Stray Animals | കാസർകോട് നഗരത്തിൽ കന്നുകാലികളെ പിടിച്ചുകെട്ടാൻ ആരുമില്ലേ? ദുരിതത്തിലാഴ്ന്ന് ജനം

● ബസ് സ്റ്റാൻഡിൽ കന്നുകാലികൾ തമ്പടിക്കുന്നു.
● തിരക്കേറിയ റോഡുകളിൽ ഗതാഗത തടസ്സം.
● ഹോട്ടൽ പരിസരങ്ങളിൽ കന്നുകാലികളുടെ വിസർജ്യം.
കുഞ്ഞിക്കണ്ണൻ മുട്ടത്ത്
കാസർകോട്: (KasargodVartha) നഗരത്തിലെ തെരുവോരങ്ങൾ കന്നുകാലികളുടെ സാമ്രാജ്യമായി മാറുന്നു. നഗരവാസികൾക്കും യാത്രക്കാർക്കും ഒരുപോലെ ദുരിതവും ഭീഷണിയുമായിരിക്കുകയാണ് അലഞ്ഞുതിരിയുന്ന കന്നുകാലികൾ. പകലും രാത്രിയുമില്ലാതെ ബസ് സ്റ്റാൻഡിനകത്തും നഗരത്തിലെ പ്രധാന റോഡുകളിലുമെല്ലാം കന്നുകാലികൾ കൂട്ടമായി വിഹരിക്കുന്നത് പതിവ് കാഴ്ചയാണ്. ഇത് കാസർകോട് നഗരത്തിന്റെ ദൈനംദിന ജീവിതത്തിൽ വലിയ തോതിലുള്ള ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.
പുതിയ ബസ് സ്റ്റാൻഡ് കന്നുകാലികളുടെ ഇഷ്ട താവളമായി മാറിയിരിക്കുന്നു. ബസ് സ്റ്റാൻഡിനകത്തും പരിസരങ്ങളിലുമെല്ലാം കന്നുകാലികൾ കൂട്ടമായി തമ്പടിക്കുന്നത് യാത്രക്കാർക്ക് ഏറെ ശല്യമായി തീർന്നിരിക്കുന്നു. രാത്രിയിൽ ബസ് സ്റ്റാൻഡിന് അകത്തേക്ക് പോലും കയറുന്നതിനാൽ ചാണകമിട്ട് മെഴുകി വൃത്തിഹീനമാകുന്നത് പതിവായിരിക്കുകയാണ്. ദുർഗന്ധം വമിക്കുന്ന അന്തരീക്ഷം മൂലം രോഗങ്ങൾ പടർന്നുപിടിക്കാനുള്ള സാധ്യതയും വർധിക്കുകയാണ്.
നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ അപകടങ്ങൾക്കും ഗതാഗതക്കുരുക്കുകൾക്കും കാരണമാകുന്നു. നല്ല ആരോഗ്യവും വലുപ്പവുമുള്ള കന്നുകാലികൾ നഗരത്തിൽ പുതുതായി എത്തുന്നവർക്ക് ഭയം ഉളവാക്കുന്നു. ഉപദ്രവിക്കാതിരിക്കാൻ ഓടി മാറാൻ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേൽക്കുന്നവരുടെ എണ്ണവും കുടുന്നു.
തിരക്കേറിയ റോഡുകളിലേക്ക് കന്നുകാലികൾ പെട്ടെന്ന് ഓടിക്കയറുന്നത് ഗതാഗതക്കുരുക്കിന് കാരണമാവുന്നുവെന്ന് മാത്രമമല്ല വാഹനങ്ങൾക്കും അപകട സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ചില കന്നുകാലികൾ ആക്രമണ സ്വഭാവം കാണിക്കുന്നതും യാത്രക്കാർക്ക് ഭീതിയുണ്ടാക്കുന്നു. കഴിഞ്ഞ ദിവസം വിദ്യാനഗർ പന്നിപ്പാറയിൽ പശുവിനെ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് പരിക്കേറ്റ സംഭവം ഇതിന് ഉദാഹരണമാണ്. മേൽപറമ്പ് വള്ളിയോട്ടെ ഖാസിമി (43) എന്നയാൾക്കാണ് ഈ അപകടത്തിൽ പരിക്കേറ്റത്.
ബസ് സ്റ്റാൻഡിലെ ഹോടലുകൾ പ്രവർത്തിക്കുന്ന സ്ഥലത്ത് തന്നെയാണ് കന്നുകാലികൾ വിസർജ്യം നടത്തുന്നത്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നു. പ്രാണികളും ഈച്ചകളും വിസർജ്യത്തിൽ നിന്നും ആഹാരസാധനങ്ങളിലേക്ക് പടരുന്നത് രോഗങ്ങൾക്ക് കാരണമാകുന്നു. ഇത് അറിയാതെ കഴിക്കുന്ന ആളുകൾക്ക് രോഗബാധ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
കന്നുകാലികളെ അഴിച്ചുവിടുന്ന ഉടമകളിൽ നിന്ന് പിഴ ഈടാക്കുമെന്നും കന്നുകാലികളെ ലേലം ചെയ്യുമെന്നുമുള്ള നിർദേശങ്ങൾ നഗരസഭ നേരത്തെ പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഈ നടപടികൾ ഫലപ്രദമായി നടപ്പിലാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. അപകടങ്ങൾ ഉണ്ടായാലോ കന്നുകാലികൾ ആളുകളെ ആക്രമിച്ചാലോ ഉടമകൾ തിരിഞ്ഞുനോക്കാത്ത സാഹചര്യമാണുള്ളതെന്നും ആക്ഷേപമുണ്ട്.
കടകളിൽ നിന്നും മറ്റുമുള്ള മാലിന്യങ്ങളും പ്ലാസ്റ്റികും ഭക്ഷിച്ചാണ് കന്നുകാലികൾ നഗരത്തിൽ അലഞ്ഞുതിരിയുന്നത്. പ്ലാസ്റ്റിക് കഴിക്കുന്നത് മൂലം കന്നുകാലികൾക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു. ചത്ത പശുക്കളെ സർജറി ചെയ്തപ്പോൾ ശരീരത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കണ്ടെത്തിയ സംഭവങ്ങൾ നേരത്തെ പലയിടത്തും റിപോർട് ചെയ്തിട്ടുണ്ട്.
നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾക്ക് ഉടമകൾ ഇല്ല. തെരുവിൽ തന്നെ വളർന്ന കന്നുകാലികളും ഉടമസ്ഥർ ഉപേക്ഷിച്ച കന്നുകാലികളും ഇതിൽപ്പെടുന്നു. കൂടാതെ കന്നുകാലികളെ കടത്തിക്കൊണ്ടുപോകുന്നവരുടെ ഭീഷണിയും നിലവിലുണ്ട്. കന്നുകാലികളെ പിടിച്ചാൽ പാർപ്പിക്കാവുന്ന കേന്ദ്രങ്ങൾ പരിസരത്ത് എവിടെയുമില്ലാത്തതും അധികൃതർക്ക് തലവേദന സൃഷ്ടിക്കുന്നു.
പൊതുജനങ്ങൾക്ക് ദുരിതമുണ്ടാക്കാത്ത രീതിയിൽ കന്നുകാലികളെ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. അലഞ്ഞുതിരിയുന്ന കന്നുകാലികളെ സംരക്ഷിക്കാൻ വിവിധയിടങ്ങളിൽ സംഘടനകളുടെ നേതൃത്വത്തിൽ ഗോശാലകൾ പോലെയുള്ള സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. കാസർകോട് അലഞ്ഞുതിരിയുന്ന പശു അടക്കമുള്ള കന്നുകാലികളെ ഇവിടങ്ങളിലേക്ക് മാറ്റിയാൽ സുരക്ഷിതവും നല്ലതുമായ ഭക്ഷണം ഉറപ്പാക്കാനും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ സഞ്ചരിക്കാനും സാധിക്കുമെന്നും യാത്രക്കാർ അഭിപ്രായപ്പെടുന്നു. ഈ വിഷയത്തിൽ അധികൃതർ എത്രയും പെട്ടെന്ന് ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Stray animals roaming in Kasaragod city cause disturbances, health risks, and traffic accidents. Authorities are urged to take urgent action to control them.
#StrayAnimals #Kasaragod #HealthHazard #TrafficAccidents #PublicHealth #UrgentAction