നീലേശ്വരം റെയിൽവേ സ്റ്റേഷന് പുതിയ മുഖം; 4 കോടിയുടെ ടെൻഡർ ക്ഷണിച്ചു

● ആധുനിക പ്രവേശന കവാടം നിർമ്മിക്കും.
● പാർക്കിംഗ് സമുച്ചയം ഉണ്ടാകും.
● ആറ് മാസത്തിനകം നിർമ്മാണം പൂർത്തിയാകും.
● കൂടുതൽ തുക അനുവദിക്കാൻ സാധ്യത.
നീലേശ്വരം: (KasargodVartha) റെയിൽവേ സ്റ്റേഷൻ പുതിയ കെട്ടിടത്തിനായി ടെൻഡർ ക്ഷണിച്ചു. ഏകദേശം നാല് കോടി രൂപയാണ് ഇതിനായി ആദ്യഘട്ടത്തിൽ അനുവദിച്ചിരിക്കുന്നത്. പുതിയ സ്റ്റേഷൻ കെട്ടിടത്തോടൊപ്പം അത്യാധുനിക പ്രവേശന കവാടവും, പടിഞ്ഞാറ് ഭാഗത്തുള്ള ഗാന്ധി പ്രതിമയ്ക്ക് താഴെയായി പുതിയ പാർക്കിംഗ് സമുച്ചയവും നിർമ്മിക്കുന്നതിനുള്ള ടെൻഡറാണ് ഇപ്പോൾ വിളിച്ചിരിക്കുന്നത്.
ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂൺ 19 ആണ്. നിർമ്മാണത്തിന് ഏകദേശം ആറ് മാസത്തെ സമയമാണ് കണക്കാക്കുന്നത്. നിർമ്മാണത്തിന്റെ പുരോഗതി അനുസരിച്ച്, ഡിവിഷണൽ റെയിൽവേ മാനേജരുടെ പ്രത്യേക അധികാരം ഉപയോഗിച്ച് കൂടുതൽ തുക അനുബന്ധ പ്രവർത്തികൾക്കായി അനുവദിക്കും.
2024-ൽ പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ അരുൺകുമാർ ചതുർവേദി നീലേശ്വരം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചപ്പോൾ, നീലേശ്വരം റെയിൽവേ ഡെവലപ്മെന്റ് കളക്ടീവ് (എൻ ആർ ഡി സി) ഭാരവാഹികൾ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ആറ് മാസമായി എൻ ആർ ഡി സി മുഖ്യ രക്ഷാധികാരിയും കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിലെ ഡയറക്ടർ ജനറലുമായ പി മനോജ് കുമാർ നടത്തിയ ഇടപെടലുകളും ഈ പദ്ധതിക്ക് നിർണായകമായി. തീവണ്ടികളുടെ സമയവിവരങ്ങൾ നൽകുന്ന ഇലക്ട്രോണിക് ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ഇതിനോടകം തന്നെ സ്റ്റേഷന്റെ പ്രവേശന കവാടത്തിലും പ്ലാറ്റ്ഫോമുകളിലുമായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചു കഴിഞ്ഞു.
2024-25 സാമ്പത്തിക വർഷത്തിൽ യാത്രാ ടിക്കറ്റുകളിൽ നിന്ന് മാത്രം എട്ട് കോടി രൂപയാണ് സ്റ്റേഷന്റെ വരുമാനം. ദിവസവും ശരാശരി 6500 യാത്രക്കാർ നീലേശ്വരം റെയിൽവേ സ്റ്റേഷൻ വഴി യാത്ര ചെയ്യുന്നുണ്ട്.
നീലേശ്വരം റെയിൽവേ സ്റ്റേഷന്റെ വികസനത്തിന് ക്രിയാത്മകമായ പിന്തുണ നൽകുന്ന പാലക്കാട് റെയിൽവേ ഡിവിഷൻ മാനേജരെ എൻ ആർ ഡി സി യോഗം അഭിനന്ദിച്ചു. പ്രസിഡണ്ട് എൻ സദാശിവൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഡോ വി സുരേശൻ, സി എം സുരേഷ് കുമാർ, പി യു ചന്ദ്രശേഖരൻ, ബാബുരാജ് കൗസല്യ എന്നിവർ സംസാരിച്ചു. സെക്രട്ടറി എം വിനീത് സ്വാഗതവും ഗീത റാവു നന്ദിയും പറഞ്ഞു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക! ഷെയർ ചെയ്യുക
Summary: Nileshwaram Railway Station is set for a major upgrade with a ₹4 crore tender issued for a new station building, modern entrance, and parking complex. The project is expected to take six months.
#NileshwaramRailwayStation, #RailwayDevelopment, #KeralaNews, #Infrastructure, #PalakkadDivision, #NewBuilding