Development | നീലേശ്വരത്ത് റോഡുകൾ മിനുങ്ങുന്നു, കാസർകോട്ട് പി.എസ്.സിക്ക് സ്വന്തം കെട്ടിടം
● കാസർകോട്ട് പി.എസ്.സി കെട്ടിടം നിർമ്മിക്കുന്നതിന് 8.27 കോടി രൂപയുടെ ഭരണാനുമതി.
● 1.5 കിലോമീറ്റർ ദൂരത്തിൽ 3.80 മീറ്റർ മുതൽ ഏഴ് മീറ്റർ വീതി വരെ മെക്കാഡം ടാറിംഗ് ചെയ്തു ആധുനികവൽക്കരിക്കുന്ന പദ്ധതി
കാസർകോട്: (KasargodVartha) ജില്ലയുടെ സാംസ്കാരിക തലസ്ഥാനമായ നീലേശ്വരത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിക്ക് ശനിയാഴ്ച തുടക്കമാകും. നീലേശ്വരം ബസാർ തളിയിൽ അമ്പലം റോഡ് അടക്കം അഞ്ച് റോഡുകളുടെ ആധുനികവൽക്കരണത്തിന് ശനിയാഴ്ച (നവംബർ 23) ഉച്ചയ്ക്ക് മൂന്ന് മണിക്ക് എം.രാജഗോപാലൻ എം.എൽ.എ തറക്കല്ലിടും.
നീലേശ്വരം നഗരഹൃദയത്തിലൂടെ കടന്നുപോകുന്ന നീലേശ്വരം രാജാറോഡുമായി ബന്ധിപ്പിക്കുന്ന നീലേശ്വരം ബസാർ - തളിയിൽ അമ്പലം റോഡ്, ശ്രീവത്സം - തെരുറോഡ്, നീലേശ്വരം വില്ലേജ് ഓഫീസ് - തളിയിൽ അമ്പലം റോഡ്, ശ്രീവത്സവം - രാജാറോഡ് ലിങ്ക് റോഡ്, ചിറ - കരിഞ്ചാത്തം വയൽ റോഡ് എന്നീ അഞ്ച് മുനിസിപ്പൽ റോഡുകളെ കണക്ട് ചെയ്തു 1.5 കിലോമീറ്റർ ദൂരത്തിൽ 3.80 മീറ്റർ മുതൽ ഏഴ് മീറ്റർ വീതി വരെ മെക്കാഡം ടാറിംഗ് ചെയ്തു ആധുനികവൽക്കരിക്കുന്ന പദ്ധതിയാണ് ഇത്.
ശ്രീവത്സം - തെരുവ് റോഡിന് രണ്ട് ഭാഗത്തും, മറ്റ് റോഡുകളിൽ ഒരു ഭാഗത്തും ഡ്രെയിനേജ് സിസ്റ്റം, കവറിംഗ് സ്ലാബ്, കൽവെർട്ട്, ഇന്റർലോക്ക് നടപ്പാത, ഹാൻഡ്റയിൽ എന്നിവയോടൊപ്പം സുരക്ഷാ സംവിധാനങ്ങളായ സെന്റർ ലൈൻ, സ്റ്റഡ്, സൂചന ബോർഡുകൾ എന്നിവയുമാണ് 2021-22 സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ ഈ പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
കാസർകോട്ട് പി.എസ്.സിക്ക് സ്വന്തം കെട്ടിടം വരുന്നു
മറുവശത്ത്, കാസർകോട്ട് പി.എസ്.സിക്ക് സ്വന്തമായ ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് എട്ട് കോടി 27 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. നിലവിൽ കാസർഗോട് നഗരത്തിലെ പരിമിതികളുള്ള വാടക കെട്ടിടത്തിലാണ് പി.എസ്.സി ഓഫീസ് പ്രവർത്തിക്കുന്നത്. അണങ്കൂരിൽ മനോഹരമായ പി.എസ്.സി (Public Servise Commission) ജില്ലാ ഓഫീസ് ഉയർന്ന് വരുന്നതോടെ ജില്ലയുടെ വികസനം ത്വരിതപ്പെടുകയും ഉദ്യോഗാർത്ഥികൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാകുകയും ചെയ്യുമെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അറിയിച്ചു.
ഈ രണ്ട് പദ്ധതികളും കാസർഗോഡ് ജില്ലയുടെ വികസനത്തിൽ വലിയ നാഴികക്കല്ലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
#KasaragodDevelopment #KeralaRoads #InfrastructureUpdate #PSCBuilding #Nileshwar #UrbanPlanning