Petrol Pump | കാറ്റ് നിറക്കാനുള്ള മെഷീൻ പ്രവർത്തനരഹിതം, ശൗചാലയങ്ങളില്ല; ഉപഭോക്താക്കൾക്ക് സൗജന്യമായി നൽകേണ്ട സേവനങ്ങൾ കാസർകോട്ടെ പല പെട്രോൾ പമ്പുകളിലും ലഭ്യമാകുന്നില്ലെന്ന് പരാതി
കുടിവെള്ളം, പ്രത്യേക ശൗചാലയങ്ങൾ, വായു നിറയ്ക്കാനുള്ള സംവിധാനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ സൗജന്യമായി ഒരുക്കേണ്ടത് നിർബന്ധമാണ്
കാസർകോട്: (KasaragodVartha) ഉപഭോക്താക്കൾക്ക് സൗജന്യമായി നൽകേണ്ടതായി കേന്ദ്ര-സംസ്ഥാന സർകാരുകൾ വ്യക്തമാക്കിയിട്ടുള്ള മാർഗനിർദേശങ്ങൾ ജില്ലയിലെ പല പെട്രോൾ പമ്പുകളും ലംഘിക്കുന്നതായി ആക്ഷേപം. ഈ പെട്രോൾ പമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, ശൗചാലയം അടക്കമുള്ള ആവശ്യമായ സൗകര്യങ്ങൾ നൽകുന്നില്ലെന്നാണ് പരാതി. കൂടാതെ, മിക്ക പെട്രോൾ പമ്പുകളിലും കഴിഞ്ഞ കുറേ വർഷങ്ങളായി കാറ്റ് നിറയ്ക്കുന്നതിനുള്ള മെഷീൻ പ്രവർത്തനരഹിതമാണ്.
പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിൻ്റെ മാർഗനിർദേശങ്ങൾ (18.3) അനുസരിച്ച്, പെട്രോൾ പമ്പുകളിൽ കുടിവെള്ളം, പ്രത്യേക ശൗചാലയങ്ങൾ, കാറ്റ് നിറയ്ക്കാനുള്ള സംവിധാനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ സൗജന്യമായി ഒരുക്കേണ്ടത് നിർബന്ധമാണ്. കൂടാതെ ഉപഭോക്താക്കൾക്ക് ലഭ്യമായ ഇന്ധനത്തിൻ്റെ ഗുണനിലവാരവും അളവും പരിശോധിക്കുന്നതിനുള്ള ഉപകരണങ്ങളും ഉണ്ടായിരിക്കണം. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ മതിയായ അഗ്നി സുരക്ഷാ സംവിധാനങ്ങളും സജ്ജീകരിച്ചിരിക്കേണ്ടതുണ്ട്. എന്നാൽ ലാഭക്കൊതിയുള്ള ചില പമ്പുടമകൾ മാർഗനിർദേശങ്ങൾ നഗ്നമായി ലംഘിക്കുകയാണെന്നാണ് വാഹന യാത്രികർ പറയുന്നത്.
കാസർകോട് നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും പെട്രോൾ പമ്പുകളിൽ മിക്കതിലും എയർ നിറയ്ക്കുന്നതിനുള്ള സൗകര്യങ്ങൾ ഇപ്പോഴില്ല. ചില പമ്പുകളിലെ മെഷീനുകൾ കേടായിട്ട് ആഴ്ചകളോളമായി. ചോദിച്ചാൽ കംപ്രസർ പൈപുകൾ പൊട്ടിയെന്ന സ്ഥിരം പല്ലവിയാണ് കേൾക്കുന്നതെന്ന് പെട്രോൾ പമ്പിലെത്തുന്നവർ പറയുന്നു. പുതുതായി തുടങ്ങിയ പമ്പുകളിൽ പോലും എയർ, നൈട്രജൻ എന്നിവ ലഭ്യമല്ല. അവരുടെയും വാദം സമാനമാണ്. നിയമ പ്രകാരം വായു നിറയ്ക്കാൻ ആളെ നിയമിക്കേണ്ടതും പെട്രോൾ പമ്പുടമകളുടെ ചുമതലയാണ്.
ശൗചാലയങ്ങൾ ഉള്ള പമ്പുകളിലാകട്ടെ മിക്കയിടത്തും അവ വൃത്തിഹീനമാണ്. ചില സ്ഥലങ്ങളിൽ ടോയ്‌ലറ്റ് സ്ഥിതിചെയ്യുന്നത് ഏറ്റവും ദൂരെയുള്ള മൂലയിലോ പെട്രോൾ പമ്പ് ഉടമയുടെ ഓഫീസിലോ ഉപഭോക്താക്കൾക്ക് അദൃശ്യമായ സ്ഥലത്തോ ആണ്. രാത്രി കാലങ്ങളിൽ യാത്ര ചെയ്യുന്നവർ പ്രത്യേകിച്ച് അവധിക്കാലങ്ങളിൽ കുടുംബവുമായി യാത്ര ചെയ്യുന്നവർക്ക് ശൗചാലയം, വാഹനത്തിൽ എയർ നിറയ്ക്കുന്നതിനുള്ള സംവിധാനം തുടങ്ങിയ സൗകര്യങ്ങൾ അത്യാവശ്യമായി വരാറുണ്ട്.
പെട്രോൾ പമ്പിൽ പൊതുജനങ്ങൾക്ക് ഫോൺ കോൾ സൗകര്യവും ലഭ്യമാക്കേണ്ടതുണ്ട്. ആർക്കെങ്കിലും അടിയന്തിരമായി കോൾ ചെയ്യേണ്ടി വരികയും അവരുടെ ഫോണിൽ നെറ്റ്‌വർക് പ്രശ്‌നമോ എന്തെങ്കിലും കാരണത്താൽ കോൾ കണക്റ്റ് ചെയ്യുന്നില്ലെങ്കിലോ പെട്രോൾ പമ്പിൽ പോയി സൗജന്യമായി വിളിക്കാം. ഓരോ പെട്രോൾ പമ്പിലും ഫസ്റ്റ് എയ്ഡ് ബോക്സ് ഉണ്ടായിരിക്കേണ്ടതും അത്യാവശ്യമാണ്. അതിൽ ജീവൻ രക്ഷാ മരുന്നുകളും മറ്റും അടങ്ങിയിരിക്കണം.
രാജ്യത്തെ ഏതെങ്കിലും പമ്പിൽ സൗജന്യ സേവനങ്ങൾ ലഭ്യമല്ലെങ്കിൽ, അതിനെക്കുറിച്ച് പരാതിപ്പെടാവുന്നതാണ്. പരാതി ശരിയാണെന്ന് കണ്ടെത്തിയാൽ ആ പമ്പിൻ്റെ ലൈസൻസ് റദ്ദാക്കാനുമുള്ള വകുപ്പുണ്ട്. എന്നാൽ നിയമത്തിന്റെ നൂലാമാലകൾ കാരണം മിക്കവരും നിയമനടപടികളിൽ നിന്ന് മാറിനിൽക്കുകയാണ് പതിവ്. ജനങ്ങൾക്ക് അത്യാവശ്യമായ സംവിധാനങ്ങൾ ഒരുക്കാനെങ്കിലും പെട്രോൾ പമ്പ് ഉടമകൾ രംഗത്തുവരണമെന്നാണ് ജനങ്ങളുടെ ആവശ്യം.