Tragedy | നീലേശ്വരം അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചിലവ് സംസ്ഥാന സർക്കാർ വഹിക്കും

● അപകടത്തിൽ 154 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
● 8 പേരുടെ നില ഗുരുതരമാണ്.
● 21 പേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
നീലേശ്വരം: (KasargodVartha) തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽ നടന്ന കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപ്പിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ക്ഷേത്രത്തിൽ നടന്ന കളിയാട്ടത്തിനിടെ പടക്കം പൊട്ടിച്ചതിന്റെ തീപ്പൊരി സമീപത്തെ വെടിപ്പുരയിലേക്ക് തെറിച്ചാണ് വൻ സ്‌ഫോടനമുണ്ടായത്.
ദുരന്തത്തിൽ 154 പേർക്ക് പരിക്കേറ്റിട്ടുണ്ട്, ഇതിൽ എട്ടുപേരുടെ നില ഗുരുതരമാണ്. ഇരുപത്തൊന്നു പേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നു. സംഭവത്തിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, പടക്കത്തിന് തീ കൊളുത്തിയയാൾ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് സമീപത്തുതന്നെ പടക്കം പൊട്ടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പരിക്കേറ്റവർ കേരളത്തിലെയും കർണാടകയിലെയും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നവംബർ ഒന്നിന് നടത്താനിരുന്ന നീലേശ്വരം ഉത്തര മലബാർ ജലോത്സവം മാറ്റിവെച്ചു. പകരം നവംബർ 17ന് നടക്കും.
#KeralaAccident #Nileshwaram #TempleFestival #Firecracker #SafetyFirst