city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ പി സി സി പുനഃസംഘടന: ജില്ലയ്ക്ക് ഇത്തവണയും കാര്യമായ പരിഗണനയില്ല

കെ പി സി സി പുനഃസംഘടന: ജില്ലയ്ക്ക് ഇത്തവണയും കാര്യമായ പരിഗണനയില്ല
കാസര്‍കോട്: കെ പി സി സി പുനഃസംഘടനയില്‍ കാസര്‍കോട് ജില്ലയ്ക്ക് ഇത്തവണയും കാര്യമായ പരിഗണനയില്ല. ഐ ഗ്രൂപ്പില്‍ നിന്നായാലും എ ഗ്രൂപ്പില്‍ നിന്നായാലും കാസര്‍കോട് ജില്ലയില്‍ നിന്നും ഒരാളെ പോലും കെ പി സി സി ഭാരവാഹിത്വ സ്ഥാനത്തേക്ക് പരിഗണിക്കുന്നില്ല.

കെ മുരളീധരനെ അനുകൂലിക്കുന്ന വിഭാഗത്തിലെ കെ പി കുഞ്ഞിക്കണ്ണന് പരിഗണനയുണ്ടെങ്കിലും കാസര്‍കോട് ജില്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല മാത്രമാണ്. കുഞ്ഞിക്കണ്ണന്റെ സ്വദേശം കണ്ണൂരിലാണ്. കഴിഞ്ഞ തവണ കോടോത്ത് ഗോവിന്ദന്‍ നായരെ കെ പി സി സി വൈസ് പ്രസിഡണ്ടാക്കി കാസര്‍കോടിന് ചെറിയ പരിഗണന നല്‍കിയിരുന്നു.

എന്നാല്‍ 20 ഓളം കെ പി സി സി ഭാരവാഹികളില്‍ ഇത്തവണ കാസര്‍കോടിന്റെ പ്രാതിനിധ്യം മരുന്നിന് പോലുമില്ല. കാസര്‍കോട്ടെ മുതിര്‍ന്ന പല കോണ്‍ഗ്രസ് നേതാക്കളും കെ പി സി സി ഭാരവാഹി സ്ഥാനം സ്വപ്‌നം കണ്ടിരുന്നു. കെ പി സി സി പ്രസിഡന്റാകുന്നില്ലെങ്കില്‍ അഡ്വ സി കെ ശ്രീധരന്‍, പി ഗംഗാധരന്‍ നായര്‍, എം സി ജോസ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ കെ പി സി സി ഭാരവാഹികളാക്കണമെന്ന നിര്‍ദേശം നേരത്തെ ഡി സി സി മുന്നോട്ട് വെച്ചിരുന്നു.

ഡി സി സി പ്രസിഡന്റായി കെ വെളുത്തമ്പു തന്നെ തുടരുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. കെ പി സി സി പുനഃസംഘടനക്ക് പുറമെ നാല്‍പ്പതോളം ബോര്‍ഡ്-കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ കോണ്‍ഗ്രസിനുണ്ട്. അതിലൊന്ന് പോലും കാസര്‍കോട്ടെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ലഭിച്ചില്ല. മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം കെ വെളുത്തമ്പുവിന് നല്‍കി പകരം സി കെ ശ്രീധരനെ ഡി സി സി പ്രസിഡന്റാക്കാനായിരുന്നു നേരത്തെ നീക്കം നടന്നത്.

എന്നാല്‍ വെളുത്തമ്പു തന്നെ ഡി സി സി പ്രസിഡന്റായി തുടരുന്ന സാഹചര്യത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം കണ്ണൂരിലെ നേതാവിന് നല്‍കുന്ന കാര്യമാണ് കെ പി സി സി നേതൃത്വം ചര്‍ച്ച ചെയ്തത്. നേരത്തെ യു ഡി എഫ് ഭരണത്തിലുണ്ടായപ്പോള്‍ എം സി ജോസിനെ റെഡ്‌കോ ചെയര്‍മാനായി നിയമിച്ചിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണ ശരിയായ രീതിയില്‍ ഇല്ലാത്തതാണ് ജില്ലയിലെ കോണ്‍ഗ്രസിന് എം എല്‍ എമാര്‍ ഉണ്ടാകാത്തതിന് കാരണമെന്ന് വിമര്‍ശനമുണ്ട്. പുനഃസംഘടനാ തീരുമാനത്തില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അമര്‍ഷമാണുള്ളത്.

ഇക്കാര്യത്തില്‍ ഇതുവരെ സമവായത്തിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ല. കെ പി സി സി, ഡി സി സി പുനഃസംഘടനാ കാര്യത്തില്‍ രണ്ടാഴ്ചക്കകം തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. വി എം സുധീരന്‍, കെ മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, വയലാര്‍ രവി തുടങ്ങിയ നേതാക്കള്‍ കെ പി സി സി പനഃസംഘടന വൈകുന്നതില്‍ പ്രതിഷേധവുമായി രംഗത്ത് വന്ന സാഹചര്യത്തിലാണ് വീണ്ടും പുനഃസംഘടനാ ചര്‍ച്ച സജീവമായത്.

Keywords: KPCC, DCC, Congress, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia