city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വില്ലേജ് വിഭജനം വൈകുന്നു, ആവശ്യത്തിന് ജീവനക്കാരില്ല; ജനം ദുരിതത്തില്‍

എരിയാല്‍: (www.kasargodvartha.com 12.07.2017) കുഡ്‌ലു ഗ്രൂപ്പ് വില്ലേജ് വിഭജനം വൈകുന്നത് മൂലം ജീവനക്കാരും ജനങ്ങളും ഒരു പോലെ ദുരിതമനുഭവിക്കുന്നു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളും മധൂര്‍ പഞ്ചായത്തിലെ ബഹുഭൂരിഭാഗം പ്രദേശങ്ങളും ഉള്‍പെട്ടതാണ് ഈ വില്ലേജ്. 10 ഓളം ജീവനക്കാര്‍ വേണ്ടിടത്ത് നാല് ജീവനക്കാര്‍ നരകയാതന അനുഭവിക്കുകയാണ് ഇവിടെ.

കുഡ്‌ലു, പുത്തൂര്‍, ഷിറിബാഗിലു എന്നീ വില്ലേജുകള്‍ ഉള്‍പെട്ടതാണ് ഈ ഗ്രൂപ്പ് വില്ലേജ്. മൊഗ്രാല്‍ പാലം മുതല്‍ മായിപ്പാടി കൊട്ടാവും കൂടാതെ വിദ്യാനഗര്‍ ഗവ. കോളജ് വരെയുള്ള ഭാഗങ്ങള്‍ ഈ വില്ലേജില്‍ ഉള്‍പെടുന്നു. നിലവില്‍ വില്ലേജ് ഓഫീസറെ കൂടാതെ ഓരോ സ്‌പെഷല്‍ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റുമാണുള്ളത്. കൂടാതെ രണ്ട് ഫീല്‍ഡ് അസിസ്റ്റന്റുമാരുമുണ്ട്. ഇതില്‍ വില്ലേജ് അസിസ്റ്റന്റ് ട്രെയിനിംഗിലാണ്.

വില്ലേജ് വിഭജനം വൈകുന്നു, ആവശ്യത്തിന് ജീവനക്കാരില്ല; ജനം ദുരിതത്തില്‍

സംസ്ഥാനത്തെ തന്നെ ഏറ്റവും തിരക്കേറിയ വില്ലേജുകളില്‍ ഒന്നാണിത്. ദിവസം നൂറിലേറെ പേര് ഭൂനികുതി അടക്കാന്‍ വേണ്ടി മാത്രം എത്തുന്നു. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി നിരവധി അപേക്ഷകള്‍ നിത്യവും ലഭിക്കുന്നു. വില്ലേജ് വിഭജിക്കണമെന്നാവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയും, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി, സി പി എം ലോക്കല്‍ കമ്മിറ്റി, മധൂര്‍ പഞ്ചായത്ത് കോണ്‍ഗ്രസ് കമ്മിറ്റി മറ്റു വിവിധ സംഘടനകള്‍ നിരവധി പരാതികള്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. വില്ലേജ് വിഭജിക്കുന്നത് വരെ കൂടുതല്‍ ജീവനക്കാരെ നിയമിച്ച് കുഡ്‌ലു വില്ലേജിലെ ദുരിതത്തിന് പരിഹാരം കാണണമെന്ന് ജനപ്രതിനിധികളും നേതാക്കളും ജില്ലാ കലക്ടര്‍ എ ഡി എം എന്നിവരോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടിയായില്ല.

ജില്ലാ ഭരണംകൂടം കാണിക്കുന്ന അവഗണനക്കെതിരെ ശക്തമായ പ്രതിഷേധമാണ് ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുള്ളത്. ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്ന കാസര്‍കോട്, വിദ്യാനഗര്‍ പോലീസിന് സൈറ്റ് പ്ലാനും സര്‍ട്ടിഫിക്കറ്റും നല്‍കാന്‍ മാത്രം ഒരു വില്ലേജ് ഓഫീസര്‍ വേണം. പ്രമാദമായ റിയാസ് മൗലവി കൊലയടക്കം നടന്നത് ഈ വില്ലേജ് പരിധിയിലാണ്. സ്‌കൂള്‍,.കോളജ് പ്രവേശനവും മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതും ഒന്നിച്ചായതോടെ ഇവിടങ്ങളിലേക്ക് വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ടത് ഈ വില്ലേജില്‍ നിന്നാണ്. ഇതു മൂലം ജീവനക്കാര്‍ക്ക് സമയത്തിന് ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.

ഇതിനായി നിത്യവും നിരവധി പേരാണ് ഇവിടെ എത്തുന്നത്. റീ സര്‍വെ നടന്ന വില്ലേജായതിനാല്‍ സര്‍വെ റിക്കാര്‍ഡ് നോക്കാനായി മാത്രം ഒരു ജീവനക്കാരന്‍ വേണം. കഴിഞ്ഞ ദിവസം മാത്രം 200 ഓളം പേരാണ് ഭൂനികുതി അടക്കാന്‍ വന്നത്. ഇതിന് കുറഞ്ഞത് രണ്ട് പേരെങ്കിലും വേണം. റവന്യു റിക്കവറി, കോടതികളിലെ ഡിസ്ട്രസ് വാറണ്ട്, കെട്ടിട നികുതി, ബാങ്ക് ലോണ്‍, ടെലിഫോണ്‍, ജലം, വൈദ്യുതി തുടങ്ങിയവയുടെ കുടിശിക പിരിക്കാന്‍ വേണ്ടി മാത്രം നിരവധി നോട്ടീസുകളാണ് നിത്യവും ഇവിടെ എത്തുന്നത്. സര്‍ക്കാരിന്റെ പുതിയ നിയമം മൂലം കെട്ടിടത്തിന് നമ്പര്‍ ലഭിക്കണമെങ്കില്‍ വില്ലേജ് ഓഫീസര്‍ പ്രസ്തുത കെട്ടിടം അളന്ന് ഉടമക്ക് നോട്ടീസയച്ച് ബില്‍ഡിംഗ് ടാക്‌സ് അടച്ചാലേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നമ്പര്‍ നല്‍കുകയുള്ളൂ. ജീവനക്കാരില്ലാതെ കഷ്ടപ്പെടുന്ന കുഡ്‌ലുവിന് ഇത് ഇരട്ടി ദുരിതമാണ്.

വില്ലേജ് വിഭജനം വൈകുന്നത് മൂലം ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് മായിപ്പാടി, കൂഡല്‍ പ്രദേശത്തുള്ളവരാണ്. ആറു രൂപ ഭൂനികുതി അടക്കാന്‍ രണ്ട് ബസില്‍ യാത്ര ചെയ്ത് വേണം ഇവിടെ എത്താന്‍. വില്ലേജ് ഓഫീസറെ കാണാനും രേഖകള്‍ ശരിയാക്കി കിട്ടുന്നതിനുമായി യാത്രാ പ്രയാസം നേരിടേണ്ടി വരുന്നു. ഇതു മൂലം ജനങ്ങള്‍ക്ക് സമയനഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നു. ജോലിത്തിരക്ക് മൂലം പലപ്പോഴും രാത്രി എട്ട് മണിക്കാണ് ജീവനക്കാര്‍ക്ക് പോകാന്‍ പറ്റുന്നത്. ചില സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ ആയതു കൊണ്ട് വില്ലേജ് ഓഫീസിലെ തിരക്കിനിടയില്‍ നല്‍കാന്‍ പറ്റാത്തവ രാത്രി വൈകിയും നല്‍കേണ്ടി വരുന്നു. ഇവിടെ വില്ലേജ് ഓഫീസറായി എത്തുന്നവര്‍ക്ക് 18 മണിക്കൂറോളം ജോലി ചെയ്യേണ്ട അവസ്ഥയാണ്. ഇതറിയുന്ന തെക്കന്‍ ജില്ലയില്‍ നിന്നുള്ളവര്‍ ഇവിടെ വരാന്‍ മടിക്കുന്നു. ജന സംഖ്യയും കെട്ടിടങ്ങളും വില്ലേജ് പരിധിയില്‍ പത്തിരട്ടി കൂടിയിട്ടും കൂടുതല്‍ ജീവനക്കാരെ നിയമിക്കാത്തതില്‍ വന്‍ ജനരോഷമാണ് ഉയര്‍ന്നിട്ടുള്ളത്.

കുഡ്‌ലു വില്ലേജ് ഓഫീസ് വിഭജിക്കുകയോ, വിഭജനം വൈകുകയാണെങ്കില്‍ കൂടുതല്‍ ജീവനക്കാരെ എത്രയും വേഗത്തില്‍ നിയമിക്കുകയോ ചെയ്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് രാഷ്ട്രീയ സന്നദ്ധ സംഘടനകളുടെ തീരുമാനം. ഇവിടത്തെ എല്ലാ പ്രശ്‌നങ്ങളും അറിയുന്ന ജില്ലാ ഭരണകൂടവും ഈ വില്ലേജിനെ അവഗണിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതിനെതിരെ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് കലക്ടറേറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കും. മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ വിവിധ സംഘടനയിലെ ഓരോ പ്രതിനിധികള്‍ മാറി മാറി നിരാഹാരം കിടക്കാനുമാണ് നാട്ടുകാരുടെ തീരുമാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Eriyal, Kasaragod, Village Office, Natives, Protest, Mogral Puthur, Division, No employees in Kudlu village.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia