ് നിലവില്‍ സേവനമനുഷ്ഠിക്കുന്നത്. ഡോക്ടറുടെ സമ്മര്‍ദത്തിന് വഴങ്ങിയുള്ള നിലപാടാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കുന്നതെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണി വെള്ളിയാഴ്ച ഉച്ചയോടെ കാസര്‍കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

മാനസികവെല്ലുവിളി നേരിടുന്നവരെ ചികിത്സിക്കുന്ന സൈക്യാട്രി കണ്‍സള്‍ട്ടന്റ് തസ്തിക കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുകയാണ്. ഈ ഉത്തരവ് പിന്‍വലിക്കണം. ആയിരക്കണക്കിന് മാനസികവെല്ലുവിളി നേരിടുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് സര്‍ക്കാര്‍ സംവിധാനം കാണിക്കുന്ന നീതികേടിന്റെ മറ്റൊരു ഉദാഹരണമാണ് ഈയൊരു തീരുമാനം. കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ജോലി ചെയ്യുന്ന ഒരു ഡോക്ടറുടെ താല്‍പ്പര്യത്തിനുവേണ്ടി ഒരു ജില്ലയെ  തന്നെ ബലികൊടുക്കുന്ന ഉദ്യോഗസ്ഥ താല്‍പ്പര്യത്തെ എന്തുവില കൊടുത്തും ചെറുക്കുമെന്ന് പീഡിതമുന്നണി മുന്നറിയിപ്പ് നല്‍കി. ജനവിരുദ്ധമായ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാനും പീഡിതമുന്നണി തീരുമാനിച്ചു. മെച്ചപ്പെട്ട ആരോഗ്യസംവിധാനം ജില്ലയില്‍ തന്നെ ഒരുക്കണമെന്ന ആവശ്യം ഇപ്പോഴും പരിഗണനയിലില്ലെന്നതിന്റെ തെളിവുകൂടിയാണ് നിലവിലുള്ള തസ്തിക തന്നെ എടുത്തുകൊണ്ടുപോകുന്നതിലൂടെ വ്യക്തമാകുന്നതെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

വാര്‍ത്താസമ്മേളനത്തില്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, മുനീസ അമ്പലത്തറ, വിമല ഫ്രാന്‍സിസ്, ബി മിസ് രിയ, ഫാത്വിമ, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ എന്നിവര്‍ സംബന്ധിച്ചു.
ജില്ലാ ആശുപത്രിയില്‍ മൂന്നുവര്‍ഷമായി മനോരോഗവിദഗ്ദ്ധനില്ല; പകരം സൈക്യാട്രി വിദ്യാര്‍ത്ഥികള്‍ മാത്രം

Keywords:  Kasaragod, Kerala, District-Hospital, Press Club, Press meet, Students, Ambalathara Kunhikrishnan, No psychiatrist in District hospital .

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia