Investigation | വെടിപ്പുരക്ക് തീപിടിച്ചുണ്ടായ അപകടം: അനുമതി ഉണ്ടായിരുന്നില്ലെന്ന് കലക്ടറും ജില്ലാ പൊലീസ് മേധാവിയും; 'പടക്കപുരയും കാണികളും തമ്മിൽ അകലം ഉണ്ടായിരുന്നില്ല'; കേസെടുത്തത് 8 പേർക്കെതിരെ
● അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ട മഹോത്സവത്തിനിടയിലാണ് അപകടം.
● നിരവധി പേർക്ക് പൊള്ളലേറ്റു.
● വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
നീലേശ്വരം: (KasargodVartha) അപകടമുണ്ടായ തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തുന്നതിനായി അനുമതിയുണ്ടായിരുന്നില്ലെന്ന് ജില്ലാ കലക്ടര്‍ കെ ഇമ്പശേഖർ പറഞ്ഞു. വെടിക്കെട്ട് നടത്തുന്നതിനുള്ള അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നില്ല. സംഘാടകരെ കസ്റ്റഡില്‍ എടുത്തിട്ടുണ്ട്. അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനുമതിയില്ലാതെയാണ് പടക്കശേഖരം സൂക്ഷിച്ചിരുന്നതെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്നും ജില്ലാ പൊലീസ് മേധാവി ഡി ശിൽപ പറഞ്ഞു. കളിയാട്ടത്തിനെത്തിയ ആളുകൾ കൂടിനിന്ന സ്ഥലത്തു തന്നെയാണ് പടക്കങ്ങൾ സൂക്ഷിച്ചിരുന്നത്. വെടിക്കെട്ട് നടത്തുന്ന സ്ഥലത്തും പടക്കശേഖരം സൂക്ഷിച്ചിരുന്ന സ്ഥലത്തും തമ്മിൽ നിശ്ചിത അകലം പാലിച്ചിരുന്നില്ലെന്നും ആക്ഷേപമുണ്ട്.

അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ട മഹോത്സവത്തിനിടയിൽ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ 154 പേർക്ക് പരിക്കേറ്റ സംഭവത്തിൽ നീലേശ്വരം പൊലീസ് ക്ഷേത്രകമ്മിറ്റി അംഗങ്ങളായ എട്ട് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരിൽ ക്ഷേത്ര കമിറ്റിയുടെ പ്രസിഡന്റ് ഭരതൻ, സെക്രടറി ചന്ദ്രശേഖരൻ എന്നിവരെ നേരത്തെ തന്നെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വെടി പൊട്ടിത്തെറിച്ചാണ് വെടിപ്പുരയ്ക്ക് തീ പിടിച്ചതെന്നും ആവശ്യമായ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും എഫ്ഐആറിൽ പറയുന്നു. പടക്കപുരയും കാണികളും തമ്മിൽ ആവശ്യത്തിന് അകലം പാലിക്കാത്തതായിരുന്നു മറ്റൊരു ഗുരുതരമായ വീഴ്ച. അനുമതിയില്ലാതെയും നിശ്ചിത മാനദണ്ഡങ്ങൾ ലംഘിച്ചുമാണ് വെടിക്കെട്ട് നടത്തിയതെന്നും എഫ്‌ഐആറിൽ പരാമർശിക്കുന്നു.
#NileshwaramAccident #Kerala #TempleFestival #SafetyFirst #JusticeForVictims






