Nileshwaram | നീലേശ്വരം ആസ്ഥാനമായി 5-ാമത്തെ താലൂകിന് കളമൊരുങ്ങുന്നു; സര്‍വകക്ഷി യോഗം ഒറ്റക്കെട്ട്

● നീലേശ്വരം താലൂക്ക് രൂപീകരണത്തിന് സർവകക്ഷി പിന്തുണ.
● പുതിയ താലൂക്കിൽ നീലേശ്വരം നഗരസഭയും സമീപ പഞ്ചായത്തുകളും.
● താലൂക്ക് ആസ്ഥാനത്തിന് എല്ലാ സൗകര്യങ്ങളും ഒരുക്കാൻ നഗരസഭ തയ്യാർ.
● പ്രാദേശിക വികസനത്തിന് പുതിയ താലൂക്ക് സഹായകമാകും.
കാഞ്ഞങ്ങാട്: (KasargodVartha) നീലേശ്വരം ആസ്ഥാനമായി അഞ്ചാമത്തെ താലൂക്കിന് കളമൊരുങ്ങുന്നു. പുതിയ താലൂക്ക് രൂപീകരിക്കാന്‍ വ്യാഴാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയ പാര്‍ടികളുടെ പ്രതിനിധി യോഗം ഐക്യകണ്‌ഠേന സംസ്ഥാന സര്‍കാറിനോട് ശിപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
നീലേശ്വരം താലൂക് ഉള്‍പെടെയുള്ള നിവേദനം നേരത്തെ മുഖ്യമന്ത്രിക്ക് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ജില്ലയിലെ രാഷ്ട്രീയ പാര്‍ടി നേതൃത്വത്തിന്റെ അഭിപ്രായമറിയാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
കലക്ടറുടെ നിര്‍ദേശപ്രകാരമാണ് ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ ടി ജയപ്രസാദ് ഹൊസ്ദുര്‍ഗ് മിനി സിവില്‍ സ്റ്റേഷനില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ഹൊസ്ദുര്‍ഗ് താലൂകിനെ വിഭജിച്ച് നീലേശ്വരം ആ സ്ഥാനമായി പുതിയ താലൂക് വേണമെന്ന കാര്യത്തില്‍ ധാരണയാവുകയും ചെയ്തു.
നീലേശ്വരം നഗരസഭക്ക് പുറമെ ചെറുവത്തൂര്‍, പിലിക്കോട്, ചീമേനി, വലിയപറമ്പ, തൃക്കരിപ്പൂര്‍ പഞ്ചായതുകള്‍ ഉള്‍പെട്ടതാകും പുതുതായി രൂപീകരിക്കുന്ന നീലേശ്വരം താലൂക്. പുതുതായി നിലവില്‍ വരുന്ന നീലേശ്വരം താലൂക് ആസ്ഥാനത്തിന് എല്ലാ ഭൗതിക സാഹചര്യവും ഒരുക്കാന്‍ നീലേശ്വരം നഗരസഭ തയ്യാറാണെന്ന് ചെയര്‍പേഴ്സണ്‍ ടി വി ശാന്ത പറഞ്ഞു.
തഹസില്‍ദാര്‍ പി വി തുളസി രാജ്, സിപിഎം ഏരിയാ സെക്രടറി എം രാജന്‍, സിപിഐ നേതാവ് ബങ്കളം കുഞ്ഞികൃഷ്ണന്‍, കോണ്‍ഗ്രസ് എസ് സംസ്ഥാന കമിറ്റി അംഗം കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, ഐഎന്‍എല്‍ ജില്ലാ പ്രസിഡണ്ട് എം ഹമീദ് ഹാജി, ബിജെപി നേതാവ് രാജീവന്‍ കെ, യു കെ ജയപ്രകാശ് ആര്‍ജെഡി, പി പി അടിയോടി മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
നീലേശ്വരം ആസ്ഥാനമായി താലൂക് വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂരിപ്പാട് മത്സരിച്ച് ജയിച്ച നീലേശ്വരം മണ്ഡലത്തിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ നീലേശ്വരം താലൂക് രൂപീകരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഇതിനായി താലൂക് രൂപീകരിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ കമീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. പിന്നീട് കാസര്‍കോട് ജില്ല രൂപീകരിക്കുമ്പോള്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനും നീലേശ്വരം താലൂക് രൂപീകരിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഈ വാഗ്ദാനങ്ങള്‍ ഒന്നും നടപ്പായില്ല. ജില്ലാ രൂപീകരിക്കുമ്പോള്‍ കാസര്‍കോട്, ഹൊസ്ദുര്‍ഗ് എന്നീ രണ്ട് താലൂകുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
പിന്നീട് ഉമ്മന്‍ ചാണ്ടി സര്‍കാര്‍ മഞ്ചേശ്വരം, വെള്ളരിക്കുണ്ട് താലൂകുകള്‍ രൂപീകരിച്ചപ്പോഴും നീലേശ്വരം താലൂക് എന്ന ആവശ്യം അവഗണിക്കപ്പെടുകയായിരുന്നു. നീലേശ്വരം ആസ്ഥാനമായി താലൂക് അനുവദിക്കണമെന്ന് നാല് കമീഷനുകള്‍ സര്‍കാരിന് റിപോര്‍ട് നല്‍കിയെങ്കിലും മാറി മാറി വന്ന സര്‍കാരുകള്‍ ഈ റിപോര്‍ടിനെ അവഗണിക്കുകയായിരുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെക്കുക.
A meeting of various political parties' representatives held at Hosdurg Mini Civil Station on Thursday decided to recommend to the state government the formation of a new taluk with Nileshwaram as its headquarters. This follows a long-standing demand for the creation of a separate taluk for Nileshwaram.
#NileshwaramTaluk #Kasargod #Kerala #NewTaluk #LocalGovernance #Development