10 ദിവസമായി കുടിവെള്ളമില്ല; സ്ത്രീകള്‍ വാട്ടര്‍ അതോറിറ്റി ഓഫീസ് വളഞ്ഞു
Mar 2, 2013, 13:59 IST
കാസര്‍കോട്: പത്തു ദിവസത്തോളമായി കുടിവെള്ളം മുടങ്ങിയതിനെതുടര്‍ന്ന് തളങ്കര, ഹൊന്നമൂല, സിറാമിക്‌സ് റോഡ് തുടങ്ങി മൂന്നോളം നഗരസഭാ വാര്‍ഡുകളിലെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാട്ടുകാര്‍ കാസര്‍കോട് വിദ്യാനഗറിലെ വാട്ടര്‍ അതോറിറ്റി ഓഫീസ് ശനിയാഴ്ച ഉച്ചയോടെ വളഞ്ഞു. നഗരസഭാ കൗണ്‍സിലര്‍ നൈമുന്നിസ, മുന്‍ കൗണ്‍സിലര്‍ വിജയന്‍, വ്യാപാരി നേതാവ് അബൂബക്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്ത്രീകള്‍ കൂട്ടമായെത്തി വാട്ടര്‍ അതോറിറ്റി ഓഫീസ് വളഞ്ഞത്.
വാട്ടര്‍ അതോറിറ്റി ഓഫീസര്‍ പി.വി സുരേഷ് കൃഷ്ണന്‍ കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലായതിനാല്‍ ഓഫീസിലുണ്ടായിരുന്നില്ല. വാട്ടര്‍ അതോറിറ്റി എഞ്ചിനിയര്‍ പി.ആര്‍ ഉഷയെയാണ് സ്ത്രീകള്‍ വളഞ്ഞത്. ഓഫീസറെ ഫോണില്‍ ബന്ധപ്പെട്ട ശേഷം കുടിവെള്ള വിതരണം നാളെ വൈകുന്നേരം മുതല്‍ സാധാരണ നിലയിലാക്കാമെന്ന് അറിയിച്ചെങ്കിലും കുടിവെള്ളം ശനിയാഴ്ച തന്നെ വിതരണം ചെയ്യണമെന്ന് ഇവര്‍ വാശിപിടിച്ചു. ഇതേതുടര്‍ന്ന് ടാങ്കറില്‍ വെള്ളമെത്തിക്കാമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ ഉറപ്പ് നല്‍കിയതോടെയാണ് സ്ത്രീകള്‍ പിരിഞ്ഞുപോകാന്‍ തയ്യാറായത്. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിരുന്നു.
പമ്പ് കേടാകുന്നതും, വൈദ്യുതി മുടങ്ങുന്നതും, പൊട്ടിയ പൈപ്പുകള്‍ മാറ്റാന്‍ കഴിയാത്തതിനാലുമാണ് വെള്ളം മുടങ്ങിയതെന്നാണ് അധികൃതരുടെ വിശദീകരണം. പമ്പ് ഞായറാഴ്ച വൈകിട്ടോടെ ശരിയാക്കും. പൊട്ടിയ പൈപ്പുകള്‍ മാറ്റുന്നതിന് റോഡ് കുഴിക്കാന്‍ പി.ഡബ്ലു.ഡി അധികൃതര്‍ യഥാസമയം അനുവാദം നല്‍കാത്തതും വെള്ളം മുടങ്ങുന്നതിന് തടസമാവുന്നു. പി.ഡബ്ലു.ഡി അധികൃതരില്‍ നിന്നും റോഡ് കുഴിക്കാന്‍ ദിവസങ്ങള്‍ക്കു മുമ്പ് അനുമതി ലഭിച്ചതായും പൊട്ടിയ പൈപ്പുകള്‍ മാറ്റുന്ന ജോലി തുടങ്ങിയതായും വാട്ടര്‍ അതോറിറ്റി എഞ്ചിനിയര്‍ പി.ആര്‍ ഉഷ വിശദീകരിച്ചു.
Keywords: Water Authority, Power Cut, Water, Office, Women, Thalangara, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.