city-gold-ad-for-blogger

പള്ളിപ്പുഴയില്‍ ഖാസിയെ പ്രഖ്യാപിച്ചതില്‍ നിയമ സാധുതയില്ലെന്ന് മഹല്ലിലെ ഒരു വിഭാഗം

കാസര്‍കോട്: (www.kasargodvartha.com 16/05/2015) പള്ളിക്കര പള്ളിപ്പുഴ മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് ഖാസിയായി പള്ളിക്കര സംയുക്ത ഖാസി പൈവളിഗെ പി.കെ. അബ്ദുല്‍ ഖാദര്‍ മുസ്ല്യാരെ പ്രഖ്യാപിച്ചതില്‍ നിയമ സാധുതയില്ലെന്ന് മഹല്ലിലെ ഒരു വിഭാഗം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വഖഫ് ബോര്‍ഡിന്റേയും ട്രൈബ്യൂണലിന്റേയും പരിഗണനയില്ലുള്ള കേസില്‍ വിധിവരുന്നതിന് മുമ്പ് ഖാസിയെ തെരഞ്ഞെടുത്തത് നിയമവിരുദ്ധമാണെന്ന് ഇവര്‍ പറയുന്നു.

ജനറല്‍ ബോഡി നിരീക്ഷിക്കാനെത്തിയ വഖഫ് ബോര്‍ഡിന്റെ നിരീക്ഷകന്‍ ജനറല്‍ ബോഡിയോഗം നടന്നിട്ടില്ലെന്ന് റിപോര്‍ട്ടാണ് നല്‍കിയിട്ടുള്ളതെന്നും സംഭവസ്ഥലത്തുണ്ടായിരുന്ന ബേക്കല്‍ എസ്.ഐയും പ്രശ്‌നങ്ങളെതുടര്‍ന്ന് ജനറല്‍ബോഡി പിരിച്ചുവിട്ടതായും അംഗങ്ങളോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെ ചിലര്‍ ഒത്തുകൂടി സ്വയം ഖാസിയെ പ്രഖ്യാപിക്കുകയായിരുന്നുവെന്നുമാണ് പുതിയ ഖാസിയെ എതിര്‍ക്കുന്നവര്‍ പറയുന്നത്.

നാട്ടിലെ ഭൂരിഭാഗം മഹല്ല് നിവാസികളും ഖാസി നിയമനം ഇസ്‌ലാം മത ശാസനയ്ക്കനുസരിച്ചും ഭരണഘടനാ പ്രകാരവും പൂര്‍ണമായും ഐക്യകണ്‌ഠേന നിയമിക്കണമെന്നാണ് അഭിപ്രായപ്പെട്ടിരുന്നത്. അഭിപ്രായ ഭിന്നതകാരണം മുമ്പുണ്ടായിരുന്ന കമ്മിറ്റി പിരിച്ചുവിടുകയും ജമാഅത്ത് ഭരണം അഡ്‌ഹോക്ക് കമ്മിറ്റിയെ ഏല്‍പിക്കുകയും ഖാസി തീരുമാനം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് ജിഫ്രി മുത്തുക്കയ തങ്ങളെ ഏല്‍പിക്കുകയും ചെയ്തിരുന്നു.

ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുല ഉണ്ടാക്കിയാണ് കമ്മിറ്റി പ്രവര്‍ത്തിച്ചുവന്നിരുന്നത്. കാഞ്ഞങ്ങാട് സംയുക്ത ഖാസി പ്രസ്തുത വിഷയത്തില്‍ ഒരു തീരുമാനത്തില്‍ എത്തുകയും അതുപ്രഖ്യാപിക്കാന്‍ നാട്ടില്‍വരാന്‍ സന്നദ്ധമായിരിക്കുകയും ചെയ്യുന്ന സമയത്ത് അഡ്‌ഹോക്ക് കമ്മിറ്റിയില്‍പെട്ട ഒരുവിഭാഗം കാഞ്ഞങ്ങാട് സി.ഐയെ ബന്ധപ്പെട്ട് മെയ് 15ന് ജനറല്‍ ബോഡി വിളിക്കുകയുമാണ് ഉണ്ടായത്. ജനറല്‍ ബോഡി വിളിച്ചുകൂട്ടിയതിനെതിരെ വഖഫ് ബോര്‍ഡില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് അയക്കുകയും അടുത്തമാസം 15ന് മറുപടിനല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഒപ്പം ജനറല്‍ ബോഡി നിയന്ത്രിക്കാന്‍ നിരീക്ഷകനെ വെക്കുകയും ചെയ്തിരുന്നു.

കൂടാതെ വഖഫ് ട്രൈബ്യൂണലും പ്രശ്‌നത്തില്‍ ഇടപെടുകയും ഈ മാസം 28ന് കമ്മീഷന്‍ മറുപടി കേള്‍ക്കാന്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഇതൊക്കെയായിട്ടും പോലീസിന്റെ സഹായത്തോടെ വെള്ളിയാഴ്ച ജറല്‍ബോഡി യോഗം ചേരുകയും പ്രശ്‌നങ്ങള്‍ ഉണ്ടായതിനാല്‍ പോലീസ് എല്ലാവരോടും പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്തത്. ഇതിന് ശേഷമാണ് ചുരുക്കം ചിലര്‍ പള്ളിയില്‍ ഒത്തുചേര്‍ന്ന് ഖാസിയെ നിയമിച്ചതായി സ്വയം പ്രഖ്യാപിച്ചതെന്നാണ് ഒരു വിഭാഗം ജമാഅത്ത് കമ്മിറ്റി മെമ്പര്‍മാരും, ജമാഅത്ത് അംഗങ്ങളും പറയുന്നത്.

ഖാസി നിയമനവുമായി നബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മില്‍ നേരത്തെ സംഘട്ടനം ഉണ്ടാവുകയും വധശ്രമം അടക്കമുള്ള കേസുകള്‍ നിലവിലുണ്ടാവുകയും ചെയ്തസാഹചര്യത്തില്‍ ഏകപക്ഷീയമായി ഖാസിയെ പ്രഖ്യാപിച്ചത് മഹല്ല് നിവാസികളില്‍തന്നെ ചേരിതിരിവുണ്ടാക്കുന്നതാണെന്നും ഇവര്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ജമാഅത്ത് അഡ്‌ഹോക്ക് കമ്മിറ്റി കണ്‍വീണര്‍ പി.എം. കുഞ്ഞഹമ്മദ്, പി.എം.എ. ബഷീര്‍, പി. മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ പങ്കെടുത്തു.
പള്ളിപ്പുഴയില്‍ ഖാസിയെ പ്രഖ്യാപിച്ചതില്‍ നിയമ സാധുതയില്ലെന്ന് മഹല്ലിലെ ഒരു വിഭാഗം

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia