നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്; കുടിവെള്ളത്തിനും കൃഷിക്കും മുന്‍ഗണന
Apr 1, 2012, 01:11 IST
നീലേശ്വരം: ആരോഗ്യം, കുടിവെള്ളം, കൃഷി, ഭവനം, തൊഴില്‍ സംരംഭങ്ങള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. മാതൃ- ശിശുസംരക്ഷണത്തിനും പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുമെന്ന് വൈസ് പ്രസിഡന്റ് എം ശാന്ത അവതരിപ്പിച്ച ബജറ്റില്‍ ഉറപ്പുനല്‍കുന്നു. 14,88,24,800 ചെലവും 15,02,18,000 രൂപ വരവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ആരോഗ്യ മേഖലയില്‍ ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കും. സഞ്ചരിക്കുന്ന ആതുരാലയം സ്‌നേഹപഥം ശക്തിപ്പെടുത്തും. തരിശുഭൂമികള്‍ കൃഷിയോഗ്യമാക്കാനുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനവും നടപ്പാക്കും. വനിതകള്‍ക്കുള്ള തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ ഉല്‍പാദനമേഖല ശക്തിപ്പെടുത്തി ബ്ലോക്കിനകത്തെ കൃഷിയോഗ്യമായ മുഴുവന്‍ ഇടങ്ങളും കൃഷി ചെയ്യും. നെല്‍കൃഷിയുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കും. പാടത്തിന്റെ സ്വഭാവത്തിന് മാറ്റം വരുത്താതെ വിള പരിവര്‍ത്തന സാധ്യത പ്രയോജനപ്പെടുത്താന്‍ പാടശേഖര സമിതികളെ പ്രോത്സാഹിപ്പിക്കും.
കരകൃഷി പ്രോത്സാഹിപ്പിക്കല്‍, തരിശുരഹിത പ്രദേശമാക്കി മാറ്റുക, പറമ്പ് കൃഷിക്കായി പൊതുസംഘങ്ങളെ പ്രയോജനപ്പെടുത്തല്‍, സീറോ വേസ്റ്റ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കല്‍, മുഴുവന്‍ വീടുകളിലും ജൈവമാലിന്യ സംസ്‌കരണ സാധ്യതകള്‍ പ്രയോജനപ്പെടുത്തല്‍ എന്നിവയും നടപ്പാക്കും. സ്ത്രീ ശാക്തീകരണവും പുരുഷസംഘങ്ങളുടെ പ്രവര്‍ത്തനവും കാര്യക്ഷമമാക്കും. പട്ടികജാതി- വര്‍ഗ ക്ഷേമത്തിന്റെ ഭാഗമായി കോളനികളുടെ പിന്നോക്കാവസ്ഥക്ക് പരിഹാരം, വീട്, കുടിവെള്ളം, തൊഴില്‍, ആരോഗ്യസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടപ്പാക്കും. പശ്ചാത്തല മേഖലയ്ക്കും ബജറ്റില്‍ മുന്തിയ പരിഗണനയുണ്ട്. പ്രസിഡന്റ് ടി വി ഗോവിന്ദന്‍ അധ്യക്ഷനായി.
Keywords: Nileshwaram, Block Panchayath Budget, Kasaragod