Investigation | നീലേശ്വരം അപകടം: എഡിഎം അന്വേഷണം നടത്തി റിപ്പോർട്ട് നൽകുമെന്ന് കലക്ടർ; മന്ത്രി പി രാജീവ് സ്ഥലം സന്ദർശിക്കും
● അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലായിരുന്നു അപകടം.
● മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം സമയത്തായിരുന്നു സംഭവം.
● പല ആശുപത്രികളിലായി 101 പേരെ പ്രവേശിപ്പിച്ചു.
നീലേശ്വരം: (KasargodVartha) അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽ നടന്ന കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപ്പിടിച്ച് നിരവധി പേർക്ക് പരുക്കേറ്റ സംഭവത്തിൽ കാസർകോട് എഡിഎം അന്വേഷണം നടത്തി റിപോർട് സമർപ്പിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. വ്യവസായ മന്ത്രി പി രാജീവ് അപകടം ഉണ്ടായ ക്ഷേത്രം ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ സന്ദർശിക്കും.
ചൊവ്വാഴ്‌ച പുലർച്ചെ 12.15-ഓടെയായിരുന്നു അപകടം. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോൾ, തീപ്പൊരി പടക്കം സൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ക്ഷേത്രമതിലിനോട് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്.
അപകടത്തിൽ 154 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ 101 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 101 പേരിൽ 80 പേർ വാർഡിലും 21 പേർ ഐസിയുവിലുമാണ്. ഐസിയുവിൽ കിടക്കുന്ന 21 പേരിൽ ഏഴ് പേർ വെന്റിലേറ്ററിൽ ആണ്. ഒരാളുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കണ്ണൂർ ചാലയിലെ ആസ്റ്റർ മിംസിൽ 25 പേരും, കോഴിക്കോട് മിംസിൽ ആറ് പേരും, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എട്ട് പേരും, അരിമല ആശുപത്രിയിൽ രണ്ട് പേരും, സഞ്ജീവനി ആശുപത്രിയിൽ എട്ട് പേരും, മൻസൂർ ആശുപത്രിയിൽ അഞ്ച് പേരും, ദീപ ആശുപത്രിയിൽ ഒരാളും, അയിഷാൽ ആശുപത്രിയിൽ 16 പേരും, പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ അഞ്ച് പേരും, ചെറുവത്തൂർ കെഎച്ച് ആശുപത്രിയിൽ ഒരാളും, മംഗ്ളൂരിലെ എ.ജെ. മെഡിക്കൽ കോളജിൽ 21 പേരും, കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ മൂന്ന് പേരും ചികിത്സയിൽ കഴിയുന്നു.
#NileshwaramAccident #Kerala #TempleFestival #SafetyFirst #Investigation