നിസാറിന്റെ മരണം കൊലയെന്ന് സൂചന; ഗോവ പോലീസ് സുഹൃത്തിനെതേടുന്നു
Sep 1, 2012, 12:23 IST
നിസാറിനൊപ്പം ഉണ്ടായിരുന്ന അടുക്കത്ത്ബയല്‍ സ്വദേശി ആഷിറിനെതേടി ഗോവാപോലീസ് കാസര്‍കോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്. ഒരു സബ്ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണത്തിനായി കാസര്‍കോട്ടേക്ക് തിരിച്ചിട്ടുള്ളത്. ആഗസ്റ്റ് 29 നാണ് ഇവര്‍ ഗോവയിലെ ലോഡ്ജില്‍ മുറിയെടുത്തത്. മുറിയെടുക്കുമ്പോള്‍ ആഷിറിന്റെ ഡ്രൈവിംഗ് ലൈസന്സ്കോപ്പിയും മൊബൈല്‍ നമ്പറുമാണ് നല്‍കിയിരുന്നത്.
വ്യാഴാഴ്ച ഉച്ചയോടെ റൂംബോയ് മുറി വൃത്തിയാക്കാന്‍ എത്തിയപ്പോഴാണ് നിസാറിനെ കിടക്കയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂക്കില്‍ നിന്ന് രക്തം വന്നനിലയിലായിരുന്നു. പിന്നീട് പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് ഗോവയിലെ സാമൂഹ്യപ്രവര്‍ത്തകനായ രാജന്‍പിള്ളയെ ബന്ധപ്പെട്ട് വിവരം നാട്ടിലറിയിക്കുകയുമായിരുന്നു. നിസാറിന്റെ മരണത്തിനുപിന്നില്‍ സുഹൃത്തുതന്നെയാണെന്നാണ് ഇപ്പോള്‍ പോലീസ് സംശയിക്കുന്നത്. സുഹൃത്ത് നാടകീയമായി മുങ്ങിയതാണ് സംശയം ബലപ്പെടാന്‍ കാരണം. ഗോവാ കല്ലങ്കോട് ബീച്ചിലെ ഒരു ചെറിയ ലോഡ്ജിലാണ് ഇരുവരും മുറിയെടുത്തത്. എന്തിനാണ് ഇവര്‍ ഗോവയിലെത്തിയതെന്ന് ഇനിയും അറിവായിട്ടില്ല. വിനോദയാത്രയ്ക്കായിരിക്കാം ഇവര്‍ എത്തിയതെന്നാണ് കരുതുന്നത്.
ഏതാനും ആല്‍ബങ്ങളിലും, മാപ്പിളപ്പാട്ട് ഗാനങ്ങളിലും അഭിനയിച്ചിട്ടുള്ള നിസാര്‍ ഗോവയിലേക്ക് പോകുന്ന വിവരം ഭാര്യ പാലക്കുന്നിലെ ഫൗസിയയെ നേരത്തെ അറിയിച്ചിരുന്നു. മുങ്ങിയ സുഹൃത്ത് ആഷിറിനെ കണ്ടെത്തിയാല്‍ മാത്രമെ മരണം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുള്ളു. ആഷിറിന്റെ മൊബൈല്‍ നമ്പര്‍ ട്രൈസ് ചെയ്ത് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകിട്ടിയത്.
ശനിയാഴ്ച രാവിലെ 9.30 മണിയോടെ മയ്യത്ത് കാസര്കോട്ടെത്തിക്കുകയും തളങ്കര മാലിക്ക് ദീനാര്‍ പള്ളിയില്‍ കുളിപ്പിച്ച ശേഷം വിട്ടിലെത്തിച്ച് തുടന്നു ദേളി ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കുകയും ചെയ്തു. വന്‍ ജനാവലിയാണ് ദേളിയിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്.
Keywords: Deli, Lodge, Police, Death, Mobile, Malik Deenar, Kerala, Kasaragod, Nisar